ഡൊമിനിക്കയുടെ യുവ സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

ഡൊമിനിക്കയുടെ യുവ സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ യുവ സ്‌ട്രൈക്കര്‍ ഡോര്‍ണി റൊമേറോയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിനു വേണ്ടി തയാറെടുപ്പ് നടത്തുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡൊമിനിക്കന്‍ താരത്തിനായി വലവിരിക്കുന്നു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ യുവ സ്‌ട്രൈക്കര്‍ ഡോര്‍ണി റൊമേറോയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്.

ബൊളീവിയന്‍ ലീഗില്‍ ആള്‍വേസ് റെഡി ക്ലബിനായി കളിക്കുന്ന ഇരുപത്തിയഞ്ചുകാരനു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ വാഗ്ദാനം ചെയ്തതായി അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2012-ല്‍ ഡൊമിനിക്കന്‍ ക്ലബ് എല്‍ സീബോയിലൂടെയാണ് റൊമേറോ കരിയര്‍ ആരംഭിച്ചത്. ഡൊമിനിക്കന്‍ ദേശീയ ടീമില്‍ 2019-ല്‍ അരങ്ങേറിയ താരം ഇതുവരെ 23 രാജ്യാന്തര മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. ആറു രാജ്യാന്തര ഗോളുകളാണ് ഇതുവരെ സ്വന്തം പേരിലുള്ളത്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ താരം ജോഷ്വാ സൊറ്റീരിയോയെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്സില്‍ നിന്നാണ് ജോഷ്വയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഈ സീസണില്‍ ക്ലബ് വിട്ട ഗ്രീക്ക്-ഓസ്ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്ട്രേലിയന്‍ വിങ്ങറെ ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിച്ചത്.

ജോഷ്വയുടെ വരവോടെ ടീമിലെ വിദേശതാരങ്ങളുടെ എണ്ണം നാലായി. നേരത്തെ അഡ്രിയാന്‍ ലൂണ, ദിമിത്രി ഡയമെന്റക്കോസ്, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഇനി രണ്ടു വിദേശ താരങ്ങക്കെൂടി സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കും. ഇതിലേക്കാണ് ഇപ്പോള്‍ ഡൊമിനിക്കന്‍ താരത്തെ നോക്കുന്നത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in