ഓണത്തിനൊരുങ്ങി കേരളം; പൂക്കളില്‍ പ്രതീക്ഷയോടെ തോവാള
കേരളം ഓണത്തിന് ഒരുങ്ങുമ്പോള്‍ തോവാള ഗ്രാമത്തിന്റെ ഉള്ളില്‍ പ്രതീക്ഷകളാണ്. തിരുവിതാംകൂറിന്റെ പൂക്കട എന്നറിയപ്പെടുന്ന തോവാള ഗ്രാമവും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പഴയ തിരുവിതാംകൂറിന്റെ ഭാഗമാണ് തോവാളയെന്ന ഈ പൂഗ്രാമം. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ഇവിടെ പൂ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നുണ്ട്.
തിരുവിതാംകൂറിന്റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് തോവാളയുടെ പൂകൃഷി പാരമ്പര്യം. തിരുവിതാംകൂര്‍ ഭരണാധികാരികളാണ് തോവാളയിലെ പൂകൃഷിക്കായി സഹായം ചെയ്തത്. പതിനെട്ടാം നുറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തിരുവിതാംകൂറില്‍ ദിവാനായിരുന്ന രാമയ്യന്‍ ദളവയുടെ ഇടപെടലിലൂടെയാണ് തോവാളയില്‍ പൂഗ്രാമം ഉണ്ടാകുന്നത്. രാജഭരണകാലം വരെയും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഇവിടെ നിന്നാണ് പൂക്കള്‍ എത്തിച്ചിരുന്നത്. തോവാളയിലെ പൂചന്തയ്ക്ക് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
കാലം മാറിയപ്പോള്‍ തോവാളയും മാറി, പൂ കൃഷിയുടെ പേരില്‍ ഇന്ന് ലോകത്തില്‍ അറിയപ്പെടുന്ന പ്രദേശമാണ് തോവാള. രാത്രിയും പുലര്‍ച്ചെയും പൂക്കളെ കൊണ്ട് നിറഞ്ഞ വണ്ടികള്‍ തോവാളയെ സജീവമാക്കും. ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച ചന്തയില്‍ വന്ന് വിലപേശി പൂക്കള്‍ വാങ്ങാം.
പുലര്‍ച്ചെ മുതല്‍ ചന്ത
രാവിലെ തന്നെ പാടത്തിറങ്ങുന്ന കര്‍ഷകര്‍ പൂക്കളുമായി എത്തുന്നതിന് രണ്ടുമണിക്കൂറോളം വേണം. തോവാളയില്‍ ദിവസവും 10 ടണ്‍ വരെ യാണ് പൂക്കള്‍ വില്‍ക്കുന്നത്. എന്നാല്‍ ഓണത്തിന് 15 ടണ്ണില്‍ ഏറെയാണ് കച്ചവടം. വിദേശരാജ്യങ്ങളില്‍ വരെ പൂക്കള്‍ പോകുന്നതും തോവാളയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. നാളെ മുതല്‍ കേരളം ഓണാഘോഷങ്ങളിലേക്ക് തിരിയുമ്പോള്‍ തങ്ങളുടെ വ്യാപാരവും ഉയരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
പൂക്കളുടെ വില
താമര ഓരെണ്ണം : 10 രൂപ
ജമന്തി : കിലോ 300 രൂപ
വാടാമല്ലി : കിലോ 150 രൂപ
റോസ് : കിലോ 200 രൂപ
അരളി : കിലോ 250 രൂപ