ആകാശത്ത് നാളെ പെഴ്സീഡ് വര്‍ണപ്പൂരം; അല്‍പ്പം ഉറക്കമൊഴിഞ്ഞാല്‍ നിങ്ങളെ നിരാശരാക്കില്ല ഈ ഉല്‍ക്കമഴ വിസ്മയം
നാളെ അല്‍പ്പം ഉറക്കമൊഴിഞ്ഞ് മാനത്തേക്കു നോക്കാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീരമൊരു കാഴ്ചയനുഭവമാണ്. ആകാശവിസ്മയമായ പെഴ്സീഡ് ഉല്‍ക്കമഴ നാളെ അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ കൂടുതല്‍ വ്യക്തമായി ദൃശ്യമാകും.
ആകാശത്ത് പൂത്തിരിമേളമൊരുക്കുന്ന പെഴ്സീഡ് ഉല്‍ക്കവര്‍ഷം എല്ലാ വര്‍ഷവും ദൃശ്യമാകാറുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈ 17ന് ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിച്ച ഉല്‍ക്കമഴ ഓഗസ്റ്റ് 13, 14 തീയതികളിലാണ് പാരമ്യത്തിലെത്തിയത്.
കഴിഞ്ഞവര്‍ഷം ഉല്‍ക്കപ്പൂരം കാണാന്‍ കേരളത്തില്‍ നിരവധി പേര്‍ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും ആകാശം ഇരുണ്ടതല്ലാത്തതിനാല്‍ നിരാശയായിരുന്നു ഫലം. വാനനിരീക്ഷകര്‍ക്കു മാത്രമാണു മിന്നായംപോലെയെങ്കിലും ഉല്‍ക്ക കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ ചന്ദ്രന്‍ ഏറെക്കുറെ അപ്രത്യക്ഷമാകുമെന്നതിനാല്‍ സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നത്.
ഉല്‍ക്കവര്‍ഷം ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ മണിക്കൂറില്‍ 60 എണ്ണം വരെ ദൃശ്യമാകും. ഉല്‍ക്കകളില്‍ ചിലത് അസാധാരണമാംവിധം പ്രകാശമുള്ളതും ഏറെ നേരം സഞ്ചരിക്കുന്നതുമാണ്. ഇതുകാരണം വാനനിരീക്ഷകര്‍ക്കു ഏറെ പ്രിയപ്പെട്ടതാണു പെഴ്‌സീഡ് ഉല്‍ക്കകള്‍.
എന്താണ് പെഴ്‌സീഡ് ഉല്‍ക്കമഴ?
ധൂമകേതുക്കളോ ഛിന്നഗ്രഹങ്ങളോ അവശേഷിപ്പിച്ച അവശേഷിപ്പുകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തി കത്തുമ്പോഴാണ് ഉല്‍ക്കവര്‍ഷങ്ങള്‍ സംഭവിക്കുന്നത്.
ഈ ചെറിയ കണികള്‍ അതിവേഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ അവ ജ്വലിച്ച് ആകാശത്ത് തിളക്കമുള്ള വരകള്‍ സൃഷ്ടിക്കുന്നു.
ഓരോ 130 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നുപോകാറുണ്ട്. ആ സമയം അതില്‍ നിന്ന് തെറിച്ചുപോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തില്‍ തങ്ങിനില്‍ക്കും. സ്വിഫ്റ്റ്-ടട്ടില്‍ വാല്‍നക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങളിലൂടെ വര്‍ഷത്തിലൊരിക്കല്‍ ഭൂമി കടന്നുപോകുമ്പോഴാണ് പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ദൃശ്യമാകുന്നത്.
വാല്‍നക്ഷത്രത്തില്‍നിന്ന് തെറിച്ച ചെറുമണല്‍ത്തരിയോളമുള്ള ഭാഗങ്ങളും മഞ്ഞുകട്ടകളുമൊക്കെയാണ് വര്‍ഷങ്ങളായി സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളവയായിരിക്കും ചിലപ്പോള്‍ നമ്മള്‍ കാണുന്ന ഉല്‍ക്കകള്‍.
ആകാശത്ത് പെഴ്സീഡ് നക്ഷത്രസമൂഹത്തില്‍നിന്ന് ഉത്ഭവിക്കുന്നവയായതിനാലാണ് ഇവയ്ക്ക് പെഴ്സീഡ് ഉല്‍ക്കമഴ എന്ന പേര് വന്നത്. എത്ര ഉല്‍ക്കമഴ പൊഴിയുമെന്ന് പ്രവചിക്കാനാകില്ല. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉല്‍ക്കമഴകളുടെ തീവ്രത ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടിരിക്കും. ജൂലൈ പകുതിയോടെ തുടങ്ങി ഓഗസ്റ്റ് അവസാനിക്കുന്നതു വരെ ദൃശ്യമാകുന്ന പെഴ്‌സീഡ് ഉല്‍ക്കവര്‍ഷം നാളെ അര്‍ധരാത്രിക്കുശേഷമാണ് ഏറ്റവും വ്യക്തമായി കാണാനാവുക.
എവിടെ, എങ്ങനെ കാണാം?
സെക്കന്‍ഡില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കകള്‍ പായുന്നത്. അതിനാല്‍ ഒന്ന് കണ്ണുചിമ്മി തുറക്കും മുന്‍പേ ഉല്‍ക്കകള്‍ ആകാശത്തുനിന്ന് അപ്രതീക്ഷിതമാകും. ഒന്നോ രണ്ടോ സെക്കന്‍ഡ് മാത്രമേ നമുക്കതിനെ കാണാന്‍ സാധിക്കൂ. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും നന്നായി ഉല്‍ക്കമഴ കാണാന്‍ സാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ. ആകാശത്ത് വടക്കുകിഴക്കന്‍ ദിശയിലേക്കായിരിക്കണം നമ്മുടെ നോട്ടം.
ദൂരദര്‍ശിനി പോലുള്ള ഉപകരണങ്ങളൊന്നുമില്ലാതെ നഗ്നനേത്രം കൊണ്ടുതന്നെ പെഴ്‌സീഡ് ഉല്‍ക്കവര്‍ഷം കാണാണ്‍ സാധിക്കും. നഗരവെളിച്ചങ്ങളില്‍നിന്ന് മാറിയുള്ളതും ആകാശം വിശാലമായി കാണാന്‍ സാധിക്കുന്നതുമായ സ്ഥലം കണ്ടെത്തുകയെന്നതാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യം. ഇരുണ്ട ആകാശം ലഭ്യമാകുന്ന അര്‍ധരാത്രിക്കുശേഷവും പുലര്‍ച്ചെയ്ക്കു മൂന്നുവരെയാണ് ഏറ്റവും അനുയോജ്യമായ സമയം.