മഹുമൂദ് ദാര്‍വിഷ്:
പലസ്തീന്‍ ദേശീയതയുടെ കവി; പ്രണയത്തിന്റെ, അസ്തിത്വവ്യഥയുടെ അനശ്വര ഗായകന്‍

മഹുമൂദ് ദാര്‍വിഷ്: പലസ്തീന്‍ ദേശീയതയുടെ കവി; പ്രണയത്തിന്റെ, അസ്തിത്വവ്യഥയുടെ അനശ്വര ഗായകന്‍

നിലയ്ക്കാത്ത വെടിയൊച്ചകള്‍ക്കിടയില്‍, കയ്യില്‍ കിട്ടിയതൊക്കെ വാരിപ്പെറുക്കിയുള്ള പാലായനങ്ങള്‍ക്കിടയില്‍ ഓരോ പലസ്തീന്‍കാരന്റെ മുറിവുകളിലും മഹുമൂദ് ദാര്‍വിഷിന്റെ വരികള്‍ ലേപനമാകും

''രേഖപ്പെടുത്തൂ ഞാന്‍ ഒരു അറബ് ആണ്

ഞാന്‍ മനുഷ്യരെ വെറുക്കുന്നില്ല

ഞാന്‍ ആരുടെയും ഭൂമിയില്‍ അതിക്രമിച്ചുകയറുന്നില്ല

എന്നിട്ടും എനിക്ക് വിശക്കേണ്ടി വരികയാണെങ്കില്‍

ഞാന്‍ എന്നെ അടിച്ചമര്‍ത്താന്‍ വരുന്നവന്റെ മാംസം ഭക്ഷിക്കും

കരുതിയിരിക്കുക എന്റെ വിശപ്പിനെ, കോപത്തെയും ...''

1965 ല്‍ നസ്രേത്തിലെ ജനക്കൂട്ടത്തിനിടയില്‍ മഹുമൂദ് ദാര്‍വിഷ് ചൊല്ലിയ 'തിരിച്ചറിയല്‍ കാര്‍ഡ്' എന്ന കവിത പലസ്തീനികള്‍ തങ്ങളുടെ വിമോചന ഗാനമായി നെഞ്ചേറ്റിയത് അതിലെ ഓരോ അക്ഷരവും അവരുടെ വിധിയെ പ്രതിഫലിപ്പിക്കുന്നവ ആയതുകൊണ്ട് തന്നെയാവണം.

വീണ്ടുമൊരു യുദ്ധമുനമ്പില്‍ പലസ്തീന്‍ ജനത നട്ടം തിരിയുമ്പോള്‍ ദാര്‍വിഷിന്റെ കവിതകള്‍ അവരുടെ ആത്മവിശ്വാസം കെട്ടുപോകാതെ മുനിഞ്ഞുകത്താന്‍ സഹായിക്കുന്ന ഇന്ധനത്തിലെ ഒരു പങ്ക് ഉറപ്പായും ദാര്‍വിഷിന്റെ മൂര്‍ച്ചയുള്ള വരികള്‍ തന്നെയാവും.

മഹുമൂദ് ദാര്‍വിഷ്:
പലസ്തീന്‍ ദേശീയതയുടെ കവി; പ്രണയത്തിന്റെ, അസ്തിത്വവ്യഥയുടെ അനശ്വര ഗായകന്‍
ഗാസയിലെ കണ്ണീരിന് കണ്ണൂരില്‍ നിന്നൊരു പ്രതിഷേധം; ഇസ്രയേല്‍ പോലീസിന് ഇനി യൂണിഫോം നല്‍കില്ലെന്ന് മരിയന്‍ അപ്പാരല്‍സ്

''യുദ്ധം അവസാനിക്കും

നേതാക്കള്‍ കൈകൊടുക്കും

ഒരു വൃദ്ധ രക്ത സാക്ഷിയായ മകനുവേണ്ടി കാത്തിരിക്കും

ആ കുട്ടികള്‍ അവരുടെ നായകാനായ അച്ഛനുവേണ്ടി കാത്തിരിക്കും

ആരാണ് നമ്മുടെ നാട് വിറ്റതെന്ന് എനിക്കറിയില്ല

എന്നാല്‍ ആരാണ് അതിന് വിലനല്‍കിയതെന്ന് നന്നായറിയാം...''

