ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി; രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേ
രാഹുല്‍ ഗാന്ധിയെ മാനഷ്ടക്കേസില്‍ ശിക്ഷിച്ച മജിസ്ടേറ്റ് ഉൾപ്പെടെ ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിന് ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവുമാണ് സ്റ്റേ ചെയ്തത്. രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസമുഖ് ഭായ് വര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.
ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി
ഹൈക്കോടതിയുടെ ശുപാര്‍ശകളും തുടര്‍ന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങളും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. മെറിറ്റിന്റെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലും യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നതിന്റെയും അടിസ്ഥാനത്തിലായിരിക്കണം സ്ഥാനക്കയറ്റം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഹര്‍ജി തീര്‍പ്പാക്കാന്‍ ബെഞ്ച് തയ്യാറായില്ല, ജസ്റ്റിസ് ഷാ മെയ് 15 ന് വിരമിക്കുന്നതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ഉചിതമായ ബെഞ്ച് പരിഗണിക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ അതിന് മുന്‍പ് അവര്‍ വഹിച്ചിരുന്ന ചുമതലയിലേക്ക് മടങ്ങിപ്പോകണമെന്നും കോടതി ഉത്തരവിട്ടു.
ഗുജറാത്ത് നിയമവകുപ്പ് അണ്ടര്‍ സെക്രട്ടറി രവികുമാര്‍ മഹേത, സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ സച്ചിന്‍ പ്രതാപ് റായ് മേത്ത എന്നീ സീനിയര്‍ സിവില്‍ ജഡ്ജ് കേഡറിലെ രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരാണ് മാര്‍ച്ച് 28ന് ഹര്‍ജി സമര്‍പ്പിച്ചത്. മാര്‍ച്ച് 10ന് ഹൈക്കോടതി പുറപ്പെടുവിച്ച സെലക്ഷന്‍ ലിസ്റ്റും അവരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും റദ്ദാക്കണമെന്നും മെറിറ്റ് കം സീനിയോറിറ്റി എന്ന തത്വത്തില്‍ പുതിയ മെറിറ്റ് ലിസ്റ്റ് തയാറാക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഏപ്രില്‍ 18ന് വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ ഏപ്രില്‍ 28ന് സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോടതി നടപടികളെ 'പ്രഥമദൃഷ്ട്യാ മറികടക്കുന്ന' നീക്കമാണിതെന്നും സുപ്രീം കോടതി വിലയിരുത്തിയിരുന്നു.
സ്ഥാനക്കയറ്റം നല്‍കുന്നതിനും സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതിലും കാണിച്ച അസാധാരണമായ തിടുക്കം വിശദീകരിക്കണമെന്ന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. രാഹുലിനെ ശിക്ഷിച്ച ഹരീഷ് ഹസമുഖ് ഭായ് വര്‍മയെ വിജ്ഞാപന പ്രകാരം രാജ്‌കോട്ട് ജില്ലാ കോടതിയിൽ അഡീഷണല്‍ ജില്ലാ ജഡ്ജിയായി സ്ഥലം മാറ്റിയിരുന്നു.