സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞയ്ക്ക് ഔദ്യോഗിക ക്ഷണം

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞയ്ക്ക് ഔദ്യോഗിക ക്ഷണം

മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ പതിനഞ്ചോളം മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു

കർണാടകയിൽ പുതിയ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണറെ സമീപിച്ചു. 135 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കികൊണ്ടുള്ള കത്ത് അദ്ദേഹം കർണാടക  ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ടിന് കൈമാറി. ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നിയുക്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പമായിരുന്നു രാജ്ഭവനിൽ സിദ്ധരാമയ്യ എത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ശനിയാഴ്ച ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ സത്യവാചകം ചൊല്ലി ചുമതലയേൽക്കും. മന്ത്രിമാരുടെ പട്ടിക നാളെ വൈകിട്ടോടെ കോൺഗ്രസ് രാജ്ഭവന് കൈമാറും. 34 മന്ത്രിസ്ഥാനങ്ങളുള്ള കർണാടകയിൽ ആദ്യഘട്ടത്തിൽ 15 മന്ത്രിമാരെങ്കിലും ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ സിദ്ധരാമയ്യയും ഡികെ ശിവകുമാറും മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ച നടത്തും. വകുപ്പ് വിഭജനം പിന്നീടായിരിക്കും നടക്കുക.

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞയ്ക്ക് ഔദ്യോഗിക ക്ഷണം
കർണാടക സത്യപ്രതിജ്ഞ പ്രതിപക്ഷ സംഗമവേദിയാക്കാൻ കോൺഗ്രസ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; പിണറായിയും കെജ്രിവാളുമില്ല

ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ബെംഗളുരുവിൽ തിരിച്ചെത്തിയ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും നിയുക്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും പാർട്ടി പ്രവർത്തകർ വൻ വരവേൽപ്പ് നൽകി . ബെംഗളുരു എച്ച്എഎൽ വിമാനത്താവളത്തിലായിരുന്നു ഇരുവരും എത്തിയത്. പുഷ്പവൃഷ്ടി നടത്തിയും കർണാടകയുടെ തനത് നൃത്തരൂപമായ 'ഡൊള്ളൂ കുനിത'യുടെയും അകമ്പടിയോടെയുമായിരുന്നു ഇരുവരെയും കെപിസിസി ആസ്ഥാനത്ത് എത്തിച്ചത്.

കെപിസിസി ആസ്ഥാനത്ത് ചേർന്ന നിയമസഭാ കക്ഷിയോഗം സിദ്ധരാമയ്യയെ നിയസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതുസംബന്ധിച്ച പ്രമേയം ഡി കെ ശിവകുമാർ അവതരിപ്പിച്ചു. കർണാടകയുടെ സ്വാഭിമാനം സംരക്ഷിക്കുന്നതിനും വികസനത്തിനും പുതിയ സർക്കാർ ഉണർന്ന് പ്രവർത്തിക്കുമെന്ന് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും യോഗത്തിൽ പ്രഖ്യാപിച്ചു.അതേസമയം കാവൽ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ, സിദ്ധാരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ആശംസകൾ നേർന്നു. കർണാടകയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ഇരുവർക്കും കഴിയട്ടെ എന്നായിരുന്നു ബൊമ്മെയുടെ ആശംസ. പൊതുജനങ്ങൾക്ക് കൂടി പങ്കെടുക്കാവുന്ന തരത്തിൽ വിശാലമായ വേദിയാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി കണ്ടീരവയിൽ ഒരുങ്ങുന്നത്.

logo
The Fourth
www.thefourthnews.in