ഇന്നലെ ജഗദീഷ്, ഇന്ന് ഉര്‍വശി; 'അമ്മ'യെ തിരുത്തുന്ന മുതിര്‍ന്ന മക്കള്‍

ഇന്നലെ ജഗദീഷ്, ഇന്ന് ഉര്‍വശി; 'അമ്മ'യെ തിരുത്തുന്ന മുതിര്‍ന്ന മക്കള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നായ പവര്‍ ഗ്രൂപ് ആരോപണം തള്ളിയും താര സംഘടനയുടെ ഔദ്യോഗിക നിലപാടിനെ പരോക്ഷമായി പിന്തുണച്ചും നടനും എംഎല്‍എയുമായ മുകേഷ് രംഗത്തെത്തി
Published on

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേരളത്തിന്റെ സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ പുതിയ തലങ്ങളിലേക്ക്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വൈകി പ്രതികരിച്ച താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പുരോഗമിക്കുന്ന ചര്‍ച്ചയുടെ ഒരുഭാഗം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ രഞ്ജിത്തിന് എതിരെ ബംഗാളി നടി ഉന്നയിച്ച അതിക്രമാരോപണമാണ് മറ്റൊരു വശത്ത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ചൂഷണങ്ങളുടെ ഭാഗങ്ങളെ വലിയ പ്രശ്‌നമായി കണേണ്ടതില്ല എന്ന നിലയില്‍ താര സംഘടനാ ഭാരവാഹികളായ സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിടത്ത് നിന്നാണ് വിഷത്തില്‍ അഭിനേതാക്കള്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായം ഉണ്ടെന്ന തരത്തില്‍ പ്രതികരണങ്ങള്‍ പുറത്തുവന്നത്. അമ്മ ജനറല്‍ സെക്രട്ടറി സിദ്ധീഖ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോമോള്‍, അനന്യ, ജയന്‍ ചേര്‍ത്തല എന്നിവരാണ് സംഘടനയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി വാര്‍ത്താസമ്മേളനം വിളിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ വിശേഷിപ്പിച്ചപ്പോള്‍ എതിര്‍ ശബ്ദങ്ങളും ഉയര്‍ന്നു. താര സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളാണ് ഔഗ്യോഗിക നിലപാടുകളെ തള്ളി രംഗത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ് ആണ് വിഷത്തില്‍ എതിര്‍ ശബ്ദം ഉയര്‍ത്തി ആദ്യം രംഗത്തെത്തിയത്. പിന്നാലെ മുതിര്‍ന്ന നടിയും ഇത്തവണത്തെ സംസ്ഥാന പുരസ്‌കാര ജേതാവുമായ ഉര്‍വശിയും താരം സംഘടനയുടെ വാദങ്ങളെ തള്ളി രംഗത്ത് എത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ് എന്ന താര സംഘടനയുടെ നിലപാട് തള്ളിയ ഉര്‍വശി 'അമ്മ' ഇരകള്‍ക്കൊപ്പമാണ് നിലകൊള്ളേണ്ടത് എന്നുമാണ് പ്രതികരിച്ചത്. 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ധിഖ് നടത്തിയ പ്രതികരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഉര്‍വശി വിഷയത്തില്‍ അയഞ്ഞ സമീപനം കൈക്കൊള്ളരുത് എന്നും നിര്‍ദേശിച്ചു. 'അമ്മ' സംഘടന ഉടനടി യോഗം വിളിച്ച് എല്ലാവരുടെയും തീരുമാനങ്ങള്‍ ആരായണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കി, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട ശേഷമല്ല, 'അമ്മയാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നായ പവര്‍ ഗ്രൂപ് ആരോപണം തള്ളിയും താര സംഘടനയുടെ ഔദ്യോഗിക നിലപാടിനെ പരോക്ഷമായി പിന്തുണച്ചും നടനും എംഎല്‍എയുമായ മുകേഷ് രംഗത്തെത്തി. സിനിമ മേഖലയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. പവര്‍ ഗ്രൂപ്പ് ഒരാളെ കൊണ്ടുന്നിട്ട് ഇയാളെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. കോടിക്കണക്കിന് രൂപയുടെ മുതലാണ് സിനിമ. എന്റെ സ്വന്തം ആളാണെങ്കിലും ഒരു സിനിമ പൊളിഞ്ഞാല്‍ കഴിഞ്ഞു. പവര്‍ഗ്രൂപ്പിനൊന്നും നിലനില്‍ക്കാന്‍ സാധിക്കില്ല. കഴിവിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ കഴിയു എന്നും മുകേഷ് പറയുന്നു. പരാതിയില്ലാതെ കേസെടുത്ത് കഴിഞ്ഞ് അവര്‍ പരാതിയില്ലെന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരും സംഘടനകളും തീരുമാനിക്കട്ടെ. പരാതി പറഞ്ഞെങ്കില്‍ അത് പുറത്തുവരണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കമ്മിറ്റിയെ വെച്ച നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പിന്റെ സാന്നിധ്യം തള്ളാതെയായിരുന്നു നടി ശ്വേതാ മേനോന്റെ പ്രതികരണം. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന നിലയില്‍ അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് പവര്‍ ഗ്രൂപ്പിന്റെ കൂടി ഇടപെടലിന്റെ ഭാഗമായിട്ടായിരിക്കാം എന്നും ശ്വേത ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. കുറേ വര്‍ഷങ്ങളായി ഞാന്‍ പറയുന്ന കാര്യമാണ് സ്ത്രീകള്‍ക്കു പ്രശ്‌നമുണ്ട്, അനീതികള്‍ക്ക് എതിരെ സ്ത്രീകള്‍ സ്വന്തമായി തന്നെ പോരാടണം. കാരണം ഇക്കാര്യത്തില്‍ നമുക്കൊപ്പം ആരും ഉണ്ടാകില്ലെന്നും ശ്വേത ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in