വെടിയൊച്ചകള്‍ മുഴങ്ങുമ്പോള്‍ ലോകം മുഴുവന്‍ കൊണ്ടാടുന്ന മഹുമൂദ് ദര്‍വേഷിന്റെ മറ്റൊരു കവിതയായ 'യുദ്ധം അവസാനിക്കും' തുടങ്ങുന്നത് ഇങ്ങനെയാണ്. ഹമാസ് - ഇസ്രയേല്‍ പോരാട്ടം ആരംഭിച്ച ദിവസങ്ങളില്‍ ഈ വരികള്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരടക്കം നിരവധി പ്രമുഖര്‍ പങ്കുവച്ചു കണ്ടു.

ആരാണ് പലസ്തീനികള്‍ക്ക് ഈ മഹുമൂദ് ദര്‍വീഷ്? പലസ്തീനെന്ന നഷ്ട സ്വര്‍ഗത്തിന്റെ പാട്ടുകാരനെന്ന് ഒറ്റവരിയില്‍ വിശേഷിപ്പിക്കാം. കാരണം നിലയ്ക്കാത്ത വെടിയൊച്ചകള്‍ക്കിടയില്‍ ചോരയൊലിപ്പിച്ച് കയ്യില്‍ കിട്ടിയതൊക്കെ വാരിപ്പെറുക്കിയുള്ള പാലായനങ്ങള്‍ക്കിടയില്‍ ഓരോ പലസ്തീന്‍കാരന്റെ മുറിവുകളിലും ദര്‍വീഷിന്റെ വരികള്‍ ലേപനമാകും. കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന ഓരോ പാലസ്തീനിക്കും ഉടമ്പടികളൊന്നുമില്ലാതെ ഭയകേന്ദ്രമാകും അതിരുകളും കാവല്‍ക്കാരുമില്ലാത്ത ദര്‍വീഷിന്റെ കാവ്യസാമ്രാജ്യം.

പാലസ്തീനികളുടെ വേദനയെ അവന്റെ കോപത്തെ നിരാശയെ നെടുവീര്‍പ്പുകളെ സ്വപ്നങ്ങളെ ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞ പലസ്തീന്‍ എന്ന സാങ്കല്‍പ്പിക രാഷ്ട്രത്തിന്റെ ദേശീയ കവിയാണ് മഹുമൂദ് ദാര്‍വിഷ്. ഗാലിലിയിലെ അല്‍ബിറയില്‍ 1941-ലാണ് മഹുമൂദ് ദാര്‍വിഷ് ജനിക്കുന്നത്.

1948-ലെ അറബ് - ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ സേന ദാര്‍വിഷിന്റെ ഗ്രാമം കീഴടക്കി. ഒരിക്കലും ആ പ്രദേശത്തേക്ക് തിരിച്ചെത്താനാകാത്ത വിധം അവരുടെ വീടുകള്‍ ഇസ്രയേല്‍ പട്ടാളം ഇടിച്ചു നിരത്തി. അങ്ങനെ ഏഴാം വയസില്‍ തന്നെ ദാര്‍വിഷ് പലായനത്തിന്റെ കയ്പറിഞ്ഞു. ലെബനനിലെ ജെസീന്‍, ഡാമര്‍ എന്നിവിടങ്ങളില്‍ ആ കുടുംബം മാറി മാറി തങ്ങി. ഒരു വര്‍ഷത്തിനുശേഷം അഭയാര്‍ത്ഥിയായി, തിരികെ സ്വന്തം നാട്ടിലേക്ക്. അക്ക എന്ന പ്രദേശത്ത് താമസം തുടങ്ങി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷംദര്‍വിഷ് ഹൈഫ എന്ന പട്ടണത്തിലേക്ക് കുടിയേറി.

