'സൗരയൂഥത്തേക്കാളും നൂറ് മടങ്ങ് വലിപ്പം'; ഏറ്റവും വലിയ കോസ്മിക് വിസ്ഫോടനം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍
ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കോസ്മിക് വിസ്ഫോടനം കണ്ടെത്തി ശാസ്ത്രജ്ഞര്‍. എടി2021എല്‍ഡബ്ല്യൂഎക്‌സ് എന്നറിയപ്പെടുന്ന വിസ്ഫോടനത്തിന് സൗരയൂഥത്തേക്കാള്‍ നൂറ് മടങ്ങ് വലിപ്പമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏതൊരു സൂപ്പര്‍നോവയേക്കാളും പത്ത് മടങ്ങ് പ്രകാശമുള്ളതാണ് എടി2021എല്‍ഡബ്ല്യൂഎക്‌സ്
എട്ട് ബില്യണ്‍ പ്രകാശവര്‍ഷം അകലെയായി സ്ഥിതിചെയ്യുന്ന ഏതൊരു സൂപ്പര്‍നോവയേക്കാളും പത്ത് മടങ്ങ് പ്രകാശമുള്ളതാണ് ഈ വിസ്ഫോടനം. മൂന്നു വര്‍ഷത്തിലധികമായി ഇതേ രീതിയില്‍ തുടരുന്നതിനാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ശക്തമായ വിസ്ഫോടനമായി ഇത് മാറി.
സൗരയൂഥത്തിന്റെ 100 മടങ്ങ് വലിപ്പമുള്ള എടി 2021എല്‍ഡബ്ല്യൂഎക്‌സിന് ഏതാണ്ട് സൂര്യന്റെ രണ്ട് ടണ്‍ ഇരട്ടി വലിപ്പമുണ്ടെന്നും വൈസ്മാന്‍ കൂട്ടിച്ചേര്‍ത്തു
സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ഫിലിപ്പ് വൈസ്മാന്‍ പറയുന്നതനുസരിച്ച് രണ്ടുവര്‍ഷം മുന്‍പാണ് ആദ്യമായി ഇത്തരമൊരു പ്രതിഭാസം പ്രകടമായത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാലം ഈ പ്രതിഭാസത്തെ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, ക്രമേണ ഈ വിസ്ഫോടനം കൂടുതല്‍ പ്രകാശമുള്ളതായി കാണപ്പെട്ടു. തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് വിസ്ഫോടനത്തിന്റെ കൃത്യമായ വ്യാപ്തി വ്യക്തമായത്. ഇത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും വൈസ്മാന്‍ വ്യക്തമാക്കി. സൗരയൂഥത്തിന്റെ 100 മടങ്ങ് വലിപ്പമുള്ള വിസ്ഫോടനത്തിന് ഏതാണ്ട് സൂര്യന്റെ രണ്ട് ടണ്‍ ഇരട്ടി വലിപ്പമുണ്ടെന്നും വൈസ്മാന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം കണ്ടെത്തിയ ജിആര്‍ബി221009എയേക്കാള്‍ കൂടുതല്‍ കാലം പ്രകാശിച്ചു എന്നതാണ് എടി2021എല്‍ഡബ്ല്യൂഎക്‌സിനെ മുന്നിലെത്തിച്ചത്
കഴിഞ്ഞ വര്‍ഷവും തിളക്കമാര്‍ന്ന ഒരു വിസ്ഫോടനം ദൃശ്യമായിരുന്നു. ജിആര്‍ബി221009എ എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. എടി2021എല്‍ഡബ്ല്യൂഎക്‌സിനേക്കാളും തിളക്കമുണ്ടായിരുന്നെങ്കിലും അതിന്റെ സമയ ദൈര്‍ഘ്യം വളരെ കുറവായിരുന്നു. ഇതാണ് എടി2021എല്‍ഡബ്ല്യൂഎക്‌സിനെ ജിആര്‍ബി221009എയില്‍ നിന്നും മുന്നിലെത്തിച്ചത്. 2020ൽ കാലിഫോര്‍ണിയയിലാണ് എടി2021എല്‍ഡബ്ല്യൂഎക്‌സ് ആദ്യമായി ദൃശ്യമായത്.
ഇത്തരം പ്രതിഭാസം അപൂര്‍വമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം
ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്നാണ് ഗവേഷകരുടെ വിശദീകരണം. ഇതിന്റെ കാരണം എന്താണെന്നതിനെ കുറിച്ച് കൃത്യമായി അറിവില്ലെങ്കിലും സൂര്യനേക്കാൾ ആയിരക്കണക്കിന് മടങ്ങ് വലുപ്പമുള്ള വാതക മേഘങ്ങൾ തമോഗർത്തങ്ങളിൽ അകപ്പെടുന്നതിന്റെ ഫലമായിട്ടാകാം എന്നാണ് ഗവേഷകരുടെ നിഗമനം. ഈ വിസ്ഫോടനത്തെപ്പറ്റി കൂടുതൽ കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.