എരുമകളെയും കുട്ടികളെയും മോഷ്ടിച്ചു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 58 വർഷത്തിനുശേഷം പിടിയിൽ

എരുമകളെയും കുട്ടികളെയും മോഷ്ടിച്ചു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 58 വർഷത്തിനുശേഷം പിടിയിൽ

1965-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലെ കൂട്ടുപ്രതിയും പരാതിക്കാരനും ജീവിച്ചിരിപ്പില്ല

രണ്ട് എരുമകളെയും രണ്ട് കുട്ടികളെയും മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 58 വർഷത്തിനുശേഷം പിടിയിൽ. കർണാടകയിൽ 1965-ൽ നടന്ന സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി ഗണപതി വിത്തൽ വാഗോറെന്ന എഴുപത്തി നാലുകാരനാണ് പിടിയിലായത്.

മഹാരാഷ്ട്രയിലെ ഉദഗിർ സ്വദേശിയായ ഗണപതി വിത്തൽ വാഗോർ തന്റെ ഇരുപതാം വയസ്സിലാണ് മോഷണം നടത്തിയത്. കൂട്ടുപ്രതി കൃഷ്ണ ചന്ദർ 2006ൽ മരിച്ചിരുന്നു. പരാതിക്കാരനായ കുൽക്കർണിയും മരിച്ചുവെന്നതും കേസിന്റെ പ്രത്യേകതയാണ്.

തീർപ്പാകാത്ത പഴയ കേസുകളിൽ പ്രതികളെ കണ്ടെത്താൻ പോലീസ് സംഘം അവസാന വട്ട ശ്രമത്തിന് തീരുമാനിച്ചതോടെയാണ് 58 വർഷത്തിനുശേഷം ഗണപതി വിത്തൽ വാഗോർ പിടിയിലാവുന്നത്

വടക്കൻ കർണാടകയിലെ ബിദാർ ജില്ലയിലെ മെഹ്‌കെർ ഗ്രാമത്തിൽനിന്നാണ് ഗണപതി വിത്തൽ വാഗോറും കൃഷ്ണ ചന്ദറും ചേർന്ന് എരുമകളെയും കുട്ടികളെയും മോഷ്ടിച്ചത്. കർഷകരായിരുന്ന ഇവരെയും അന്ന് മഹാരാഷ്ട്രയിൽനിന്നാണ് കർണാടക പോലീസ് പിടികൂടിയത്. ഇരുവരും കുറ്റം സമ്മതിക്കുകയും കോടതി രണ്ടുപേർക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

തുടർന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങിയ പ്രതികൾ കേസിൽ ഹാജരാവുന്നതിന് പുറപ്പെടുവിച്ച സമൻസുകളോടും വാറന്റുകളോടും പ്രതികൾ പ്രതികരിച്ചിരുന്നില്ല. ബിദാറിൽ നിന്നുള്ള പോലീസ് സംഘം പ്രതികളെ അന്വേഷിച്ച് മഹാരാഷ്ട്രയിലെ വിവിധ ഗ്രാമങ്ങളിൽ തിരച്ചിൽ നൽകിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോടതി ദീർഘകാലമായി തീർപ്പാകാത്ത കേസുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി.

ഇത്തരം കേസുകളിൽ പ്രതികളെ കണ്ടെത്തതാൻ പോലീസ് അവസാന വട്ട ശ്രമത്തിന് തീരുമാനിച്ചതോടെയാണ് ഗണപതി വിത്തൽ വാഗോർ പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.

1965ൽ മഹാരാഷ്ട്രയിലെ ഉമർഗയിൽ നിന്നാണ് വാഗോർ അറസ്റ്റിലായത്. അതേ പ്രദേശത്തെ ഗ്രാമ നിവാസികൾക്കിടയിലാണ് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. ഒരു സ്ത്രീ നൽകിയ സൂചനയിലാണ് ഇയാൾ ജീവിച്ചിപ്പുണ്ടെന്ന് പൊലീസിന് വ്യക്തമായത്.

ഒരു സ്ത്രീ നൽകിയ സൂചനയിലാണ് പ്രതി ജീവിച്ചിപ്പുണ്ടെന്ന് പോലീസിന് വ്യക്തമായത്

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ തകലഗാവ് ഗ്രാമത്തിലാണ് പ്രതിയുള്ളതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഒടുവിൽ ഒരു ക്ഷേത്രത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ലീഗൽ എയ്ഡ് സൊസൈറ്റിയിലെ ഒരു അഭിഭാഷകനോടൊപ്പമാണ് വഗോറിനെ കോടതിയിൽ ഹാജരാക്കാൻ കർണാടകയിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ പ്രായാധിക്യം കണക്കിലെടുത്ത് ജാമ്യത്തിൽ വിട്ടു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in