'പ്ലസ് ടു സീറ്റ് വർധിപ്പിക്കുമ്പോള്‍ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണ്?' സർക്കാരിനെതിരെ കാന്തപുരം വിഭാഗം

'പ്ലസ് ടു സീറ്റ് വർധിപ്പിക്കുമ്പോള്‍ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണ്?' സർക്കാരിനെതിരെ കാന്തപുരം വിഭാഗം

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ആവശ്യപ്പെട്ടു

ഹയര്‍സെക്കണ്ടറി സീറ്റ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ കാന്തപുരം എ പി വിഭാഗം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ആവശ്യപ്പെട്ടു. ക്ഷേമ പെൻഷൻ കൃത്യമായി നൽകാൻ സെസ് ഏർപ്പെടുത്തിയ സംസ്ഥാനത്ത് ബാച്ചുകൾ വർധിപ്പിക്കുമ്പോൾ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണെന്ന് അബ്ദുൽ ഹകീം അസ്ഹരി ചോദിച്ചു. സർക്കാരിന് ഒരു ബാധ്യതയും ഇല്ലാത്ത അൺ എയ്‍ഡഡ് സ്‌കൂളുകൾക്ക് പോലും പുതിയ ബാച്ച് ലഭിക്കാൻ രണ്ട് വർഷത്തിലേറെ ഉത്തരമില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അസ്ഹരി കുറ്റപ്പെടുത്തി.

പുതിയ ബാച്ചുകൾ അനുവദിക്കാതെ കേവലം സീറ്റുകൾ വർധിപ്പിക്കുമ്പോൾ, മുന്‍പുള്ള കണക്കുപ്രകാരം സീറ്റുകൾ ലഭിക്കുമായിരുന്ന വിദ്യാർഥികൾക്ക് പോലും മൂല്യമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. ഡാറ്റകളുമായി വരുന്ന വിദ്യാർഥി സംഘങ്ങളെ ഇനിയുള്ള ദിവസങ്ങളിൽ തെരുവിൽ ഇറക്കാതിരിക്കാനുള്ള ജാഗ്രതയെങ്കിലും സർക്കാർ കാണിക്കണമെന്നും അസ്ഹരി ഫേസ്ബുക്ക്പോസ്റ്റിൽ ആവശ്യപ്പെട്ടു. 2014ൽ ലബ്ബ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 1:40 എന്ന രീതിയിൽ അധ്യാപക:വിദ്യാർഥി അനുപാതം പുനഃക്രമീകരിക്കേണ്ടതുണ്ട്. 50 കുട്ടികളിൽ കൂടുമ്പോൾ പുതിയ ബാച്ച് അനുവദിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹയർ സെക്കൻഡറി സീറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് ഇനിയും കണക്കുകൾ നിരത്തിയ നിവേദനങ്ങൾ സ്വീകരിക്കേണ്ടി വരുന്നത് സർക്കാറിന്റെ അജ്ഞതയേയോ വിഷയത്തെ എങ്ങനെ പരിഹരിക്കണം എന്ന തിരിച്ചറിവില്ലായ്മയോ ആണെന്നും അസ്ഹരി കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്ന സമീപനം മാറ്റണമെന്നും എസ് വൈഎസ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെടുന്നു.

മലബാര്‍ മേഖലയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ് വണ്‍ സീറ്റ് ഇല്ലാത്തതിനെതിരെ മറ്റു മുസ്ലിം സംഘടനകളും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങുമ്പോഴാണ് കാന്തപുരം വിഭാഗം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തുന്നത്. എല്‍ഡിഎഫിനോട് ചേര്‍ന്നു നില്‍ക്കാറുള്ള കാന്തപുരം വിഭാഗം നിലപാട് കടുപ്പിക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് സാധ്യത.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിദ്യാർത്ഥി കാലയളവിൽ നല്ല ശ്രദ്ധയും പരിഗണനയും വേണ്ട സമയമാണ് ഹയർ സെക്കണ്ടറി കാലം. തിരിച്ചറിവിന്റെ കാലമായത് കൊണ്ട് തന്നെ കൃത്യമായ ഗൈഡൻസും അത്യാവശ്യമാണ്. അതില്ലാതെ വരുമ്പോഴാണ് സ്കൂളുകൾ മയക്കുമരുന്നിന്റെയും മറ്റു അരാജകത്വ സംസ്കാരങ്ങളുടെയും ഇടങ്ങളായി മാറുന്നത്. 2014-ൽ ലബ്ബ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം 1:40 എന്ന രീതിയിൽ അധ്യാപക വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കേണ്ടതുണ്ട്. 50 കുട്ടികളെക്കാൾ കൂടുമ്പോൾ പുതിയ ബാച്ച് അനുവദിക്കണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹയർ സെക്കണ്ടറി സീറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് ഇനിയും കണക്കുകൾ നിരത്തിയ നിവേദനങ്ങൾ സ്വീകരിക്കേണ്ടി വരുന്നത് സർക്കാറിന്റെ അജ്ഞതയെയോ വിഷയത്തെ എങ്ങനെ പരിഹരിക്കണം എന്ന തിരിച്ചറിവില്ലായ്മയെയോ, അതുമല്ലെങ്കിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കാമെന്ന ദുഷ്കരമായ സമീപനത്തെയോ ആണ് സൂചിപ്പിക്കുന്നത്.

സീറ്റുകൾ വർധിപ്പിക്കുന്നതോടൊപ്പം പുതിയ ബാച്ചുകളും അനുവദിക്കണം. ക്ഷേമ പെൻഷൻ കൃത്യമായി നൽകാൻ വേണ്ടി സെസ് ഏർപ്പെടുത്തിയ ഒരു സംസ്ഥാനത്ത് ബാച്ചുകൾ വർധിപ്പിക്കുമ്പോൾ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണ്? സർക്കാറിന് ഒരു ബാധ്യതയും ഇല്ലാത്ത അൺ ഐഡഡ് സ്‌കൂളുകൾക്ക് പോലും പുതിയ ബാച്ച് ലഭിക്കാൻ രണ്ട് വർഷത്തിലേറെ ഉത്തരമില്ലാതെ കാത്തിരിക്കേണ്ടി വരുന്നു. ഒരു പ്രശ്നത്തെ എങ്ങനെ അഡ്രസ് ചെയ്യണം എന്ന് പോലും മനസ്സിലാക്കാതെ പോവുന്നു.

പുതിയ ബാച്ചുകൾ അനുവദിക്കാതെ, കേവലം സീറ്റുകൾ വർധിപ്പിക്കുമ്പോൾ, മുമ്പത്തെ കണക്കുപ്രകാരം സീറ്റുകൾ ലഭിക്കുമായിരുന്ന വിദ്യാർത്ഥികൾക്ക് പോലും മൂല്യമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. ഡാറ്റകളുമായി വരുന്ന വിദ്യാർത്ഥി സംഘങ്ങളെ ഇനിയുള്ള ദിവസങ്ങളിൽ തെരുവിൽ ഇറക്കാതിരിക്കാനുള്ള ജാഗ്രതയെങ്കിലും സർക്കാർ കാണിക്കേണ്ടിയിരിക്കുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in