ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

അയാള്‍ ഏത് നിറമുള്ള അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് നാളെ രാവിലെ നിങ്ങള്‍ പറയുമല്ലോ എന്നായിരുന്നു ജസ്റ്റിസിന്റെ അധിക്ഷേപ പരാമര്‍ശം
Published on

ഒരു കേസിന്റെ വാദത്തിനിടെ കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജി നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ സ്വമേധയ ഇടപെട്ട് സുപ്രീം കോടതി. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ ആണ് വിവാദത്തിന് അടിസ്ഥാനം. കേസിലെ വാദത്തിനിടെ ബംഗളൂരുവില്‍ മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ 'പാകിസ്താന്‍' എന്നാണ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ഉപമിച്ചത്. പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് പരാമര്‍ശം നടത്തിയത്.

''മൈസൂരു റോഡ് മേല്‍പ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവര്‍ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും'' എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന. ജസ്റ്റിസിന്റെ ഈ വിദ്വേഷ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

മറ്റൊരു അവസരത്തില്‍ ഒരു വനിത അഭിഭാഷകയോടും അധിക്ഷേപ പരാമര്‍ശം ജസ്റ്റിസ് നടത്തുകയുണ്ടായി. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് ഒരു അഭിഭാഷകനോട് ചോദിച്ചപ്പോള്‍ നികുതി അടയ്ക്കുന്നയാളാണ് എന്ന വനിത അഭിഭാഷക ഇടയ്ക്കു കയറി പറഞ്ഞതാണ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. നിങ്ങള്‍ക്ക് അയാളെ കുറിച്ച് എല്ലാം അറിയാമല്ലോ, അയാള്‍ ഏത് നിറമുള്ള അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് നാളെ രാവിലെ നിങ്ങള്‍ പറയുമല്ലോ എന്നായിരുന്നു ജസ്റ്റിസിന്റെ അധിക്ഷേപ പരാമര്‍ശം.

ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ നടത്തിയ ഈ രണ്ടു വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ ഇന്ന് സുപ്രീം കോടതി സ്വമേധയാ പരിശോധിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉത്തരവിട്ടത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in