സദാചാര പോലീസിങ് വേണ്ട, മത - ജാതി- രാഷ്ട്രീയ - വിവേചനം കാണിക്കരുത്:   പോലീസ് നയം വ്യക്തമാക്കി സിദ്ധരാമയ്യ

സദാചാര പോലീസിങ് വേണ്ട, മത - ജാതി- രാഷ്ട്രീയ - വിവേചനം കാണിക്കരുത്: പോലീസ് നയം വ്യക്തമാക്കി സിദ്ധരാമയ്യ

പൊലീസിലെ കാവിവത്കരണം നിർത്തണമെന്ന് ഡി കെ ശിവകുമാർ. ലഹരി മാഫിയകൾ സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ കൂടുതൽ ജാഗ്രത വേണം

കർണാടക സർക്കാർ അധികാരമേറ്റ ശേഷം വിളിച്ചു ചേർത്ത പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിൽ സർക്കാരിന്റെ നയം വ്യക്തമാക്കി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ പോലെ വിവേചനപരമായി പൊതു ജനങ്ങളോട് പെരുമാറാനാവില്ലെന്ന കർശന നിർദേശമാണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയത്. നിയമ വാഴ്ച നടപ്പാക്കുമ്പോൾ മതപരമോ ജാതി പരമോ രാഷ്ട്രീയമോ ആയ ഒരു വിവേചനവും കാണിക്കരുത്. സദാചാര പോലീസിങ്ങിനു സംസ്ഥാനത്തു അറുതി ഉണ്ടാവണം. സമൂഹ സൗഹാർദവും സമാധാന അന്തരീക്ഷവും തകരുന്ന വിധ്വംസക പ്രവർത്തികൾ മുളയിലേ നുള്ളണം. സമൂഹ മാധ്യമങ്ങളിലൂടെ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിലെ ഉന്നതർക്ക് നിർദേശം നൽകി.

സമൂഹ മാധ്യമങ്ങളിലൂടെ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം

പോലീസിലെ കാവി വത്കരണം അനുവദിക്കില്ല. കർണാടകയിലെ ജനങ്ങൾ മാറ്റത്തിനായാണ് കോൺഗ്രസിനു വോട്ടു ചെയ്തത്. ആ സർക്കാർ അധികാരമേറ്റു കഴിഞ്ഞു . ഇനിയൊന്നും പഴയതു പോലെ നടപ്പില്ലെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പോലീസ് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. ലഹരി മാഫിയകൾക്കെതിരെയും സൈബർ കുറ്റകൃത്യങ്ങൾക്കെതിരേയും കൂടുതൽ ജാഗ്രത കാണിക്കാനും പോലീസിന് സർക്കാർ നിർദേശം നൽകി. സാധാരണക്കാരൻ പരാതിയുമായി വരുമ്പോൾ അവരെ ശ്രദ്ധയോടെ കേൾക്കാൻ തയ്യാറാകണമെന്നും കർണാടക ഡി ജി പി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

സാധാരണക്കാരൻ പരാതിയുമായി വരുമ്പോൾ അവരെ ശ്രദ്ധയോടെ കേൾക്കാൻ തയ്യാറാകണം

കർണാടകയിൽ പോലീസ് ഭരണകൂടത്തിന്റെ ചട്ടുകമായി വർത്തിക്കുന്നുവെന്ന ആരോപണമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ട പ്രധാന വിമര്‍ശനം. വർഗീയതയും മത സ്പർദ്ധയും ഉണ്ടാക്കുന്ന നിരവധി സംഭവങ്ങളില്‍ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നും എന്ന ആരോപണവും ഉയർന്നിരുന്നു. പ്രത്യേക മത വിഭാഗങ്ങൾക്കെതിരെ നിരവധി തവണ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇതില്‍ കാര്യക്ഷമമായി ഇടപെടുന്നതിലും പോലീസ് പരാജയമാണെന്നായിരുന്നു ആക്ഷേപം.

logo
The Fourth
www.thefourthnews.in