മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം; അഞ്ച് ദിവസം കര്‍ഫ്യു, ഇന്റര്‍നെറ്റ് വിച്‌ഛേദിച്ചു

മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം; അഞ്ച് ദിവസം കര്‍ഫ്യു, ഇന്റര്‍നെറ്റ് വിച്‌ഛേദിച്ചു

കുക്കി-മെയ്തി മേഖലകളില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങളെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്
Published on

സംസ്ഥാന പോലീസ് മേധാവിയെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായതോടെ മണിപ്പൂര്‍ വീണ്ടും കലാപഭൂമിയായി. വിദ്യാര്‍ഥികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രക്തരൂക്ഷിതമായതോടെ അടുത്ത അഞ്ച് ദിവസത്തേക്ക് തലസ്ഥാനമായ ഇംഫാലിന്റെ കിഴക്ക്-പടിഞ്ഞാറ് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധവും വിച്‌ഛേദിച്ചിട്ടുണ്ട്.

കുക്കി-മെയ്തി മേഖലകളില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങളെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് ആക്രമണം ആരംഭിക്കുകയായിരുന്നു.

ഇതിനിടെയാണ് കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന പോലീസ് തികഞ്ഞ പരാജയമാണെന്നും പോലീസ് മേധാവി അക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

രാജ്ഭവനു നേര്‍ക്ക് നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുത്തു. പോലീസിന് നേര്‍ക്ക് രൂക്ഷമായ കല്ലേറുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ഫയറിങ് നടത്തിയതും സംഘര്‍ഷത്തിന് ആക്കം കൂട്ടി.

ഇതിനിടെ മറ്റൊരു ഭാഗത്ത് ഇന്നലെ രാത്രി മുതല്‍ തമ്പടിച്ചിരുന്ന ആയിരത്തിലേറെ വരുന്ന മറ്റൊരു വിദ്യാര്‍ഥി സംഘവും സ്ഥലത്തേക്ക് എത്തിയതോടെ പോലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു.

ഇതിനിടെ ഇന്നു രാവിലെ ചുരാചന്ദ്പൂരില്‍ കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. ഇരുവിഭാഗങ്ങളും തമ്മില്‍ ബോംബേറും വെടിവയ്പുമുണ്ടായി. ഒട്ടേറെ വീടുകള്‍ക്ക് തീയിട്ടു. സംഘര്‍ഷം അയവുവരുത്താന്‍ ഇവിടെ കൂടുതല്‍ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in