മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് പോലീസ് നിര്‍ദേശം, മാർഗതടസം സൃഷ്ടിച്ചെന്ന് പരാതി നൽകി കേന്ദ്രമന്ത്രി
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയിലാണ് നിര്‍ദേശം. തൃശൂര്‍ എസിപിയോടാണ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചത്. അനില്‍ അക്കരയുടെയും മാധ്യമപ്രവര്‍ത്തകരുടെയും മൊഴി നാളെ പോലീസ് ശേഖരിക്കും. അന്വേഷണത്തിന് പോലീസ് തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ അക്കര പ്രതികരിച്ചിരുന്നു.
അതേസമയം, രാമനിലയം ഗസ്റ്റ്ഹൗസില്‍ നിന്നിറങ്ങവേ മാര്‍ഗം തടസം സൃഷ്ടിച്ചെന്നു കാട്ടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി തൃശൂര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സംഭവ നടന്ന രാമനിലത്തിനു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് ക്ഷുഭിതനായി സുരേഷ് ഗോപി തള്ളിമാറ്റിയത്. 'എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപിയുടെ അതിക്രമം. ലൈംഗികാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു നടന്‍ കൂടിയായ സുരേഷ് ഗോപി കഴിഞ്ഞദിവസം സ്വീകരിച്ചത്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്.
തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍നിന്ന് പുറത്തേക്കുവന്ന സുരേഷ് ഗോപിയോട്, കാറില്‍ കയറുന്നതിന് മുന്‍പാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടാന്‍ ശ്രമിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും കെ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചുമായിരുന്നു ചോദ്യങ്ങള്‍. ഇതിനോട് രോഷാകുലനായ സുരേഷ് ഗോപി, കാറിന്റെ ഡോറിന് സമീപമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
ഒരു സുപ്രധാന വിഷയത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ട ജനപ്രതിനിധി ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന ചോദ്യത്തിന് 'ഉത്തരം പറയാന്‍ സൗകര്യമില്ല' എന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കിയതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത്.
മലയാള സിനിമയിലെ പല നടന്മാര്‍ക്കുമെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം രാവിലെയും സുരേഷ് ഗോപിയോട് ചോദിച്ചിരുന്നു. ഇതിനോടും ക്ഷുഭിതനായി പ്രതികരിച്ച ബിജെപി നേതാവ്, മാധ്യമങ്ങള്‍ ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണെന്ന് പറഞ്ഞിരുന്നു. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്. എല്ലാത്തിനും കോടതി ഉത്തരവ് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ മുകേഷിനെ ഉള്‍പ്പെടെയുള്ളവരെ ന്യായീകരിക്കുന്ന സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടിയാണ്, മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ അഭിപ്രായങ്ങളുണ്ടെങ്കിലും പാര്‍ട്ടി നിലപാടിനുവിരുദ്ധമായി പറയരുതെന്ന മുന്നറിയിപ്പും സുരേന്ദ്രന്‍ നല്‍കിയിരുന്നു. .
തൃശൂരില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈയ്യേറ്റ ശ്രമം നടത്തിയതിനെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) അപലപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള ശ്രമം ഞെട്ടിക്കുന്നതാണെന്നും സുരേഷ് ഗോപി പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.