'ഒറ്റപ്പെട്ട' തീപിടുത്തം വീണ്ടും; കത്തിയത് കെ.എം.എസ്.സി.എല്ലിന്റെ ആലപ്പുഴയിലെ സംഭരണശാല

'ഒറ്റപ്പെട്ട' തീപിടുത്തം വീണ്ടും; കത്തിയത് കെ.എം.എസ്.സി.എല്ലിന്റെ ആലപ്പുഴയിലെ സംഭരണശാല

ഒരാഴ്ചയ്ക്കുള്ളില്‍ ഇതു മൂന്നാം തവണയാണ് കെ.എം.എസ്.സി.എല്ലിന്റെ കീഴിലുള്ള കെട്ടിടത്തില്‍ അഗ്നിബാധയുണ്ടാകുന്നത്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. ഇക്കുറി ആലപ്പുഴയിലെ പ്രധാന സംഭരണശാലയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരും ജീവനക്കാരും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തീപടര്‍ന്ന സമയത്ത് രാസവസ്തുക്കളുടെ ഗന്ധം ഉയര്‍ന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. രണ്ടരയോടെ അഗ്‌നിശമനസേന എത്തി അരമണിക്കൂറിന് ഉള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.

ഒരാഴ്ചയ്ക്കുള്ളില്‍ ഇതു മൂന്നാം തവണയാണ് കെ.എം.എസ്.സി.എല്ലിന്റെ കീഴിലുള്ള കെട്ടിടത്തില്‍ അഗ്നിബാധയുണ്ടാകുന്നത്. കൊല്ലത്തേയും തിരുവനന്തപുരത്തേയും തീപിടുത്തത്തിന് ശേഷമാണ് ഇപ്പോള്‍ വണ്ടാനത്തെയും പ്രധാന സംഭരണശാലക്ക് സമീപം തീപടര്‍ന്നിരിക്കുന്നത്. നാശനഷ്ട കണക്കുകള്‍ പരിശോധിച്ച് വരികയാണ്. ഇതിനുമുമ്പ് കൊല്ലത്തെ സംഭരണ ശാലക്ക് തീപിടിച്ചപ്പോള്‍ ഏകദേശം എട്ട് കോടിയുടെ നാശനഷ്ടവും തിരുവന്തപുരത്ത് ഏകദേശം ഒന്നരകോടിയുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ടായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ മെഡിക്കല്‍ കോര്‍പ്പറേഷന് വന്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് അഗ്‌നിസുരക്ഷാസേനയുടെ വിലയിരുത്തല്‍. കൊല്ലത്തും തിരുവനന്തപുരത്തും പഴയ കെട്ടിടങ്ങളിലായിരുന്നു അഗ്നിബാധയുണ്ടായത് എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ന്യായീകരണം. എന്നാല്‍ ആലപ്പുഴയില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിന് തീപിടിച്ചത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.

തുടരെ രണ്ടിടത്ത് തീപിടുത്തം ഉണ്ടായിട്ടും എന്തുകൊണ്ടാണ് സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്. തീ ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതുകൊണ്ടാണ് മറ്റു രണ്ടു സ്ഥലങ്ങളില്‍ ഉണ്ടായത്ര നാശനഷ്ടങ്ങള്‍ തടയാന്‍ സാധിച്ചത്.

logo
The Fourth
www.thefourthnews.in