പ്രശസ്ത സംവിധായകൻ എം മോഹൻ അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുൻപേ, മംഗളം നേരുന്നു, രചന, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ്.
ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ ‘ദ ക്യാമ്പസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കി.
കഴിഞ്ഞവർഷം മേയിൽ തിരുവനന്തപുരത്ത് നടന്ന ‘എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു.
ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് വരുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
മുൻകാല ചലച്ചിത്ര നടിയും കുച്ചുപ്പുടി നർത്തകിയുമായ അനുപമയാണ് ഭാര്യ. മോഹന്റെ 'രണ്ടു പെണ്‍കുട്ടികള്‍' എന്ന ചിത്രത്തിലെ നായികയാണ്. മക്കൾ: പുരന്ദര്‍ മോഹൻ, ഉപേന്ദര്‍ മോഹൻ.