ഖാദർ കമ്മിറ്റി റിപ്പോർട്ട്: സഭയേയും എൻഎസ്എസിനേയും നേരിടാൻ ധൈര്യപ്പെടുമോ ഇടതുസർക്കാർ?

ഖാദർ കമ്മിറ്റി റിപ്പോർട്ട്: സഭയേയും എൻഎസ്എസിനേയും നേരിടാൻ ധൈര്യപ്പെടുമോ ഇടതുസർക്കാർ?

കേരളത്തിലെ ആകെ അധ്യാപകരില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ പ്രാതിനിധ്യം 3.78 ശതമാനം മാത്രമാണ്
Published on

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി മന്ത്രിസഭ അംഗീകരിച്ചു എന്ന വാർത്ത പുറത്തുവന്നതുമുതൽ എൻഎസ്എസും ക്രിസ്തീയ സഭയും മുസ്ലിം മാനേജ്‌മെന്റുകളും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടുന്നതാണ് റിപ്പോർട്ടിൽ സമുദായസംഘടനകളെ ചൊടിപ്പിച്ച ശിപാർശ. ജാതി മത പൗരോഹിത്യത്തെ നേരിടാൻ ധൈര്യപ്പെടുമോ ഇടതു സർക്കാർ എന്നതാണ് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

കേരളത്തിലെ ആകെ അധ്യാപകരില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ പ്രാതിനിധ്യം 3.78 ശതമാനം മാത്രമാണ്. സംവരണം ഒട്ടുമില്ലാത്ത എയ്ഡഡ് മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം 0.37 ശതമാനവും. അതായത് അര ശതമാനത്തിലും താഴെയാണ് എയ്ഡഡ് സ്‌കൂളുകളില്‍ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തില്‍ ഈ വിവേചനം അതിശക്തമായുണ്ടെന്നും അത് വെച്ച് പൊറുപ്പിക്കാന്‍ സാധിക്കില്ല എന്നും സൂചിപ്പിച്ചുകൊണ്ട് തന്നെയാണ് ഖാദര്‍ കമ്മിറ്റി, നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്ന് ശിപാര്‍ശചെയ്തത്.

നവോഥാന ചരിത്രത്തില്‍ ഊറ്റംകൊള്ളുന്ന സിപിഎം ആണ് ഇന്ന് കേരളം ഭരിക്കുന്നത്. അതേസമയം സവര്‍ണ സംവരണം നടപ്പിലാക്കിയ, പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ ഇ- ഗ്രാന്റ് ഫെല്ലോഷിപ്പുകള്‍ കൃത്യമായി കൊടുത്തു തീര്‍ക്കാത്ത ഭരണകൂടവുമാണിത്. ശബരിമല മുതല്‍ മിത്ത് വിവാദംവരെയുള്ള വിഷയങ്ങളില്‍ എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്ക് സിപിഎമ്മിനെ എളുപ്പം പ്രതിരോധത്തിലാക്കാനും സാധിച്ചിട്ടുണ്ട് എന്നിരിക്കെ, സമുദായസംഘടനകള്‍ക്ക് സാമ്പത്തിക നഷ്ടം പോലും വരുത്തുന്ന ഒരു തീരുമാനമെടുക്കാനും അതില്‍ ഉറച്ച് നില്‍ക്കാനും സിപിഎമ്മിനും അവരുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിനും ധൈര്യമുണ്ടാകുമോ?

logo
The Fourth
www.thefourthnews.in