ചുവപ്പ് കാര്‍ഡില്‍ കുരുങ്ങി ആഴ്‌സണല്‍; പത്തുപേരുമായി പൊരുതിക്കളിച്ച് സമനില

ചുവപ്പ് കാര്‍ഡില്‍ കുരുങ്ങി ആഴ്‌സണല്‍; പത്തുപേരുമായി പൊരുതിക്കളിച്ച് സമനില

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മധ്യനിര താരം ഡെക്ലാന്‍ റൈസ് ചുവപ്പ്കാര്‍ഡ് പുറത്തുപോയതാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്.
Published on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ആഴ്‌സണലിനെ സമനിലയില്‍ തളച്ച് ബ്രെറ്റണ്‍. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ആദ്യപകുതിയില്‍ തന്നെ ലീഡ് നേടിയ ശേഷമാണ് ആഴ്‌സണല്‍ 1-1 സമനില വഴങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മധ്യനിര താരം ഡെക്ലാന്‍ റൈസ് ചുവപ്പ്കാര്‍ഡ് പുറത്തുപോയതാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്.

ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തിയത് ആഴ്‌സണലായിരുന്നു. മിന്നുന്ന നീക്കങ്ങളുമായി പലകുറി ബ്രൈറ്റണ്‍ ഗോള്‍മുഖം റെയ്ഡ് ചെയ്ത അവര്‍ക്കു പക്ഷേ ലീഡ് നേടാന്‍ 38-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ജര്‍മന്‍ താരം കെയ് ഹാവെര്‍ട്‌സ് നേടിയ ഗോളിലാണ് അവര്‍ ലീഡ് പിടിച്ചെടുത്തത്. ഇംഗ്ലീഷ് യുവതാരം ബുകായോ സാക്ക നേടിയ നല്‍കിയ ക്രോസില്‍ നിന്ന് തകര്‍പ്പനൊരു ഷോട്ടിലൂടെയാണ് ഹാവെര്‍ട്‌സ് ടീമിനെ മുന്നിലെത്തിച്ചത്.

ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡില്‍ പിരിഞ്ഞ ആഴ്‌സണലിന് പക്ഷേ ഞെട്ടിക്കുന്ന തുടക്കമാണ് രണ്ടാംപകുതിയില്‍ നേരിടേണ്ടി വന്നത്. കളി പുനഃരാരംഭിച്ചു വെറും നാലുമിനിറ്റിനുള്ളില്‍ തന്നെ റൈസ് ചുവപ്പ്കാര്‍ഡ് കണ്ടതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. ആളെണ്ണത്തിലെ ആനുകൂല്യം മുതലെടുത്ത് ബ്രൈറ്റണ്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ ആഴ്‌സണല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

ഏറെ വൈകാതെ തന്നെ ബ്രൈറ്റണ്‍ ഒപ്പമെത്തുകയും ചെയ്തു. 58-ാം മിനിറ്റില്‍ യോവ പെഡ്രോയാണ് അവരുടെ സമനില ഗോള്‍ നേടിയത്. പിന്നീട് ആഴ്‌സണലിന്റെ വിവശത മുതലെടുത്ത് ലീഡ് നേടാന്‍ ബ്രൈറ്റണ്‍ താരങ്ങള്‍ ഇരമ്പിക്കയറുകയായിരുന്നു. എന്നാല്‍ പ്രതിരോധം ശക്തമാക്കി നിലനിര്‍ത്തിയ ആഴ്‌സണല്‍ സമനില തെറ്റാതെ പിടിച്ചുനിന്നു.

കരുത്തന്മാരെ തളച്ചതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനും ബ്രൈറ്റണായി. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴുപോയിന്റുമായി അവര്‍ ഒന്നാമതുള്ളപ്പോള്‍ അത്രതന്നെ മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയിന്റോടെ ആഴ്‌സണല്‍ രണ്ടാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആറു പോയിന്റുമായി മൂന്നാമതുണ്ട്.

logo
The Fourth
www.thefourthnews.in