വാങ്ക്ഡേയില്‍ സൂര്യശതകം; ഗുജറാത്ത് ടൈറ്റൻസിന് 219 റണ്‍സ് വിജയ ലക്ഷ്യം

വാങ്ക്ഡേയില്‍ സൂര്യശതകം; ഗുജറാത്ത് ടൈറ്റൻസിന് 219 റണ്‍സ് വിജയ ലക്ഷ്യം

സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈയെ 218 എന്ന സ്‌കോറിലേക്ക് എത്തിച്ചത്
Updated on
1 min read

വാങ്കഡേ സ്റ്റേഡിയത്തില്‍ ആളിപ്പടര്‍ന്ന സൂര്യതാപത്തില്‍ റണ്‍മല കയറി മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ 219 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈ എതിരാളികള്‍ക്കു മുന്നില്‍ വച്ചത്. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈയെ 218 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് മുംബൈ ഇന്നിങ്‌സിന് മികച്ച തുടക്കം നല്‍കി. നിശ്ചിത ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ റണ്‍സ് എടുത്തത്. റാഷിദ് ഖാന്‍ നാല് വിക്കറ്റ് നേടി

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇഷാന്റെയും രോഹിത്തിന്റെയും ബാറ്റിങ്ങിലൂടെ താളം കണ്ടെത്തി. പവര്‍പ്ലേയില്‍ ഈ ജോഡി മുംബൈയെ 61/0 എന്ന നിലയിലാക്കി. എന്നാല്‍ ഏഴാം ഓവറില്‍ ആദ്യം രോഹിത്തിനെയും പിന്നാലെ ഇഷാനെയും പാക്ക് ചെയ്ത് റാഷിദ് ഖാന്‍ മുംബൈയെ പ്രതിരോധത്തിലാക്കി. 18 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും പായിച്ച് 29 റണ്‍സെടുത്ത് ഫോമിലേക്ക് തിരിച്ചുവന്ന രോഹിത്തിനെ റാഷിദ് എല്‍ബിഡബ്ല്യൂവില്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ നാല് ഫോറും ഒരു സിക്‌സും പായിച്ച് 20 പന്തില്‍ 31 റണ്‍സെടുത്ത ഇഷാനെയും ഗുജറാത്ത് സ്പിന്നര്‍ കൂടാരം കയറ്റി. റാഷിദ് ഖാന്‍ കറക്കി വീഴ്ത്തിയിട്ടും രണ്ടാം വിക്കറ്റിലിറങ്ങിയ സൂര്യയും പിന്നാലെ എത്തിയ മലയാളി താരം വിഷ്ണു വിനോദും ചേര്‍ന്നുള്ള മിന്നുന്ന കൂട്ടുകെട്ടിലൂടെ മുംബൈ സ്വപ്‌ന തുല്യമായ തിരിച്ചുവരവ് നടത്തി.

ബൗണ്ടറി പായിച്ചും പന്ത് ഗ്യാലറിയിലേക്ക് പറത്തിയും ഇരുവരും ഗുജറാത്തിനെ പ്രതിസന്ധിയിലാക്കി. 20 പന്തില്‍ 30 റണ്‍സെടുത്ത വിഷ്ണുവിനെ പുറത്താക്കി മോഹിത് ശര്‍മ ആ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് വന്നവര്‍ക്കൊന്നും സൂര്യയ്ക്ക് മികച്ച പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. ഒറ്റയ്ക്ക് പൊരുതിയ സൂര്യ ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലി മുംബൈയെ 200 കടത്തി. ആറ് സിക്‌സും 11 ഫോറും പായിച്ച സ്‌കൈ 49 പന്തില്‍ 103 റണ്‍സ് നേടി പുറത്താകാതെ നിന്നു. നേഹല്‍ വധേര(15) ടിം ഡേവിഡ്(5) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്ന് റണ്‍സുമായി കാമറൂണ്‍ ഗ്രീനാണ് സൂര്യയ്‌ക്കൊപ്പം അവസാനം ക്രീസിലുണ്ടായിരുന്നത്. ഗുജറാത്തിനായി നാലോവറില്‍ 30 റണ്‍സ് വഴങ്ങി റാഷിദ് ഖാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മോഹിത് ഒരു വിക്കറ്റ് നേടി.

logo
The Fourth
www.thefourthnews.in