പൂനെയില്‍ കറങ്ങിവീണ് ഇന്ത്യ;  156 റണ്‍സിന് പുറത്ത്, ന്യൂസിലൻഡിന് 103 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

പൂനെയില്‍ കറങ്ങിവീണ് ഇന്ത്യ; 156 റണ്‍സിന് പുറത്ത്, ന്യൂസിലൻഡിന് 103 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ
Updated on
1 min read

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലൻഡിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 156 റണ്‍സിന് പുറത്തായി. ഇതോടെ ന്യൂസിലൻഡിന് 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുനേടാനും സാധിച്ചു. ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്നറാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്‌മാൻ ഗില്‍ (30), യശസ്വി ജയ്‌സ്വാള്‍ (30) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

16-1 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ കരുതലോടെയായിരുന്നു കിവീസ് ബൗളർമാരെ നേരിട്ടത്. എന്നാല്‍ പത്ത് ഓവറിനപ്പുറം അതിജീവിക്കാൻ സഖ്യത്തിന് ഇന്നായില്ല. 49 റണ്‍സിന്റെ കൂട്ടുകെട്ട് അവസാനിപ്പിച്ചത് സാന്റ്‌നറായിരുന്നു. 72 പന്തില്‍ നിന്നായിരുന്നു ഗില്‍ 30 റണ്‍സ് നേടിയത്. പിന്നാലെയെത്തിയ വിരാട് കോഹ്ലിക്ക് (1) വിനയായത് മോശം ഷോട്ടായിരുന്നു.

ഗ്ലെൻ ഫിലിപ്‌സിന്റെ പന്തില്‍ ജയ്‌സ്വാളും പുറത്തായതോടെയായിരുന്നു കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയത്. ഋഷഭ് പന്ത് (18), സർഫറാസ് ഖാൻ (11), രവിചന്ദ്രൻ അശ്വിൻ (4) ഫിലിപ്‌സിനും സാന്‌റ്നറിനും വിക്കറ്റ് നല്‍കി മടങ്ങി. ഇതോടെ 103-7 എന്ന നിലയിലേക്ക് ഇന്ത്യ വീണു.

എന്നാല്‍, രവീന്ദ്ര ജഡേജ - വാഷിങ്ടണ്‍ സുന്ദർ സഖ്യമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് കരകയറ്റാൻ സഹായിച്ചത്. അനായാസം ബൗണ്ടറികള്‍ കണ്ടെത്തി മികവ് പുലർത്തുന്നതിനിടെയാണ് ജഡേജയെ ഇന്ത്യയ്ക്ക് നഷ്ടമായത്. 46 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 38 റണ്‍സായിരുന്നു ജഡേജ നേടിയത്.

അകാശ് ദീപും (6) ജസ്പ്രിത് ബുംറയും (0) പിന്തുണയ്ക്കാത്തതിനാല്‍ വാഷിങ്ടണ്‍ സുന്ദറിനും കാര്യമായ സംഭാവന നല്‍കാനായില്ല. 18 റണ്‍സെടുത്താണ് സുന്ദർ പുറത്താകാതെ നിന്നത്.

logo
The Fourth
www.thefourthnews.in