വാങ്ക്ഡേയില്‍ സ്കൈ ഷോ; ഗുജറാത്തിനെ തകർത്ത് മുംബൈ
വാങ്ക്ഡേയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കെട്ടുകെട്ടിച്ച് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ മുംബൈയ്ക്ക് 27 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സൂര്യകുമാര്‍ യാദവിന്റെ അവിസ്മരണീയ സെഞ്ചുറി ഇന്നിങ്‌സാണ് മുംബൈയെ ജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ റാഷിദ് ഖാന്‍ ഗുജറാത്തിനായി ചെറുത്ത് നിന്നെങ്കിലും ശ്രമം പാഴായി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്തിന് 191 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. വാങ്ക്ഡേയിലെ വിജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു ഇനി പ്ലേ ഓഫിലെത്താന്‍ സാധിക്കൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ മുബൈ പവര്‍ പ്ലേയില്‍ 61/0 എന്ന നിലയിലായിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ മുംബൈയെ പ്രതിസന്ധിയിലാക്കി റാഷിദ് ഖാന്‍. 18 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും പായിച്ച് 29 റണ്‍സെടുത്ത് രോഹിത്തിനെയും തൊട്ടുപിന്നാലെ നാല് ഫോറും ഒരു സിക്സും പായിച്ച് 20 പന്തില്‍ 31 റണ്‍സെടുത്ത ഇഷാനെയും ഗുജറാത്ത് സ്പിന്നര്‍ പറഞ്ഞയച്ചു.
മുംബൈയുടെ തകര്‍ച്ച ആരംഭിച്ചെന്ന് കരുതിയിടത്ത് സൂര്യ കുമാര്‍ യാദവിന്റെയും മലയാളി താരം വിഷ്ണു വിനോദിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മുംബൈ ട്രാക്കിലേക്ക് മടങ്ങിയെത്തി. 20 പന്തില്‍ 30 റണ്‍സെടുത്ത വിഷ്ണുവിനെ പുറത്താക്കി മോഹിത് ശര്‍മ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. എന്നാല്‍ അവിടെയും സൂര്യയുടെ മിന്നും പ്രകടനത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. നേഹല്‍ വധേരയും(15) ടിം ഡേവിഡും(5) പിന്തുണ നല്‍കാന്‍ കഴിയാതെ പുറത്തായിട്ടും സൂര്യ ഒറ്റയ്ക്ക് പോരാടി. ആറ് സിക്സും 11 ഫോറും പായിച്ച സ്‌കൈ 49 പന്തില്‍ 103 റണ്‍സ് നേടി പുറത്താകാതെ മുംബൈയെ നിശ്ചിത ഓവറില്‍ 218/5 എന്ന നിലയിലെത്തിച്ചു. മൂന്ന് റണ്‍സുമായി കാമറൂണ്‍ ഗ്രീനാണ് സൂര്യയ്ക്കൊപ്പം അവസാനം ക്രീസിലുണ്ടായിരുന്നത്. ഗുജറാത്തിനായി നാലോവറില്‍ 30 റണ്‍സ് വഴങ്ങിയാണ് റാഷിദ് ഖാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മോഹിത് ഒരു വിക്കറ്റും നേടി.
ടോപ് ഓര്‍ഡര്‍ തകര്‍ന്ന് തോല്‍വി മണത്ത ചാംപ്യന്മാരുടെ മാനം കാത്തത് റാഷിദ്ഖാന്‍ ആണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച്ച വച്ച റാഷിദ് ഖാന്‍ ആണ് ഗുജറാത്തിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയെയും(2) ശുഭ്മാന്‍ ഗില്ലിനെയും (6) വളരെ പെട്ടന്ന് തന്നെ മടക്കി അയച്ച് ആകാശ് മധ്വാള്‍ ഗുജറാത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (4) കളം വിട്ടതോടെ പ്രതിസന്ധിയിലായ ഗുജറാത്തിന് മധ്യ നിരയിലെ വിജയ് ശങ്കര്‍(14 പന്തില്‍ 29) ഡേവിഡ് മില്ലര്‍(26 പന്തില്‍ 41) കൂട്ടുകെട്ടാണ് ആശ്വാസം പകര്‍ന്നത്. എന്നാല്‍ അധികം വൈകാതെ വിജയിയെ പുറത്താക്കി പീയുഷ് ചൗള ആ പ്രതീക്ഷയും തകര്‍ത്തു. ഡോവിഡ് മില്ലറാണ് ഗുജറാത്തിനെ 100 കടത്തിയത്.
ടോപ് ഓര്‍ഡര്‍ തകര്‍ന്ന് തോല്‍വി മണത്ത ചാംപ്യന്മാരുടെ മാനം കാത്തത് റാഷിദ്ഖാന്‍ ആണ്. ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ അദ്ദേഹത്തിന്റെ അവിശ്വസനീയ ഇന്നിങ്‌സില്‍ മുംബൈയും പകച്ചു. എട്ടാം വിക്കറ്റില്‍ റാഷിദ് ഖാന്‍അല്‍സാരി ജോസഫ് സഖ്യം നേടിയത് 88 റണ്‍സിന്റെ കൂട്ടുകെട്ടാണ്. 32 പന്ത് നേരിട്ട റാഷിദ് 10 സിക്‌സറുകളും മൂന്ന് ഫോറും പറത്തി 79 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്ത് വന്‍ പരാജയത്തില്‍ നിന്നും കരകയറി. അഭിനവ് മനോഹര്‍( 3 പന്തില്‍ 2), രാഹുല്‍ തെവാത്തിയ( 13 പന്തില്‍ 14) എന്നിവര്‍ വലിയ സംഭാവനകളൊന്നും നല്‍കിയില്ല. മുംബൈയ്ക്കായി മധ്വാള്‍ മൂന്നും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.