സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു

സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു

ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറവിയെടുക്കുന്നത്

നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കഴിഞ്ഞ സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിയ എട്ട് ചീറ്റകളിൽ ഒന്നായ സിയായയ്ക്കാണ് കുഞ്ഞുങ്ങളുണ്ടായിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്ന് നാഷണൽ പാർക്ക് അധികൃതർ അറിയിച്ചു. കുഞ്ഞുങ്ങളുടെ ചിത്രങ്ങളും ജനനം സംബന്ധിച്ച വിവരങ്ങളും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറവിയെടുക്കുന്നത്.

സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു
കുനോ നാഷ്ണല്‍ പാര്‍ക്കിലെ ചീറ്റകളില്‍ ഒന്ന് ചത്തു

ഇന്നാണ് കണ്ടെത്തിയതെങ്കിലും കുഞ്ഞുങ്ങൾ അഞ്ച് ദിവസം മുൻപെങ്കിലും ജനിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. പ്രത്യേകം തയ്യാറാക്കിയ വലിയ ചുറ്റുമതിലിനുള്ളിലാണ് ചീറ്റയും കുട്ടികളുമുള്ളത്. 90 മുതൽ 93 ദിവസം വരെയാണ് ചീറ്റകളുടെ ഗർഭകാലം. അതിനാൽ ഇന്ത്യയിൽ എത്തിയതിന് ശേഷമായിരിക്കും സിയായ ഇണചേർന്നത്. ഇന്ത്യയിലെത്തിച്ച മറ്റു ചീറ്റകളും ആരോഗ്യത്തോടെയാണുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇതിനുമുൻപ് മറ്റൊരു ചീറ്റ ആശ ഗർഭിണിയാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. പിന്നാലെ ഈ വാർത്ത അധികൃതർ നിഷേധിച്ചു.

ഷാഷ എന്ന പെൺചീറ്റ കഴിഞ്ഞ ദിവസം വൃക്കയിലെ അണുബാധ മൂലം മരിച്ചിരുന്നു

2022 സെപ്റ്റംബർ മുതൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി ആകെ 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്. നമീബിയയിൽ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ച അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തിലായിരുന്നു കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ടത്. 3,000 അമേരിക്കൻ ഡോളറായിരുന്നു ഓരോ ചീറ്റയുടേയും വില. ഇതിൽ ഷാഷ എന്ന പെൺചീറ്റ കഴിഞ്ഞ ദിവസം വൃക്കയിലെ അണുബാധ മൂലം മരിച്ചിരുന്നു.

1947ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952 ആയപ്പോഴേക്കും ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. ഇതിന് ശേഷം ചീറ്റ വംശം നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്. 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആഗോളതലത്തില്‍ ആദ്യമായാണ് ചീറ്റ പോലുള്ള മൃഗങ്ങളുടെ കൈമാറ്റം നടന്നത്.

സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു
70 വര്‍ഷത്തിന് ശേഷം ചീറ്റയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യ
logo
The Fourth
www.thefourthnews.in