'ഇപി ജയരാജന് പരിമിതികളുണ്ടായി, മുകേഷ് ആരോപണവിധേയന്‍ മാത്രം'; തല്ലും തലോടലുമായി എംവി ഗോവിന്ദന്‍
ബലാത്സംഗമുൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമപരാതിയിൽ നിയമ നടപടികൾ നേരിടുന്ന എം മുകേഷ് എംഎൽഎ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കുറ്റാരോപിതരായ എംപി, എംഎൽഎ സ്ഥാനത്തിരുന്ന ആളുകൾ സമാനമായ കേസുകളിൽ കുറ്റാരോപിതരായിട്ടും രാജിവച്ചിട്ടില്ല. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ മന്ത്രിസ്ഥാനത്തുള്ളവർ മാറിനിൽക്കുന്നു, എന്നാൽ നിയമസഭാ സാമാജികർ സാധാരണഗതിയിൽ രാജിവയ്ക്കാറില്ല. ധാർമികതയുടെ പേരിൽ രാജിവച്ചാൽ, അവർ കുറ്റവാളികളല്ലെന്നു തെളിഞ്ഞാൽ തിരിച്ചു വരിക സാധ്യമല്ല, അതുകൊണ്ടാണ് രാജിവയ്ക്കാത്തത്. അതുകൊണ്ട് രാജിയുടെ ആവശ്യമില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാല്‍ സിനിമ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ പുറത്തക്കുമെന്നും അന്വേഷണത്തിൽ എംഎൽഎ എന്ന ആനുകൂല്യം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ ആദ്യമായിട്ടാണ് സിനിമ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മറ്റിയെ നിയമിക്കുന്നതെന്നും ഇതൊരു ജുഡീഷ്യൽ കമ്മീഷനല്ലാത്തതുകൊണ്ടു തന്നെ നൽകിയ ശുപാർശകൾ പരിഗണിച്ച് നടപടി സ്വീകരിക്കുക മാത്രമാണ് സർക്കാരിന് സ്വീകരിക്കാൻ സാധിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കമ്മിറ്റി നൽകിയ 24 ശുപാർശകൾ മനസിലാക്കി നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ രംഗത്ത് ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി ഇതിനോടകം തന്നെ രൂപീകരിച്ച് കഴിഞ്ഞു എന്നും ഇന്ത്യയിൽ ആദ്യമായി അത്തരമൊരു നീക്കം നടത്തിയത് കേരളത്തിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിനിമ നയം രൂപീകരിക്കാൻ ഷാജി എൻ കരുൺ അധ്യക്ഷനായ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാവരുമായി ചർച്ചചെയ്ത് കോൺക്ലേവ് നടത്തുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. സിനിമ മേഖല നവീകരിക്കുന്നതിന് നിയമ നിർമാണം ഉണ്ടാകണമെന്നും, ട്രൈബുണൽ ഉൾപ്പെടെയുള്ള ഹേമ കമ്മിറ്റി നൽകിയ നിർദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം തന്നെ നിരവധി പരാതികൾ സർക്കാർ രൂപീകരിച്ച അന്വേഷണസംഘത്തിന് ലഭിച്ചെന്നും 11 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''മുകേഷിന്റേതുൾപ്പെടെയുള്ള പരാതികളിൽ സർക്കാർ ഒരു അമാന്തവും കാണിച്ചിട്ടില്ല. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ല. ഭരണകക്ഷിയിലെ എംഎൽഎക്കെതിരെ തന്നെ കേസെടുത്ത് അന്വേഷിക്കുന്ന സർക്കാരാണിത്''- അദ്ദേഹം പറഞ്ഞു. ഗുസ്‌തി താരങ്ങളുടെ പരാതിയിലും മണിപ്പൂരിലെ സ്ത്രീകൾ നേരിട്ട അതിക്രമണങ്ങളിലും കേന്ദ്ര സർക്കാരിന്റെ സമീപനമെന്തായിരുന്നുവെന്നും അദ്ദേഹം ആരാഞ്ഞു.
'നാഷണൽ ഇലക്ഷൻ വാച്ച്' റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ 16 എംപിമാരും, 135 എംഎൽഎമാരും ലൈംഗികാരോപണം നേരിട്ടിട്ടുണ്ടെന്നും അതിൽ 54 പേർ ബിജെപിയിൽ നിന്നും, 23 കോൺഗ്രസിൽ നിന്നും, ടിഡിപി 17 ഉം ആം ആദ്മി 13 എന്നിങ്ങനെയാണ്. ഇവരാരും എം പി സ്ഥാനമോ എം എൽ എ സ്ഥാനമോ രാജി വച്ചിട്ടില്ലെന്നും കേരളത്തിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ഇപ്പോൾ ആരോപണം ഉണ്ട്.
ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, അനിൽ കുമാർ, ഹൈബി ഈഡൻ, പീതാംബര കുറുപ്പ്, ശശി തരൂർ. ഇവരാരും എം എൽ എ സ്ഥാനമോ എംപി സ്ഥാനമോ രാജി വച്ചിട്ടില്ല. അന്വേഷണത്തിൽ ഇടപെടാൻ പാടില്ല എന്നതുകൊണ്ടാണ് മന്ത്രിസ്ഥാനത്തു നിന്നും മാറി നിൽക്കുന്നത്. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനമാണ് രാജിവച്ചത്. എൽഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ്, നീലലോഹിതദാസ് നാടാർ, ജോസ് തെറ്റയിൽ എന്നിവരും ആരോപണം നേരിട്ടിട്ടുണ്ട്. ഇവരാരും എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് രാജിവച്ച കാര്യവും എം വി ഗോവിന്ദൻ സ്ഥിരീകരിച്ചു. മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇപിക്ക് പരിമിതിയുണ്ടായി എന്നും തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രതികരണങ്ങളിലുണ്ടായ ചർച്ചയും പരിഗണിച്ചാണ് ജയരാജനെ മാറ്റാൻ തീരുമാനിച്ചതെന്നും ഇപി ജയരാജൻ പറയുന്നു. സംഘടനാ നടപടിയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.