ഏഷ്യാ കപ്പ് വേദി; അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിന്റെ അന്ന്‌

ഏഷ്യാ കപ്പ് വേദി; അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിന്റെ അന്ന്‌

ഈ വർഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാനാണ്

ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വേദി സംബന്ധിച്ച്‌ അന്തിമ തീരുമാനം ഐപിഎൽ ഫൈനൽ ദിവസം ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎൽ ഫൈനൽ ദിവസം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രതിനിധികൾ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നും ജയ് ഷാ വ്യക്തമാക്കി.

"ഏഷ്യാ കപ്പ് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോൾ ഞങ്ങൾ ഐപിഎൽ തിരക്കിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉന്നതര്‍ ഐപിഎല്‍ ഫൈനല്‍ കാണാന്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. അന്ന് യോഗം ചേര്‍ന്ന്‌ ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുന്നതായിരിക്കും', ജയ് ഷാ പറഞ്ഞു.

ഏഷ്യാ കപ്പ് വേദി; അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിന്റെ അന്ന്‌
ലഖ്‌നൗ എലിമിനേറ്റഡ്; മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം

ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് പാകിസ്താനില്‍ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാക് മണ്ണില്‍ കളിക്കാന്‍ ടീം ഇന്ത്യയെ അയയ്ക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നം വഷളായത്. ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ എത്തിയില്ലെങ്കില്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ പാക് ടീമിനെ അയയ്ക്കില്ലെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും നിലപാടെടുത്തു.

ഇതോടെ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. പ്രശ്‌നപരിഹാരമെന്ന നിലയില്‍ നാല് മത്സരങ്ങൾ പാകിസ്ഥാനിൽ നടത്താൻ കഴിയുന്ന രീതിയിലുള്ള ഹൈബ്രിഡ് മോഡൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ നജാം സേതി മുന്നോട്ട് വച്ചിരുന്നു.

ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾ പാകിസ്ഥാനിൽ നാല് പ്രാഥമിക മത്സരങ്ങൾ കളിക്കുമെന്നും ഇന്ത്യ എല്ലാ മത്സരങ്ങളും യുഎഇ, ശ്രീലങ്ക പോലെയുള്ള ഏതെങ്കിലും നിഷ്പക്ഷ രാജ്യങ്ങളിലും കളിക്കുമെന്നും എന്ന നിർദേശമാണ് നിലവിൽ എസിസി മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം എസിസി നടത്തിയിട്ടില്ല.

"ജയ് ഷാ ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിക്കും. അവിടെ വച്ചാകും ഔപചാരിക പ്രഖ്യാപനം നടക്കുക. നിഷ്പക്ഷമായ ഒരു വേദിയിൽ ഇന്ത്യ കളിക്കുന്നത് പിസിബി കാര്യമാക്കുന്നില്ല. " എസിസി വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ-പാക് ലോകകപ്പ് മത്സരം ബംഗ്ലാദേശിലാകും നടക്കുക.

logo
The Fourth
www.thefourthnews.in