സീറ്റ്ബെൽറ്റ് അലാം നിർത്തലാക്കുന്നതിനുള്ള സ്റ്റോപ്പറുകളുടെ വില്പന അവസാനിപ്പിക്കണം; ഉത്തരവിറക്കി കേന്ദ്രം
കാറുകളിലെ സീറ്റ് ബെൽറ്റ് അലാം നിർത്തലാക്കാൻ വേണ്ടി ഉപയോഗിക്കുന്ന സ്റ്റോപ്പർ ക്ലിപ്പുകളുടെ വില്പന നിർത്താൻ പ്രമുഖ ഇ-വാണിജ്യ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രം. ആമസോൺ, ഫ്ലിപ്കാർട്, മീഷോ, സ്നാപ്പ്ഡീൽ, ഷോപ്ക്ലൂസ് എന്നീ അഞ്ച് പ്ലാറ്റ്‌ഫോമുകൾക്കാണ് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നിർദേശം നൽകിയത്.
2021 ൽ 16,000-ത്തിലധികം ആളുകളാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ റോഡപകടങ്ങളിൽ മരിച്ചത്
സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ വണ്ടി ഓടിച്ചാൽ മുന്നറിയിപ്പ് തരുന്ന അലാമിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് സ്റ്റോപ്പർ ക്ലിപ്പുകൾ. ഇതിന്റെ വില്പന 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് സിസിപിഎ പറഞ്ഞു. അലാം ശബ്ദം നിർത്തുന്നത് കാറിലുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ടാക്കുന്നതാണ്. ചില വിൽപ്പനക്കാർ ഇത്തരം ക്ലിപ്പുകൾ ബോട്ടിൽ ഓപ്പണറിന്റെയും സിഗരറ്റ് ലൈറ്ററിന്റെയും രൂപത്തിലാക്കിയും വിൽക്കുന്നതായി സിസിപിഎ കണ്ടെത്തി.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കത്തിലൂടെയാണ് ഉപഭോക്തൃകാര്യ വകുപ്പ് ഈ വിഷയം സിസിപിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത്തരം ക്ലിപ്പുകൾ ഉപയോഗിക്കുന്നതിലൂടെ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്. ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കാനുള്ള കാരണമായി സ്റ്റോപ്പർ ക്ലിപ്പുകളുടെ ഉപയോഗം ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന വിധത്തിലുള്ള എല്ലാ കാർ സീറ്റ് ബെൽറ്റ് അലാമ സ്റ്റോപ്പർ ക്ലിപ്പുകളും അനുബന്ധ മോട്ടോർ വാഹന ഘടകങ്ങളും ഇ-വാണിജ്യ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എടുത്തുമാറ്റാനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ അത്തരം ഉത്പന്നങ്ങൾ അനധികൃതമായി വിൽക്കുന്നവരുടെ വിശദാംശങ്ങൾ, വിൽപ്പനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് എന്നിവ സിസിപിഎയെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സിസിപിഎയുടെ നിർദേശം ലഭിച്ചതിന് പിന്നാലെ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ ഏകദേശം 13,118 ലിസ്റ്റിങ്ങുകൾ ഇ-വാണിജ്യ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കാത്തത് മൂലം നിരവധി അപകടങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ ഉത്തരവ്.
2021 ൽ 16,000-ത്തിലധികം ആളുകളാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ റോഡപകടങ്ങളിൽ മരിച്ചത്. ഇതിൽ 8,438 ഡ്രൈവർമാരും 7,959 പേർ യാത്രക്കാരുമാണ്. കൂടാതെ, ഏകദേശം 39,231 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.18-45 വയസ്സിനിടയിലുള്ള യുവാക്കളാണ് റോഡപകട കേസുകളിൽ ഇരകളാകുന്നവരിൽ ഭൂരിഭാഗവുമെന്നതാണ് വരുന്നതെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.