കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റകൃത്യം നടത്തിയത് സഞ്ജയ് റോയ് ഒറ്റയ്ക്ക്, കൂട്ടബലാത്സംഗ ആരോപണം തള്ളി സിബിഐ കുറ്റപത്രം

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റകൃത്യം നടത്തിയത് സഞ്ജയ് റോയ് ഒറ്റയ്ക്ക്, കൂട്ടബലാത്സംഗ ആരോപണം തള്ളി സിബിഐ കുറ്റപത്രം

ജൂനിയർ ഡോക്ടറുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഡിവൈസാണ് സഞ്ജയ് റോയിയുടെ അറസ്റ്റിലേക്ക് നയിച്ചത്
Published on

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സെൻട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) കുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ്‌ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു.

കൊല്‍ക്കത്ത സീല്‍ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിട്ട് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒൻപതിനാണ് കുറ്റകൃത്യം ചെയ്തത്. ജൂനിയർ ഡോക്ടർ സെമിനാർ ഹാളില്‍ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ തുടർന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേർത്തു.

സംഭവത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10-ാം തീയതി തന്നെ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സഞ്ജയ് പിന്നീട് നടന്ന പോളിഗ്രാഫ് പരിശോധനയില്‍ വിസമ്മതിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു സഞ്ജയ് പോളിഗ്രാഫ് പരിശോധനയില്‍ പറഞ്ഞത്.

ജൂനിയർ ഡോക്ടറുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഡിവൈസാണ് സഞ്ജയ് റോയിയുടെ അറസ്റ്റിലേക്ക് നയിച്ചത്. സെമിനാർ ഹോളുള്ള ആശുപത്രിയുടെ മൂന്നാം നിലയില്‍ സഞ്ജയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റകൃത്യം നടത്തിയത് സഞ്ജയ് റോയ് ഒറ്റയ്ക്ക്, കൂട്ടബലാത്സംഗ ആരോപണം തള്ളി സിബിഐ കുറ്റപത്രം
'സർക്കാർ സ്‌പോൺസേഡ് കൊലപാതകം'; ചെന്നൈ എയർ ഷോ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി

കൊല്‍ക്കത്തിയിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സഞ്ജയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിനായി എത്തിയപ്പോള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ സംഭവിച്ചിരുന്നതായി സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതായും ആരോപണം ഉയർന്നിരുന്നു.

ഓഗസ്റ്റ് 13നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്.

ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധമായിരുന്നു ഡോക്ടർമാരുടെ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. കൊല്‍ക്കത്തയില്‍ ഇത് മാസങ്ങളോളം നീണ്ടുനില്‍‌ക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു കൊല്‍ക്കത്തയിലെ ജൂനിയർ ഡോക്ടർമാരുടെ സമരം.

സുപ്രീംകോടതിയുടെ നിർദേശപ്രകാരവും സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തയാറായിരുന്നില്ല. സമരം പിന്നീട് ഒത്തുതീർപ്പാക്കാൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തില്‍ ചർച്ച നടത്താനുള്ള ശ്രമം ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് നടത്തിയ ചർച്ചയിലും സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാര സമരം നടത്താനാണ് നിലവില്‍ ഡോക്ടർമാരുടെ പദ്ധതി.

logo
The Fourth
www.thefourthnews.in