'അമൂല്‍' തിളയ്ക്കുന്നു, പൊള്ളി ബിജെപി; സമരം ഏറ്റെടുത്ത് കന്നഡ രക്ഷണ വേദികെ

'അമൂല്‍' തിളയ്ക്കുന്നു, പൊള്ളി ബിജെപി; സമരം ഏറ്റെടുത്ത് കന്നഡ രക്ഷണ വേദികെ

കർണാടക ഭരണം നിലനിര്‍ത്താന്‍ പാടുപെടുന്ന ബിജെപി നേരിടുന്നത് അപ്രതീക്ഷിത പ്രതിസന്ധി

പാലുത്പന്നങ്ങളുമായി കര്‍ണാടകയില്‍ ചുവടുറപ്പിക്കാനുള്ള അമൂലിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് സമരം ചൂടുപിടിക്കുന്നു. പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ കന്നഡ സാംസ്‌കാരിക സംഘടനകള്‍ കൂടി വിഷയം ഏറ്റെടുത്തതോടെ സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ പാടുപെടുന്ന ബിജെപി നേരിടുന്നത് അപ്രതീക്ഷിത പ്രതിസന്ധി.

അമൂലിനെതിരെ തീവ്ര കന്നഡ സംഘടനയായ കന്നഡ രക്ഷണ വേദികെ (കെ ആര്‍ വി) ബംഗളുരുവിലുള്‍പ്പെടെ തിങ്കളാഴ്ച തെരുവില്‍ പ്രതിഷേധിച്ചു. അമൂല്‍ ഉത്പന്നങ്ങള്‍ നിരത്തിലെറിഞ്ഞ് ഉപരോധ സമരം നടത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

'അമൂല്‍' തിളയ്ക്കുന്നു, പൊള്ളി ബിജെപി; സമരം ഏറ്റെടുത്ത് കന്നഡ രക്ഷണ വേദികെ
എന്തുകൊണ്ടാണ് അമൂലിന് കന്നട ജനത ഗോ ബാക്ക് വിളിക്കുന്നത്?

കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍ ചോര നീരാക്കി വളര്‍ത്തിയ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ 'നന്ദിനി' അല്ലാതെ മറ്റൊരു ബ്രാന്‍ഡും സംസ്ഥാനത്ത് അനുവദിക്കില്ലെന്നാണ് കെആര്‍ വിയുടെ നിലപാട്. കാവേരി നദീജല തര്‍ക്കം, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തെ സമരക്കളമാക്കിയ സംഘടനയാണ് കെആര്‍വി.

അറിയാതെ പോലും അമൂല്‍ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഹാസനില്‍ നന്ദിനി ഔട്ട്‌ലെറ്റില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നന്ദിനി ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സംവരണവിഷയം പോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണുകിട്ടിയ ആയുധമാണ് അമൂല്‍.

എന്നാല്‍, അമൂല്‍ വന്നാലും നന്ദിനി തകരില്ലെന്ന നിലപാടിലാണ് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. അമൂലിനോട് മത്സരിച്ച് നന്ദിനി വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ പക്ഷം. നന്ദിനിയോടുള്ള സ്‌നേഹമല്ല ഗുജറാത്തിനോടുള്ള വെറുപ്പാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ അമൂല്‍വിരുദ്ധ സമരത്തിനു പിന്നിലെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷനും കര്‍ണാടകയില്‍നിന്നുള്ള എംപിയുമായ തേജസ്വി സൂര്യ ആരോപിച്ചു.

നിയമസഭാ തിരഞ്ഞടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കയ്യില്‍ വന്നുചേര്‍ന്ന രാഷ്ട്രീയ ആയുധം ബിജെപിക്കെതിരെ പരമാവധി പ്രയോജനപ്പെടുത്താണ് കോണ്‍ഗ്രസിനൊപ്പം ജെഡിഎസിന്റെയും ശ്രമം.

logo
The Fourth
www.thefourthnews.in