വിഷ്ണു വിനോദ്
വിഷ്ണു വിനോദ്

ആറ് വർഷത്തെ കാത്തിരിപ്പ്; ഐപിഎല്ലില്‍ വരവറിയിച്ച് മലയാളി താരം വിഷ്ണു

ഇന്ന് മുംബൈയുടെ നിര്‍ണായക മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ നറുക്ക് വീണപ്പോള്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ വിഷ്ണു വിനോദ് തുടക്കം ഗംഭീരമാക്കി
Updated on
2 min read

മുംബൈ ഇന്ത്യന്‍സിന് എവിടെനിന്നാണ് ഇത്രയേറെ പുതുമുഖങ്ങളെ കിട്ടുന്നത്? എല്ലാവരും തഴമ്പുള്ള താരങ്ങളുടെ പിറകെ പോകുമ്പോള്‍ മുംബൈ തിരയുന്നത് പുതുമുഖങ്ങളെയാവും. ആ തിരഞ്ഞെടുപ്പൊന്നും പിഴക്കാറുമില്ല എന്നതാണ് സത്യം. ഇന്ന് വാങ്ക്ഡേയിലെ സൂര്യത്തിളക്കത്തിനൊപ്പം മിന്നി നിന്ന ഒരാള്‍ കൂടിയുണ്ടായിരുന്നു. മലയാളി താരം വിഷ്ണു വിനോദ്. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തില്‍ തന്റെ കന്നി മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ഇന്നിങ്‌സുമായി വരവറിയിച്ചിരിക്കുകയാണ് വിഷ്ണു. തനിക്ക് കിട്ടിയ അവസരം ഒരു ഞൊടിഇട പാഴാക്കാതെ വിഷ്ണു ബാറ്റ് ചെയ്തു.

യുവതാരങ്ങളെ തിരഞ്ഞുപിടിച്ച് കണ്ടെത്തി ക്രിക്കറ്റ് ലോകത്തിന് സംഭാവന നല്‍കുന്ന ശീലമുള്ള മുംബൈ ഇന്ത്യന്‍സിലെ പുതിയ താരോദയമായി മാറുകയാണ് ഈ മലയാളി കരുത്ത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിഷ്ണു ഐപിഎല്ലിന്റെ ഭാഗമായിരുന്നെങ്കിലും ബെഞ്ചിലിരിക്കാന്‍ മാത്രമായിരുന്നു വിധി. 2017 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ അരങ്ങേറിയ വിഷ്ണു അവര്‍ക്കായി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഡല്‍ഹി ക്യാപിററല്‍സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെയും ഭാഗമായിട്ടും അദ്ദേഹത്തിന് ഒരു കളി പോലും ലഭിച്ചില്ല.

കഴിഞ്ഞ രണ്ട് സീസണുകളിലും ഡല്‍ഹി ക്യാപിററല്‍സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെയും ഭാഗമായിട്ടും അദ്ദേഹത്തിന് ഒരു കളി പോലും ലഭിച്ചില്ല

ആറ് വര്‍ഷങ്ങളായി തഴയപ്പെട്ട വിഷ്ണുവിന് തന്റെ ആക്രമണാത്മക ബാറ്റിങ് പുറത്തെടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന്റെ നീലക്കുപ്പായം അണിയേണ്ടി വന്നു. ഗുജറാത്തിന്റെ പേസര്‍ കുന്തമുനയായ മുഹമ്മദ് ഷമിക്കെതിരേ സിക്‌സര്‍ പറത്തിയപ്പോള്‍ കമന്റേറ്റര്‍ അമ്പരപ്പോടെ ചോദിച്ചു ''WHO ARE YOU''. ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഈ 29 കാരനെ സ്വന്തമാക്കിയത്. ബാംഗ്ലൂരിനെതിരായ തൊട്ട് മുന്‍പുള്ള മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിഷ്ണുവിന്റെ കിടിലന്‍ ക്യാച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഇന്ന് മുംബൈയുടെ നിര്‍ണായക മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ നറുക്ക് വീണപ്പോള്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ വിഷ്ണു തുടക്കം ഗംഭീരമാക്കി. അഞ്ചാം നമ്പറില്‍ കളത്തിലിറങ്ങിയ വിഷ്ണു സൂര്യകുമാര്‍ യാദവിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 20 പന്തില്‍ 30 റണ്‍സെടുത്താണ് വിഷ്ണു പുറത്തായത്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെയും അല്‍സാരി ജോസഫിനെയും ആകാശം കാണിച്ചു. ആ ഇന്നിങ്‌സില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെട്ടിരുന്നു.

29 കാരനായ ബാറ്റര്‍ 2014 ല്‍ ലിസ്റ്റ്-എയിലും ടി20യിലും കേരളത്തിനായി പ്രൊഫഷണല്‍ കിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു, തുടര്‍ന്ന് 2016 ല്‍ ഫസ്റ്റ് ക്ലാസ് കളിച്ചു. ഒരു വിക്കറ്റ് കീപ്പര്‍ ആയതിനാല്‍ ആഭ്യന്തര ടീമിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് പാടുപെടേണ്ടി വന്നു. വിഷ്ണു 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 46 ലിസ്റ്റ് എ മത്സരങ്ങളും 50 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലിസ്റ്റ്-എയില്‍ വിനോദിന്റെ ശരാശരി 40 ആണ്, കൂടാതെ ടി20യില്‍ 138 സ്ട്രൈക്ക് റേറ്റ് ഉണ്ട്.

മുംബൈ വളര്‍ത്തിയെടുക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഒരു പേര് കൂടി . പുതുമുഖങ്ങളായ തിലക് വര്‍മയുടെയും നേഹല്‍ വദേരയുടെയും കുമാര്‍ കാര്‍ത്തികേയയുടേയും മാസ്മരിക പ്രകടനം കണ്ട് അമ്പരന്നു നില്‍ക്കുന്നവര്‍ക്കിടയിലേക്കാണ് വിഷ്ണു വിനോദിന്റെ വരവ്. കേരളത്തിനും അഭിമാനിക്കാം വാങ്ക്ടെയിൽ ഉദിച്ച ഈ താരത്തിന്റെ പേരിൽ.

logo
The Fourth
www.thefourthnews.in