ഈ നാട്ടില്‍ എത്ര പി വിമാരുണ്ട്? മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഈ നാട്ടില്‍ എത്ര പി വിമാരുണ്ട്? മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

മാസപ്പടിയുമായി ബന്ധപ്പെട്ട കണക്കുകൾ മറച്ചു വച്ചിരുന്നതെല്ലെന്നും അതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നാട്ടില ഒട്ടേറെ പി വിമാരുണ്ടെന്നും ഇന്നയാളുടെ ബന്ധുവാണ് ഇന്നയാളെന്ന തരത്തില്‍ പറയുന്നതിലൂടെ വിവാദം തന്നിലേക്ക് എത്തിക്കാനാണ് മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'എത്ര പി വിമാരുണ്ട് ഈ നാട്ടില്‍. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഊഹോപോഹങ്ങള്‍ക്ക് ഞാന്‍ എന്ത് മറുപടി പറയാനാണ്. ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നതെന്ന് അവര്‍ക്ക് കൃത്യമായ ഉദ്ദേശമുണ്ട്. ആ ഉദ്ദേശം ആ ആളിലൂടെ എന്നിലേക്കെത്തലാണ്'' മുഖ്യമന്ത്രി പറഞ്ഞു. തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

"മാസപ്പടി വിവാദത്തിലെ രാഷ്ട്രീയം മനസ്സിലാക്കണം. അത് മനസ്സിലാക്കാന്‍ കഴിയാത്തവരല്ല മാധ്യമ പ്രവര്‍ത്തകര്‍ എന്ന് വിചാരിക്കുന്നില്ല. എന്നാല്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ നിങ്ങള്‍ മറച്ചുവെക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ സിഎംആര്‍എല്ലിന്റെ വാദം ഏറ്റുപിടിക്കുകയാണ്. ഒന്നും മറച്ചുവെച്ച കണക്ക് അല്ല. അവരുടെ വാദം സാധൂകരിക്കലാണ് നിങ്ങള്‍ ചെയ്യുന്നത്. എങ്ങനെയൊക്കെ പിണറായി വിജയനെ അങ്ങ് ഇടിച്ച് താഴ്ത്താന്‍ പറ്റുവോ, അതിനുള്ള ശ്രമത്തിലാണല്ലോ നിങ്ങള്‍. എങ്കില്‍ അങ്ങനെ നോക്ക്. അതിന് കുടുംബാംഗങ്ങളെ കൂടി ഉപയോഗിക്കുകയാണ്. അതിന്റെ ഭാഗമായി തകര്‍ന്നുപോകുന്നയാളല്ല ഞാന്‍" -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനകാലത്ത് കേരളത്തിലെ സഹകരണബാങ്കുകളെ തകർക്കാനുളള ശ്രമങ്ങൾ ചില ഭാ​ഗങ്ങളിൽ നിന്നും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുളള ആരോപണങ്ങളെ ഒരു ഘട്ടത്തിലും ന്യായീകരിച്ചിട്ടില്ലെന്നും അതിനു വേണ്ട ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെ ബാധിക്കുന്ന വിഷയമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും സിപിഎമ്മിലൂടെ കേരളത്തിലെ സഹകരണമേഖലെയാണ് ചില കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടന എന്നത് മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതില്‍ എല്‍ഡിഎഫില്‍ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ല. മുന്‍കൂട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി കൃത്യസമയത്ത് തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാര്‍ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ''എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ?'' സോളാറുമായി ബന്ധപ്പെട്ടുളള ഗൂഢാലോചനയില്‍ ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്', മുഖ്യമന്ത്രി പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിന് തന്നെ കാണേണ്ട ആവശ്യം എന്താണ്. ഇറക്കി വിട്ട ആള്‍ക്ക് പിന്നീട് കാണാന്‍ ധൈര്യം വരുമോയെന്നും പരിഹാസത്തോടെ മുഖ്യമന്ത്രി ചോദിച്ചു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in