ഐപിഎല്‍ 2023 അവസാന ഘട്ടത്തിലേക്ക്; പ്ലേഓഫ് സാധ്യത ഇങ്ങനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ലീഗ് ഘട്ടത്തില്‍ ഇനിയുള്ളത് 14 മത്സരങ്ങള്‍ മാത്രമാണ്. പ്ലേ ഓഫ് യോഗ്യത നേടാന്‍ ടീമുകള്‍ തമ്മില്‍ ശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. പോയിന്റ് പട്ടികയിൽ ഒന്നുമുതൽ 10 വരെ സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകൾക്ക് ഇനിയും പ്ലേ ഓഫ് സാധ്യതയുണ്ട്. ഇനിയുള്ള ഓരോ മത്സരവും ടീമുകൾക്ക് ജീവൻ മരണ പോരാട്ടമാണ്.
11 മത്സരങ്ങളില്‍ 8 എണ്ണവും ജയിച്ച് 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫ് യോഗ്യത ഏതാണ്ട് ഉറപ്പിച്ച ടീം. ഇനിയുള്ള മൂന്ന് കളികളില്‍ ഒരു വിജയം നേടാനായാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം. അതിനുള്ള സാധ്യത 80.1ശതമാനമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ഫോമില്‍ ഇവര്‍ ആദ്യ രണ്ട് സ്ഥാനക്കാരില്‍ ഒരാളായി പ്ലേ ഓഫിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരെയാണ് ഗുജറാത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.
11 മത്സരങ്ങളില്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബാക്കിയുള്ള 3 കളികളില്‍ രണ്ടെണ്ണം ജയിക്കണം. ഒരു കളിയില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞാലും പ്ലേ ഓഫിലെത്താനുള്ള സാധ്യത അവര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ മറ്റ് ടീമുകളുടെ മത്സരഫലങ്ങള്‍ കൂടി അനുകൂലമാകണമെന്ന് മാത്രം. ഡല്‍ഹിക്കെതിരെ രണ്ടു മത്സരവും കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു മത്സരവുമാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്.
11 കളികളില്‍ 10 പോയിന്റാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്താണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സുള്ളത്. പ്ലേ ഓഫിലെത്താനുള്ള സാധ്യത 56.3 ശതമാനമാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയം നേടുക എന്ന ഒരൊറ്റ വഴിയാണ് പ്ലേ ഓഫ് യോഗ്യത നേടാന്‍ അവര്‍ക്ക് മുന്നിലുള്ളത്. എല്ലാ മത്സരങ്ങളും ജയിച്ചാലും മറ്റ് ചില മത്സരഫലങ്ങളും രാജസ്ഥാന്റെ പ്ലേ ഓഫ് ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാനമാകും.
നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. നിലവില്‍ 11 കളികളില്‍ 12 പോയിന്റുമായി ലീഗില്‍ നാലാമതാണ് മുംബൈ ഇന്ത്യന്‍സ്. അവസാനത്തെ മൂന്ന് കളികളിലും ജയിക്കാനായാല്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കാതെ അവര്‍ക്ക് പ്ലേ ഓഫിലെത്താം. രണ്ട് കളികളിലാണ് ജയിക്കുന്നതെങ്കിലും അവര്‍ക്ക് പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞേക്കും, ചില ഫലങ്ങള്‍ അനുകൂലമാകണമെന്ന് മാത്രം. ഗുജറാത്ത്, ലക്‌നൗ, ഹൈദരാബാദ് എന്നിവരാണ് ഇനി മുംബൈയുടെ എതിരാളികള്‍.
11 കളികളില്‍ 11 പോയിന്റാണ് ലഖ്‌നൗവിന്റെ സമ്പാദ്യം. അവസാന മൂന്ന് കളികളും ജയിച്ചാല്‍ അവര്‍ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കും. യോഗ്യത ലഭിക്കാനുള്ള സാധ്യത് 43.7 ശതമാനമാണ്. ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവരാണ് ലക്‌നൗവിന്റെ വരാനിരിക്കുന്ന ഏതിരാളികള്‍. ആറാം സ്ഥാനത്താണ് ആര്‍സിബി. 11 കളികളില്‍ 10 പോയിന്റാണ് ആര്‍സിബിയുടെ അക്കൗണ്ടിലുള്ളത്. ശേഷിക്കുന്ന മൂന്ന് കളികളില്‍ വിജയം നേടുന്നതിനൊപ്പം നെറ്റ് റണ്‍ റേറ്റും മെച്ചപ്പെടുത്തിയാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ.
രാജസ്ഥാന്‍ റോയല്‍സിനെപ്പോലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 11 കളികളില്‍ 10 പോയിന്റാണുള്ളത്. ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ശേഷിക്കുന്ന മൂന്ന് കളികളിലും ജയിച്ചാലാണ് അവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവുക. എട്ടാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. 11 കളികളില്‍ 10 പോയിന്റ് നേടിയിട്ടുണ്ട്. ആര്‍സിബിയെപ്പോലെ അവസാന മൂന്ന് കളികളില്‍ നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തിക്കൊണ്ടുള്ള ജയങ്ങളാണ് പഞ്ചാബിന് വേണ്ടത്.
നിലവില്‍ 10 കളികളില്‍ 8 പോയിന്റാണ് സണ്‍ റെസേഴ്‌സ് ഹൈദരാബാദ് നേടിയിരിക്കുന്നത്. ശേഷിക്കുന്ന 4 കളികളിലും ജയം നേടിയാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ. ശേഷിക്കുന്ന എല്ലാ ഗെയിമുകളും ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് ഫിനിഷ് ചെയ്യാന്‍ കഴിയും.