'അപേക്ഷ നിരസിക്കരുത്,' വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം; ഉത്തരവിട്ട് ഹൈക്കോടതി

'അപേക്ഷ നിരസിക്കരുത്,' വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം; ഉത്തരവിട്ട് ഹൈക്കോടതി

അന്തിമ ഉത്തരവിറക്കി ഹൈക്കോടതി

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായും വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്യാനാവശ്യപ്പെടുന്നവരുടെ അപേക്ഷ ഉദ്യോഗസ്ഥർ നിരസിക്കരുതെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അന്തിമ ഉത്തരവിൽ വ്യക്തമാക്കി.

സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാൻ 2021 സെപ്റ്റംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനത്തിനായി ജസ്റ്റിസ് പി ബി സുരേഷ് കുമാർ ഹർജികൾ ഡിവിഷൻ ബഞ്ചിലേക്ക് റഫർ ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനി ധന്യ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പൊതുനിയമമനുസരിച്ച് വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള കരാറാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചുള്ള വിവാഹത്തിന് നടപടിക്രമം നിർദേശിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന്റെ അടിസ്ഥാന സ്വഭാവം കരാർ തന്നെയാണ്. കൂടാതെ ഇത്തരം വിവാഹ ഉടമ്പടിയിൽ 2000-ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വ്യവസ്ഥകൾക്കും പ്രസക്തിയുണ്ടെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. അതിനാൽ, വിവരസാങ്കേതികത നിയമതത്തിലെ 10 (എ) വകുപ്പിന്റെ അടിസ്ഥാനത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുന്ന വിവാഹം അസാധുവാണെന്ന് പറയാനാവില്ലെന്നുമായിരുന്നു സിംഗിൾ ബഞ്ചിന്റെ നിരീക്ഷണം.

സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി ഓൺലൈനിൽ ഹർജിക്കാരുടെ വിവാഹം നടത്താനോ രജിസ്റ്റർ ചെയ്യാനോ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പിന്നീടാണ് ഹർജിയിൽ വിശദമായ വാദം കേട്ട് 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹങ്ങൾ ഓൺലൈനായി നടത്താമെന്ന അന്തിമ വിധി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തിന് കോടതി ചില നിർദേശങ്ങളും നൽകി. ഓൺലൈൻ വിവാഹത്തിന്റെ സാക്ഷികൾ ഓഫീസർ മുൻപാകെ നേരിട്ട് ഹാജരാകണം. ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികൾ തിരിച്ചറിയണം. തിരിച്ചറിയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് നൽകണം. വധൂവരന്മാരുടെ പവർ അറ്റോർണിയുള്ളവർ ഇവർക്ക് വേണ്ടി ഒപ്പുവയ്ക്കണം. വിവാഹ തീയതിയും സമയവും മാരേജ് ഓഫീസർ തീരുമാനിച്ച് നേരത്തെ അറിയിക്കണം. ഏത് ഓൺലൈൻ പ്ളാറ്റ്‌ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം. വിവാഹം നടത്തിക്കഴിഞ്ഞ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണമെന്നുമാണ് നിർദേശം.

logo
The Fourth
www.thefourthnews.in