മഹുമൂദ് ദാര്‍വിഷ്:
പലസ്തീന്‍ ദേശീയതയുടെ കവി; പ്രണയത്തിന്റെ, അസ്തിത്വവ്യഥയുടെ അനശ്വര ഗായകന്‍
'സഹതാപമല്ല, സംരക്ഷണമാണ് ഞങ്ങള്‍ക്ക് ആവശ്യം'; അഭയാര്‍ഥി ക്യാമ്പില്‍ പോലും സുരക്ഷിതരല്ലാതെ പലസ്തീനികള്‍

പത്തൊമ്പതാം വയസില്‍ ചിറകുകളില്ലാത്ത പക്ഷികള്‍ എന്ന ആദ്യകവിതാസമാഹാരം പുറത്തിറക്കി. ഇസ്രയേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആനുകാലികങ്ങളിയിരുന്നു ആദ്യമാദ്യം കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥിയായി കഴിയുന്നതിന്റെ രോഷം മുറ്റിനിന്ന രചനകള്‍ അറബ് യുവതയുടെ ഉള്ളില്‍ ദേശീയത ജ്വലിപ്പിച്ചു. കാലക്രമേണ ആ ആനുകാലികങ്ങളുടെ എഡിറ്ററായി മാറിയ അദ്ദേഹം 1970ല്‍ സോവ്യറ്റ് യൂണിയനിലേക്ക് ഉന്നതപഠനത്തിനായി പോയി. പിന്നെ ഈജിപ്റ്റിലേക്കും ലെബനനിലേക്കും.

1973 ല്‍ പാലസ്റ്റീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായതോടെ ഇസ്രയേല്‍ ഭരണകൂടം രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കി. പിന്നെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹത്തിന് 1995 വരെ കാത്തിരിക്കേണ്ടി വന്നു. ഹൈഫയില്‍ ഒരു സുഹൃത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാല് ദിവസത്തെ അനുമതി ലഭിച്ചു. ആ വര്‍ഷം തന്നെ റാമള്ളയില്‍ താമസിക്കാന്‍ അദ്ദേഹത്തിന് അനുമതി കിട്ടി. 1987-ല്‍ പിഎല്‍ഒ യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദാര്‍വിഷ് ഓസ്ലോ കരാറില്‍ വിയോജിപ്പ് രേഖപ്പെടുത്തി 1993-ല്‍ പാര്‍ട്ടി വിടുകയായിരുന്നു. ഹമാസിനോടും തുടക്കം മുതല്‍ വിയോജിച്ചിരുന്നു ദാര്‍വിഷ്.

സ്വന്തം മണ്ണില്‍ നിന്നും പറിച്ചെറിയപ്പെടുന്ന പലസ്തീനികളുടെ വേദനയുടെ സമാഹാരങ്ങളാണ് ദാര്‍വിഷിന്റെ ഓരോ രചനയും. 'ടു മൈ മദര്‍' (എന്റെ അമ്മയ്ക്ക്) എന്ന കവിതയെ പലസ്തീനികള്‍ അവരുടെ ദേശീയ ഗാനം പോലെ നെഞ്ചേറ്റുന്നു. ആ കവിതയുടെ തുടക്കം ഇങ്ങനെയാണ്:

''ഞാന്‍ എന്റെ അമ്മയുടെ ആഹാരത്തിനായി കൊതിപൂണ്ടിരിക്കുന്നു,

അവരുണ്ടാക്കിയ കോഫിക്കായി

അവരുടെ സ്പര്‍ശനത്തിനായി...''

