'അനധികൃത കുടിയേറ്റ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ അവിശ്വാസം വളര്‍ത്തുന്നു'; വിമര്‍ശനവുമായി മലങ്കര മാര്‍ത്തോമ സുറിയാനി സഭ
ഭയം എന്ന വികാരത്തെ രാഷ്ട്രീയ ഉപകരണമാക്കി ഭരണകൂടങ്ങള്‍ തങ്ങളുടെ കാര്യസാധ്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ആശങ്ക അറിയിച്ച് മലങ്കര മാര്‍ത്തോമ സുറിയാനി സഭ. അനധികൃത കുടിയേറ്റത്തെയും ജനസംഖ്യയെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിച്ച് അവിശ്വാസവും ഉത്കണ്ഠയും വളര്‍ത്താനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളെ തിയോഡോഷ്യസ് മാര്‍ത്തോമ വിമര്‍ശിച്ചു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടന്ന വാര്‍ഷിക സഭാ പ്രതിനിധി മണ്ഡലം ഉദ്ഘാടനം ചെയ്യവേയായിരുന്നു മെത്രാപ്പൊലീത്തയുടെ വിമര്‍ശനം.
പ്രാദേശിക പാരമ്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനെന്ന പേരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന അവകാശവാദങ്ങളെയും മെത്രാപ്പൊലീത്ത എടുത്തുകാട്ടി. 'പുരാണങ്ങളും പ്രാദേശിക നാടോടിക്കഥകളും പൊതുബോധത്തെ രൂപപ്പെടുത്തുമ്പോള്‍, യഥാര്‍ഥ മാനുഷിക പ്രശ്നങ്ങള്‍ പുറന്തള്ളപ്പെടുന്നു,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ചേരിതിരിവുകളെ പ്രതിപാദിച്ചുകൊണ്ട് വെല്ലുവിളികള്‍ക്കിടയിലും, കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിന്‌റെ ദൃഢത വെളിവാക്കുന്നുവെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. വംശീയതയുടെയും ജാതിയുടെയും മതത്തിന്‌റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സമൂഹത്തില്‍ പുതിയ പ്രത്യാശ വളര്‍ത്തിയെടുക്കുവാന്‍ ക്രിസ്ത്യന്‍ പള്ളികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ ആശങ്ക പ്രകടിപ്പിച്ച മെത്രാപ്പൊലീത്ത സമകാലിക ഇന്ത്യയില്‍ സ്ത്രീകളുടെ അവകാശലംഘനങ്ങളുടെ വര്‍ധനവ് സംഭവിക്കുന്നതായും പറഞ്ഞു. മൊബൈല്‍ഫോണുകളുടെ വ്യാപകമായ ഉപയോഗവും സാമൂഹിക ഔചിത്യമില്ലാതെയുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗവും ഇതിന് കാരണമാണ്. 'പോസ്റ്റ്- ട്രൂത്ത'് യുഗത്തിന്‌റെ ഭാഗമായി ഇതിനെ അടയാളപ്പെടുത്താം. മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനായി ചര്‍ച്ച് മാനേജ്‌മെന്‌റിന് കീഴിലുള്ള ചില സ്‌കൂളുകളില്‍ ആരംഭിക്കുന്ന 'സേവ് അസ് ഫ്രം സ്‌ക്രീന്‍സ്' പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.