'റഷ്യ-യുക്രെയ്ൻ യുദ്ധം എനിക്ക് രാഷ്ട്രീയ വിഷയമല്ല': വ്ളോഡിമർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ നരേന്ദ്രമോദി
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിനിടയിൽ ഓൺലൈൻ വഴിയാണ് ഇരുനേതാക്കളും സംസാരിച്ചിട്ടുളളത്. ഉച്ചകോടിയിൽ മോദിക്കൊപ്പം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തിരുന്നു.
യുക്രെയ്നിൽ നടന്നു വരുന്ന യുദ്ധം ലോകമെമ്പാടും വലിയ പ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം ലോകത്തെ പല തരത്തിൽ ബാധിച്ചു. പക്ഷേ താൻ അതിനെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു പ്രശ്നമായി കണക്കാക്കുന്നില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം മാനവികതയുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രശ്നമാണിതെന്നും കൂടിക്കാഴ്ചയിൽ നരേന്ദ്രമോദി പറഞ്ഞു. "യുദ്ധത്തിന്റെ ദുരിതം ഞങ്ങളെ എല്ലാവരേക്കാളും നന്നായി നിങ്ങൾക്കറിയാം. കഴിഞ്ഞ വർഷം യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഞങ്ങളുടെ കുട്ടികൾ അവിടത്തെ സാഹചര്യങ്ങൾ വിവരിച്ചപ്പോൾ, യുക്രെയ്ൻ ജനതയുടെ വേദന എനിക്ക് നന്നായി മനസിലാക്കാൻ കഴിഞ്ഞു. ഇത് പരിഹരിക്കാനായി ഇന്ത്യയും വ്യക്തിപരമായി ഞാനും ഞങ്ങളുടെ കഴിവിനനുസരിച്ച് എന്തും ചെയ്യുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു"- പ്രധാനമന്ത്രി പറഞ്ഞു.
ജി 7 ഉച്ചകോടിയിൽ മൂന്ന് സെഷനുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെയാണ് ജപ്പാനിലേക്ക് പുറപ്പെട്ടത്. പാപ്പുവ ന്യൂ ഗിനിയയിലേക്കും ഓസ്‌ട്രേലിയയിലേക്കും അടക്കമുളള ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ യാത്ര. ജപ്പാന്റെ ക്ഷണത്തെ തുടർന്നാണ് ജി 7 ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പങ്കെടുക്കുന്നത്. ഹിരോഷിമയിൽ നടക്കുന്ന 49-ാമത് ജി 7 ഉച്ചകോടിയിൽ ജി 7 നേതാക്കളുമായും മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളുമായും സമാധാനവും സുരക്ഷയും സംബന്ധിച്ചുളള യോഗത്തിൽ സെലെൻസ്‌കി പങ്കെടുക്കുമെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കിഴക്കൻ യൂറോപ്യൻ രാജ്യത്ത് സംഘർഷം ആരംഭിച്ചതിന് ശേഷം യുക്രെയ്നിൽ നിന്നുള്ള ആദ്യ ഉന്നതതല യാത്രാ സംഘം കഴിഞ്ഞമാസം ഇന്ത്യയിൽ എത്തിയിരുന്നു.സന്ദർശനവേളയിൽ യുക്രെയ്നിന്റെ ആദ്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ പ്രസിഡന്റ് സെലൻസ്‌കി പ്രധാനമന്ത്രി മോദിക്ക് അയച്ച കത്ത് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറുകയും ചെയ്തിരുന്നു. അതേസമയം, ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാനാകൂവെന്നും ഏത് സമാധാന ശ്രമങ്ങൾക്കും സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ന് രാവിലെ, ജാപ്പനീസ് പത്രമായ 'യോമിയുരി ഷിംബു'ന് നൽകിയ അഭിമുഖത്തിൽ, റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെക്കുറിച്ചുളള പ്രധാനമന്ത്രിയുടെ വീക്ഷണത്തെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. യുഎൻ പ്രമേയങ്ങളിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെക്കുറിച്ചും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചതിനെക്കുറിച്ചുമുള്ള ആരോപണങ്ങളോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുന്നുവെന്നും ചോദിച്ചപ്പോൾ, തർക്കങ്ങൾ പരിഹരിക്കുന്നതിനും അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനും ചർച്ചകൾക്കും നയതന്ത്രത്തിനും വേണ്ടി ഇന്ത്യ നിലകൊള്ളുന്നുവെന്നും മോദി പറഞ്ഞു.
അധിനിവേശത്തെ അപലപിക്കാനുള്ള യുഎൻ ജനറൽ അസംബ്ലി പ്രമേയങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. എന്നാൽ യുഎൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ ഉയർത്തിപ്പിടിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ ജി7 ഉച്ചകോടിയിൽ വ്യക്തമാക്കി. യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി ഇന്ത്യ പിന്തുണയ്ക്കുമെന്നും അതിനായി യുഎന്നിന് പുറത്തും ക്രിയാത്മകമായി സംഭാവന നൽകാൻ തയ്യാറാണന്നും മോദി പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബർ നാലിന് സെലൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, സൈനിക പരിഹാരത്തിന് കഴിയില്ലെന്നും സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി മോദി നിരവധി തവണ സംസാരിച്ചു.