പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ടു മൂന്നരയോടെയായിരുന്നു അന്ത്യം
Updated on
2 min read

കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി' ചൊക്ലി മേനപ്രം പുതുക്കുടി പുഷ്പന്‍ അന്തരിച്ചു. 54 വയസായിരുന്നു. 1994 നവംബര്‍ 25ന് ഡിവൈഎഫ്‌ഐയുടെ സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിനിടെ കൂത്തുപറമ്പിലുണ്ടായ പോലീസ് വെടിവെപ്പില്‍ സുഷുമ്‌ന നാഡി തകര്‍ന്നതിനെത്തുടർന്ന് ശരീരം തളർന്ന് മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ടു മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായയതിനെത്തുടർന്ന് ജൂലൈ 31ന് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നു ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പുഷ്പനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ കരിങ്കൊടി കാണിച്ച് തടഞ്ഞുകൊണ്ടുള്ള ഡിവൈഎഫ്ഐ സമരത്തിനുനേരെയായിരുന്നു 1994 നവംബർ 25ലെ പോലീസ് വെടിവെപ്പ്. അന്ന് ഇരുപത്തിനാല് വയസായിരുന്നു പുഷ്പന്റെ പ്രായം. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കെ കെ രാജീവന്‍, ഷിബുലാല്‍, കെ വി റോഷന്‍, മധു, ബാബു എന്നിവരാണ് അന്ന് രക്തസാക്ഷികളായത്.

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'
തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

സുഷുമ്‌ന നാഡിയ്ക്കു വെടിവെടിയേറ്റ് ശരീരം തളർന്ന പുഷ്ൻ അന്നു മുതൽ ആശുപത്രികളിലും വീട്ടിലുമായി കിടപ്പിലായിരുന്നു. കടുത്ത വേദനയെ മരുന്നിന്റെയും മനശ്ശക്തിയെയും ബലത്തിൽ മറികടന്ന പുഷ്പൻ സിപിഎം സഖാക്കളുടെ ഊർജമായി മാറി. 'ജീവിക്കുന്ന രക്തസാക്ഷി' എന്ന അറിയപ്പെട്ട അദ്ദേഹത്തെ നൂറുകണക്കിനുപേരാണ് പലസമയങ്ങളിലായി വീട്ടിൽ സന്ദർശിച്ചത്. ഇതിനിടെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ സമ്മേളനവേദികളിലും കിടന്നകിടപ്പിൽ പുഷ്പനെത്തിയത് സഖാക്കളുടെ ആവേശവും പ്രതീക്ഷയുമായി മാറി.

ബാലസംഘം-വിദ്യാർഥി രാഷ്ട്രീയ പ്രവർത്തകനായി സാഹൂഹ്യപ്രവർത്തനത്തിൽ സജീവമായ പുഷ്പൻ തുടർന്നാണ് ഡിവൈഎഫ്ഐയുടെ ഭാഗമാകുന്നത്. സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു. ഡിവൈഎഫ്ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം.

ചൊക്ലി രാമവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. വീട്ടിലെ സാമ്പത്തികപ്രയാസം കാരണം പഠനം തുടരാനായില്ല. കര്‍ഷകത്തൊഴിലാളികളായിരുന്ന പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത, ജാനു, പ്രകാശന്‍.

പുഷ്പൻ പോരാട്ടത്തിന്റെ അണയാത്ത ജ്വാല: സിപിഎം

പുഷ്പന്റെ വേർപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അനുശോചിച്ചു. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഇനി അണയാത്ത ജ്വാലയാണെന്നു സെക്രട്ടറിയേറ്റ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ചികിത്സയും മരുന്നുമായി വേദന കടിച്ചമർത്തിയുള്ള നിരന്തരയാത്രയായിരുന്നു ഇതുവരെ പുഷ്പന്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറി പുഷ്പൻ. പാർട്ടിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും കുടുംബവുമുൾപ്പെടെ സാന്ത്വനമായും തണലായും എന്നും പുഷ്പന്‌ ഒപ്പമുണ്ടായിരുന്നു.

പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സധീരം നേരിട്ട്‌ മുന്നേറാൻ പുഷ്പന്റെ ധീരസ്മരണകൾ കരുത്തുപകരും. നിതാന്ത ജാഗ്രതയോടെ എക്കാലത്തും പുഷ്പനോടൊപ്പംനിന്ന പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സെക്രട്ടറിയേറ്റ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in