കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു; തൃണമൂല്‍ മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കു ബലാത്സംഗഭീഷണി

കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു; തൃണമൂല്‍ മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കു ബലാത്സംഗഭീഷണി

ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ മിമി പങ്കെടുത്തിരുന്നു
Published on

തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കുനേരെ ബലാത്സംഗഭീഷണിയും അശ്ലീലസന്ദേശങ്ങളും. കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലപാതകത്തിനിരയായ സംഭവത്തില്‍ മിമി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബലാത്സംഗഭീഷണി ലഭിച്ചിരിക്കുന്നത്.

ബലാത്സംഗഭീഷണയും അശ്ലീലസന്ദേശങ്ങളും ലഭിച്ച കാര്യം എക്സിലൂടെ മിമി തന്നെയാണ് ലോകത്തെ അറിയിച്ചത്. ''നമ്മള്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് വാദിക്കുന്നു അല്ലേ? ഇത് അവയില്‍ ചിലത് മാത്രമാണ്. സ്ത്രീകള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ച് ബലാത്സംഗഭീഷണികള്‍പോലും സാധാരണമാക്കി ചിത്രീകരിക്കുകയാണ് പുരുഷന്മാർ. എന്ത് തരത്തിലുള്ള വിദ്യാഭ്യാസമാണ് ഇത് അനുവദിക്കുന്നത്,'' അശ്ലീലസന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുള്ള പോസ്റ്റിൽ മിമി ചോദിച്ചു. കൊല്‍ക്കത്ത സൈബർ ക്രൈം ഡിപാർട്ട്മെന്റിനെ ടാഗ് ചെയ്താണ് പോസ്റ്റ്.

ഇരയായ ജൂനിയർ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ മിമി പലകുറി പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മിമിക്ക് പുറമെ അഭിനേതാക്കളായ റിദ്ധി സെൻ, അരിന്ദം സില്‍, മധുമിത സർകാർ എന്നിവരും പ്രതിഷേധങ്ങളുടെ ഭാഗമായി.

കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു; തൃണമൂല്‍ മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കു ബലാത്സംഗഭീഷണി
കൊല്‍ക്കത്ത ബലാത്സംഗക്കൊല: ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ദേശീയ ദൗത്യസേന, അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐക്ക് സുപ്രീംകോടതി നിർദേശം

ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി നിർദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജൂനിയർ, സീനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദേശങ്ങള്‍ തയാറാക്കാൻ 10 പേരടങ്ങുന്ന ദേശീയ ദൗത്യ സേനയെ രൂപീകരിച്ചു. മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളില്‍ പൂർണറിപ്പോർട്ടും സമർപ്പിക്കണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാനാണ് സിബിഐക്ക് കോടതി നല്‍കിയിരിക്കുന്ന നിർദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഓഗസ്റ്റ് ഒൻപതിനായിരുന്നു മെഡിക്കല്‍ കോളേജിലെ സെമിനാർ ഹാളില്‍ ജൂനിയർ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.

logo
The Fourth
www.thefourthnews.in