ഒപ്പമുണ്ട് പാര്‍ട്ടിയുടെ 'ദിവ്യകവചം'; ദിവ്യയ്‌ക്കെതിരേ ഉടന്‍ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നു സിപിഎം
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആതമഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരേ ഉടന്‍ സംഘടനാ നടപടി വേണ്ടെന്ന് സിപിഎം. ഇന്നു തൃശൂരില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കുന്നതേയുള്ളു. ആ വിധി വന്ന ശേഷം മറ്റു നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ. അതിനു ശേഷം ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. വിവാദം ഉയര്‍ന്ന ഉടന്‍ തന്നെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി നടപടിയെടുത്തിരുന്നെന്നും കൂടുതല്‍ നടപടി വേണമോയെന്നത് കോടതി നടപടികള്‍ എന്താണ് എന്നറിഞ്ഞതിനു ശേഷം മതിയെന്നും യോഗത്തില്‍ തീരുമാനമായി.
ദിവ്യയ്‌ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാതെ പാര്‍ട്ടിക്ക് മുഖം രക്ഷിക്കാനാകില്ലെന്ന നിലപാടായിരുന്നു മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചിരുന്നത്. വിഷയത്തില്‍ ദിവ്യയ്‌ക്കെതിരേ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ കഴിഞ്ഞ ദിവസം സൂചന നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട എന്നു വ്യക്തമാക്കുകയായിരുന്നു.
നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. അത് ശക്തമായ വിമര്‍ശനത്തിന് കാരണമായതോടെയാണ് ഇന്ന് അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചു ചേര്‍ത്തത്.
കേസിലെ ഏക പ്രതിയായ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന ആക്ഷേപം കോണ്‍ഗ്രസും ബിജെപിയും ശക്തമായി ഉന്നയിക്കുന്നുണ്ട്. എഡിഎമ്മിന്റെ ആത്മഹത്യക്കു പിന്നാലെ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ട് 12 ദിവസം പിന്നിടുമ്പോഴും ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ഇതു വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു
അതേസമയം ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29-നാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപറയുന്നത്. . ജസ്റ്റിസ് നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ, താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണം തള്ളിയിരുന്നു. കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നു ദിവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നവീന്‍ ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങളും ജാമ്യാപേക്ഷയിലുണ്ടായിരുന്നു.