'ആര്യൻ ഖാനെ കേസിൽ നിന്ന് രക്ഷിക്കാൻ എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സിബിഐയെ ഉപയോഗിച്ചു': ആരോപണവുമായി സമീർ വാങ്കഡെ

'ആര്യൻ ഖാനെ കേസിൽ നിന്ന് രക്ഷിക്കാൻ എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സിബിഐയെ ഉപയോഗിച്ചു': ആരോപണവുമായി സമീർ വാങ്കഡെ

ജാതിയുടെ പേരിൽ ഡെപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്, തന്നെ അപമാനിച്ചെന്നും മുൻ സോണല്‍ മേധാവി

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ നിന്ന് രക്ഷപ്പെടുത്താൻ എൻസിബി ഡെപ്യൂട്ടി ഡയറക്ടർ, തനിക്കെതിരെ സിബിഐയെ ഉപയോഗിച്ചെന്ന് മുംബൈ മുൻ സോണല്‍ മേധാവി സമീർ വാങ്കഡെ. ജാതിയുടെ പേരിൽ ഡെപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ് തന്നെ അപമാനിച്ചെന്നും സമീർ വാങ്കഡെ ആരോപിച്ചു.

ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസില്‍ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിബിഐയുടെ നിർബന്ധിത നടപടികളിൽ നിന്നും സംരക്ഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ പട്ടികജാതി കമ്മീഷനിൽ ജ്ഞാനേശ്വർ സിങ്ങിനെതിരെ പരാതി നൽകിയതിനാൽ എഫ്‌ഐആറിൽ തന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നുവെന്ന് വാങ്കഡെ

ആര്യനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് സമീർ വാങ്കഡെയ്‌ക്കെതിരായ കേസ്. കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും വാങ്കഡെ ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് പിന്നാക്ക സമുദായത്തിൽപ്പെട്ട തന്നെ ജാതിയുടെ പേരിൽ മുന്‍പ് ജ്ഞാനേശ്വർ സിങ് അപമാനിച്ചുവെന്നും സിബിഐയെ തനിക്കെതിരെ ഉപയോഗിച്ചെന്നുമുള്ള ആരോപണവുമായി വാങ്കഡെ രംഗത്തെത്തിയിരിക്കുന്നത്.

സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി), ദേശീയ പട്ടികജാതി കമ്മീഷൻ, മുംബൈ പോലീസ് എന്നിവിടങ്ങളിലും ജ്ഞാനേശ്വർ സിങ്ങിന്റെ നടപടി ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നെന്ന് വാങ്കഡെ ആരോപിച്ചു. ക്രൂയിസ് മയക്കുമരുന്ന് കേസിൽ സമീർ വാങ്കഡെ അടക്കം നാല് പേർക്കെതിരെയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ജ്ഞാനേശ്വർ സിങ്ങിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ തയ്യാറാക്കിയത്. ദേശീയ പട്ടികജാതി കമ്മീഷനിൽ ജ്ഞാനേശ്വർ സിങ്ങിനെതിരെ പരാതി നൽകിയതിനാൽ എഫ്‌ഐആറിൽ തന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നുവെന്നും വാങ്കഡെ ആരോപിച്ചു.

ജ്ഞാനേശ്വർ സിങ്ങിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ എസ്‌സി കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും സമീർ വാങ്കഡെ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുംബൈയിലെ ഗോരേഗാവ് പോലീസ് സ്‌റ്റേഷനിൽ എസ്‌സി-എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ജ്ഞാനേശ്വർ സിങ്ങിനെതിരെ പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് കേസെടുത്തിരുന്നില്ലെന്നും വാങ്കഡെ കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കേസിൽ തന്റെ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തതെന്നും വാങ്കഡെ പറഞ്ഞു.

അഴിമതി ആരോപണങ്ങൾ ഉയര്‍ന്നതോടെയാണ് ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തില്‍നിന്ന് വാങ്കഡെയെ നീക്കി പ്രത്യേക സംഘത്തെ നിയോഗിച്ചത്

2021 ഒക്ടോബര്‍ 2ന് മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പുറപ്പെടുന്ന കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നിന്നാണ് ആര്യൻ ഖാനെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി സംഘം കസ്റ്റഡിയിലെടുക്കുന്നത്. ആര്യന്റെയും സംഘത്തിന്റെയും പക്കല്‍ നിന്ന് മാരക ലഹരിവസ്തുക്കള്‍ കണ്ടെടുത്തെന്നായിരുന്നു വാദം. ആര്യന്റെ രണ്ട് ജാമ്യാപേക്ഷകളും തളളിയതോടെ 25 ദിവസം ആര്യന്‍ എന്‍സിബിയുടെ കസ്റ്റഡിയില്‍ കഴിഞ്ഞു.

എന്നാല്‍, പിന്നീട് ആര്യനെ കുടുക്കാതിരിക്കാൻ വാങ്കഡെ ഷാരൂഖ് ഖാനോട് പണമാവശ്യപ്പെട്ടെന്ന വാർത്തകള്‍ പുറത്തുവന്നു. അഴിമതി ആരോപണങ്ങൾ ഉയര്‍ന്നതോടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തില്‍നിന്ന് വാങ്കഡെയെ നീക്കി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും പ്രത്യേക സംഘം കണ്ടെത്തി.ഇതോടെയാണ് വാംഖെഡെയ്‌ക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്.

logo
The Fourth
www.thefourthnews.in