അവസാനിക്കുന്നത് ഇങ്ങനെയും:

''എനിക്ക് വയസായിരിക്കുന്നു

എനിക്കെന്റെ കുട്ടിക്കാലത്തെ നക്ഷത്രങ്ങളെ തിരികെ തരൂ

വീടണയാനുള്ള എന്റെ അഭിവാഞ്ജകള്‍ക്ക് അവ പാതയൊരുക്കും

ദേശാടന പക്ഷികള്‍ക്കൊപ്പം

അമ്മ കാത്തിരിക്കുന്ന കൂട്ടിലേക്ക് തിരികെയെത്താന്‍''

തുടക്കത്തില്‍ പരാമര്‍ശിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്ന കവിതയിലെ വരികള്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരായ മുദ്രാവാക്യം പോലെയാണ് പലസ്തീനികള്‍ ഏറ്റെടുത്തത്. 1965-ല്‍ ദാര്‍വിഷ് രചിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഏതൊരു മിസൈലിനേക്കാളും പ്രഹരശേഷിയുള്ളതായിരുന്നു ഇസ്രയേല്‍ ഭരണകൂടം അന്നേ തിരിച്ചറിഞ്ഞു.

മഹുമൂദ് ദാര്‍വിഷ്:
പലസ്തീന്‍ ദേശീയതയുടെ കവി; പ്രണയത്തിന്റെ, അസ്തിത്വവ്യഥയുടെ അനശ്വര ഗായകന്‍
യുഎന്‍, യുഎസ് നിര്‍ദേശവും പാലിക്കാതെ ഇസ്രയേല്‍; റാഫ ക്രോസിങ് അടഞ്ഞുതന്നെ, ദുരിതമേറുന്നു

നെരൂദയേയും ജിബ്രാനെയുംമൊക്കെ പോലെ രാഷ്ട്രീയത്തിനും മാനവികതയ്ക്കുമപ്പുറം പ്രണയവും ദാര്‍വിഷിന്റെ കവിതകള്‍ക്ക് വിഷയമായി. ലോകം വാഴ്ത്തുന്ന ദാര്‍വിഷിന്റെ പ്രണയകവിതകളില്‍ മിക്കവയിലും നായിക റീത്തയായിരുന്നു. 2007 വരെ റീത്ത ആരെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അതിനുശേഷമാണ് പലസ്തീനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന വിപ്ലവ കവി മഹുമൂദ് ദാര്‍വിഷിന്റെ ജൂത കാമുകിയെക്കുറിച്ച് ലോകമറിയുന്നത്.

പതിനേഴാം വയസില്‍ ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച കാലയളവിലാണ് തമര്‍ ബെനാമിയുമായി ദര്‍വേഷ് പ്രണയത്തിലാകുന്നത്. ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സില്‍ ചേരാനുള്ള തമറിന്റെ തീരുമാനത്തോടെ ആ പ്രണയം പാതിവഴിയില്‍ അവസാനിച്ചു. പക്ഷേ റീത്തയെന്ന പേരില്‍ തമര്‍ ദര്‍വേഷിന്റ കാവ്യജീവിതത്തിലുടനീളം സങ്കല്പ ലോകത്തെ കാമുകിയായി തുടര്‍ന്നു. തമറിനോടുള്ള പ്രണയും വിയോജിപ്പുകളുമായിരുന്നു ദര്‍വേഷിന്റെ പ്രണയകവിതകള്‍ മിക്കവയും.

റീത്തയ്ക്കും എന്റെ കണ്ണുകള്‍ക്കുമിടയില്‍ ഒരു തോക്കുണ്ട് എന്ന് തുടങ്ങുന്നു 'റീത്ത ആൻഡ് റൈഫിള്‍' എന്ന കവിത. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്:

''സായാഹ്ന മൗനമേ, നീ കേള്‍ക്ക്

അന്നൊരിക്കല്‍ ഒരു പ്രഭാതത്തില്‍ എന്റെ ചന്ദ്രന്‍

അങ്ങ് ദൂരെ തേന്‍ നിറമുള്ള ആ കണ്ണുകള്‍ ഉള്ളിടത്ത് കുടിയേറി

അന്ന് ഈ നഗരം ഇവിടുത്തെ പാട്ടുകാരെ തൂത്തെറിഞ്ഞു;

ഒപ്പം എന്റെ റീത്തയെയും...''

