നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പില്‍ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. വെള്ളി, ശനി ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞദിവസം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പെയ്ത മഴയില്‍ വൻനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത് . കോഴിക്കോട് മലയോര മേഖലയിലടക്കം കനത്ത മഴയാണ് പെയ്തത്. തിരുവമ്പാടി പുന്നയ്ക്കലില്‍ തോടിനു കുറുകെയുള്ള താത്കാലിക പാലം മഴയില്‍ ഒലിച്ചു പോയിരുന്നു.
കൂട്ടാലിടയില്‍ കാറിനു മുകളില്‍ മരം വീണ് കാര്‍ തകര്‍ന്നു.മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മെയ് മാസം അവസാനത്തോടെ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.