തമിഴ്നാട്ടില്‍ പുതുചരിത്രം; ക്ഷേത്ര പ്രവേശന നിരോധനം ലംഘിച്ച് 200ലേറെ ദളിതർ
തമിഴ്നാട്ടില്‍ പതിറ്റാണ്ടുകളായി പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തി ചരിത്രം സൃഷ്ടിച്ച് ദളിതര്‍. തിരുവണ്ണാമലൈ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റേയും നേതൃത്വത്തിലാണ് തെന്‍മുടിയന്നൂരിലെ ക്ഷേത്രത്തില്‍ ഇരുന്നൂറിലേറെ ദളിതരുടെ ചരിത്രപരമായ മുന്നേറ്റമുണ്ടായത്. എന്നാല്‍ ഗ്രാമത്തിലെ 12 പ്രബല സമുദായങ്ങള്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ദളിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 750-ലധികം പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ക്ഷേത്രത്തിന് പുറത്ത് കനത്ത പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്.
500-ഓളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമമാണ് തെൻമുടിയന്നൂർ. ഇവിടുത്തെ 200 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ 80 വർഷത്തിലേറെയായി ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. വെവ്വേറെ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാമെന്ന് സമുദായങ്ങൾ തമ്മില്‍ ഉടമ്പടിയുണ്ടെന്നും അത് മാറ്റാനാകില്ലെന്നുമാണ് പ്രബല സമുദായങ്ങളുടെ വാദം.
പട്ടികജാതി വിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനായി ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും ചേർന്ന് മറ്റു സമുദായങ്ങളുമായി സമാധാന ചർച്ചകള്‍ നടത്തിയിരുന്നു. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്തതനുസരിച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ ക്ഷേത്രത്തിനുള്ളിൽ കയറ്റി പ്രാർത്ഥനകളും ചടങ്ങുകളും നടത്തിയത്. പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ള 15 മുതൽ 20 വരെ കുടുംബങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താൻ സന്നദ്ധരായി . മറ്റിടങ്ങളിലും ഈ മാറ്റം ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
നേരത്തെ പുതുക്കോട്ട ജില്ലയിലും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട വിഭാഗങ്ങളെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.