ക്ഷണക്കത്ത് വൈറലായതോടെ വര്‍ഗീയ വിവാദം; മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവച്ച് ബിജെപി നേതാവ്
വിവാഹക്ഷണക്കത്ത് വൈറലായതോടെ മകളുടെ വിവാഹം തന്നെ മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്. പൗരിഗര്‍വാളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാൻ കൂടിയായ യശ്പാല്‍ ബെനത്തിന്റെ മകളും മുസ്ലീം യുവാവും തമ്മിലുള്ള വിവാഹമാണ് മാറ്റിവച്ചത്. വിവാഹം വര്‍ഗീയ ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് തീരുമാനം.
മെയ് 28നാണ് വിവാഹം നടക്കാനിരുന്നത്. എന്നാല്‍ വിവാഹക്ഷണക്കത്തിലെ വിശദാംശങ്ങളറിഞ്ഞതോടെ വര്‍ഗീയ പരാമര്‍ശങ്ങളുമായി ഹിന്ദു സംഘടനകളുള്‍പ്പെടെ രംഗത്തെത്തി. വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത്, ഗോസേന ആയോഗ് തുടങ്ങിയ സംഘടനകളാണ് രംഗത്തെത്തിയത്. ബിജെപി നേതാവ് തന്നെ സംസ്കാരത്തിനും മതത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കില്ലെന്നാ നിലപാടിലാണ് ഹിന്ദു സംഘടനകളും നേതാക്കളും.
രണ്ട് കുടുംബങ്ങളുടെയും സമ്മതപ്രകാരമായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താനായിരുന്നു തീരുമാനം. രണ്ട് വ്യക്തികളുടെ ഇഷ്ടത്തിനപ്പുറം വിവാഹത്തില്‍ മതം പ്രധാനമായി കരുതുന്നില്ലെന്നാണ് യശ്പാല്‍ ബെനത്തിന്റെ വാദം.
ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണമില്ലാതെ വിവാഹം നടത്താനാകാത്ത സാഹചര്യമാണ്. വിവാഹം പോലീസ് സംരക്ഷണത്തില്‍ നടക്കേണ്ടതല്ലെന്ന തീരുമാനത്തിലാണ് മാറ്റിവയ്ക്കാനുള്ള ഇരുകുടുംബങ്ങളുടേയും തീരുമാനം.
വിവാഹം ഇനി എപ്പോള്‍ നടത്തും, എവിടെവച്ച് നടത്തും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് യശ്പാല്‍ ബെനം അറിയിച്ചു.