ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി ആദിത്യ എൽ1;  വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രോ

ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി ആദിത്യ എൽ1; വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രോ

ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ ഊർജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ തിങ്കളാഴ്ച പുറത്തുവിട്ടു

ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1. ആദിത്യയിലെ സുപ്ര തെർമൽ ആൻഡ് എനെർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (സ്‌റ്റെപ്സ്) എന്ന ഉപകരണമാണ് ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെയുള്ള സുപ്ര- തെർമൽ, എനർജെറ്റിക് അയോൺ, ഇലക്ട്രോണുകളെ അളക്കാൻ ആരംഭിച്ചത്. ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലുള്ളവയുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങൾ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

സ്‌റ്റെപ്സിലെ സെൻസറുകളാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ഐഎസ്ആർഒ എക്‌സിൽ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ ഊർജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ തിങ്കളാഴ്ച പുറത്തുവിട്ടു.

ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പിരിമെന്റ് (ആസ്‌പെക്‌സ്) പേലോഡിന്റെ ഭാഗമാണ് സ്റ്റെപ്‌സ് ഉപകരണം. ആറ് സെൻസറുകളാണ് സ്റ്റെപ്‌സിലുള്ളത്. ഓരോ സെൻസറും വ്യത്യസ്ത ദിശയിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. 20 കെഇവി/ന്യൂക്ലിയോൺ മുതൽ 5 എംഇവി /ന്യൂക്ലിയോൺ വരെയുള്ള സുപ്രതെർമൽ, എനെർജെറ്റിക് അയോണുകളും ഒരു എംഇവിയിൽ കൂടുതലുള്ള ഇലക്ട്രോണുകളും ഈ സെൻസറുകൾ അളക്കും.

സെപ്റ്റംബർ10നാണ് സ്റ്റെപ്‌സ് ഐഎസ്ആർഒ പ്രവർത്തിപ്പിച്ച് തുടങ്ങിയത്. ആദിത്യ എൽ1 ഭൂമിയിൽനിന്ന് 50,000 കിലോ മീറ്ററിൽ കൂടുതൽ ദൂരം പിന്നിട്ടപ്പോഴായിരുന്നു ഇത്. സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി)യുടെ സഹായത്തോടെ അഹമ്മദാബാദിലെ ഫിസിക്‌സ് റിസർച്ച് ലബോട്ടറട്ടറി (പിആർഎൽ) ആണ് സ്റ്റെപ്‌സ് വികസിപ്പിച്ചത്.

സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗരദൗത്യം നിലവിൽ നാല് തവണ വിജയകരമായി ഭ്രമണപഥമുയർത്തിയിരുന്നു. സെപ്റ്റംബർ മൂന്ന്, അഞ്ച്, പത്ത്, പതിനഞ്ച് തീയതികളിലായാണ് നാലുതവണ ഭ്രമണപഥമുയർത്തിയത്. ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കുകയാണ് ആദിത്യ എൽ 1ന്റെ ലക്ഷ്യം. സൂര്യന് വളരെ അടുത്തേക്ക് എത്താനാകില്ലെങ്കിലും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പഠനം നടത്തുക.

ലഗ്രാഞ്ച് - 1 എന്ന ബിന്ദുവിലേക്കാണ് ആദിത്യ എൽ 1 കുതിക്കുന്നത്. 125 ദിവസം സഞ്ചരിച്ചാകും പേടകം ലഗ്രാഞ്ച് - ഒന്നിലെത്തുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് - 1. ഇവിടെനിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്.

ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി ആദിത്യ എൽ1;  വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രോ
ഉറച്ച ചുവടുകളുമായി ആദിത്യ എല്‍ 1; നാലാംഘട്ട ഭ്രമണപഥമുയർത്തൽ വിജയം

ഭൂമിയിൽനിന്ന് കുറഞ്ഞദൂരം 256 കിലോമീറ്ററും കൂടിയദൂരം 12,1973 കിലോമീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭൗമ ഭ്രമണപഥത്തിലാണ് പേടകം നിലവിലുള്ളത്. ആദിത്യ എൽ1ന്റെ സുപ്രധാന ഘട്ടമായ ട്രാൻസ് ലെഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in