മറ്റൊരു കവിതയില്‍ ദാര്‍വിഷ് ഇങ്ങനെ എഴുതി:

''എല്ലാവഴികളും നിന്നിലേക്ക് എത്തിച്ചേരുന്നു

നിന്നെ മറക്കാനായി നടന്ന വഴികളും...''

തനിക്കൊരിക്കലും സന്ധി ചെയ്യാനാകാത്ത ആ തീരുമാനമെടുത്ത കാമുകിയോട് കവിത കൊണ്ട് ദര്‍വേഷ് ഇങ്ങനെ പരിഭവിച്ചു കൊണ്ടേയിരുന്നു:

''നിനക്ക് അത് അത്ര വലിയൊരു കാര്യമായിരുന്നിരിക്കില്ല, റീത്ത

എന്നാല്‍ എനിക്ക് അതെന്റെ ഹൃദയമായിരുന്നു...''

വേറൊരു കവിതാ ശകലം ഇങ്ങനെയാണ്:

''ട്രെയിനില്‍ നമ്മള്‍ സീറ്റുകള്‍ പരസ്പരം വച്ചുമാറി

നിനക്ക് വിന്‍ഡോ സീറ്റ് വേണമായിരുന്നു

എനിക്ക് നിന്നെ കണ്ടുകൊണ്ടേ ഇരിക്കണമായിരുന്നു''

ആ പ്രണയനഷ്ടമാണ് ദാര്‍വിഷിനെ ലോകം കൊണ്ടാടുന്ന പ്രണയ കവി കൂടിയാക്കിയതെന്ന് പറയാം.

പ്രണയവും യുദ്ധവും ഇടകലരും ദര്‍വേഷിന്റെ കവിതകളില്‍.

''അവള്‍: നമ്മള്‍ ഇനി എന്ന് കണ്ടുമുട്ടും

ഞാന്‍: യുദ്ധം അവസാനിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍

അവള്‍: യുദ്ധം എന്ന് അവസാനിക്കും

ഞാന്‍: നമ്മള്‍ കണ്ടുമുട്ടുമ്പോള്‍''

മഹുമൂദ് ദാര്‍വിഷ്:
പലസ്തീന്‍ ദേശീയതയുടെ കവി; പ്രണയത്തിന്റെ, അസ്തിത്വവ്യഥയുടെ അനശ്വര ഗായകന്‍
'ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ'; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍

1992 ല്‍ റീത്തയെ പാരീസില്‍ കണ്ടശേഷം ദര്‍വേഷ് എഴുതിയ 'റീത്താസ് വിന്റര്‍' എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെ:

''എന്റെ അറിവില്ലായ്മ കാരണം ഞാന്‍ നിന്നെ ജന്മദേശമെന്ന് വിളിച്ചു

ജന്മദേശവും കീഴടക്കപ്പെട്ടു എന്ന് ഞാന്‍ മറന്നുപോയി''

വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജീവിതങ്ങള്‍ക്കൊടുവില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ച് 2008 ഓഗസ്റ്റ് ഒന്‍പതിന് ഹൃദയശസ്ത്രക്രിയക്ക് പിന്നാലെ ആരും തിരിച്ചറിയല്‍ കാര്‍ഡുകള്‍ അന്വേഷിക്കാത്ത ലോകത്തേക്ക് മഹമൂദ് ദാര്‍വിഷ് മടങ്ങി. യാസര്‍ അരാഫത്തിനുശേഷം പലസ്തീന്‍ കണ്ട ഏറ്റവും വിപുലമായ അന്ത്യയാത്ര നല്‍കി പല്‌സതീനികള്‍ അവരുടെ കവിയ്ക്ക് വിടചൊല്ലി.

പലസ്തീന്റെ രാഷ്ട്രസ്വപ്നങ്ങള്‍ക്ക് കാവലായി അവിടെ ഉയരുന്ന സ്‌ഫോടനങ്ങളെക്കാള്‍ ഉച്ചത്തില്‍ ലോകം മുഴുവന്‍ ഇന്നും മുഴങ്ങുന്നു ദര്‍വേഷിന്റെ കവിതകള്‍.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in