ബോണസ് പോയിന്റ് വേണം; ഐപിഎല്ലില്‍ നിയമമാറ്റം നിര്‍ദേശിച്ച് ചോപ്ര
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇംപാക്ട് പ്ലെയര്‍ നിയമം ഉള്‍പ്പടെ പല നിര്‍ണായക പരിഷ്‌കാരങ്ങളുമായാണ് ഇക്കുറി ഐപിഎല്‍ നടക്കുന്നത്. പുതുതായി കൊണ്ടുവന്ന ഇംപാക്ട് പ്ലെയര്‍ റൂള്‍ ടൂര്‍ണമെന്റില്‍ നിര്‍ണായകമായി മാറിയെന്നു വേണം പറയാന്‍.
എന്നാല്‍ ഇപ്പോള്‍ പുതുതായി രണ്ടു നിയമങ്ങള്‍ കൂടി ഐപിഎല്ലില്‍ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. ബോണസ് പോയിന്റ് കൊണ്ടുവരണമെന്നതാണ് ചോപ്രയുടെ നിര്‍ദേശങ്ങളിലെ ഏറ്റവും ശ്രദ്ധേയമായത്.
വന്‍മാര്‍ജിനിലുള്ള ജയങ്ങള്‍ക്ക് ഒരു പോയിന്റ് ബോണസ് ആയി നല്‍കണമെന്നാണ് ചോപ്ര പറയുന്നത്. നിലവില്‍ ജയിക്കുന്ന ടീമുകള്‍ക്ക് രണ്ടു പോയിന്റാണ് ലഭിക്കുന്നത്. ചോപ്രയുടെ നിര്‍ദേശ പ്രകാരം ഒരു ടീം വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ അവര്‍ക്ക് ഒരു പോയിന്റ് ബോണസായി നല്‍കി മൊത്തം മൂന്നു പോയിന്റ് നല്‍കണം.
ഇപ്പോള്‍ വന്‍ ജയം നേടുന്ന ടീം നെറ്റ് റണ്‍റേറ്റില്‍ മുന്നേറുന്ന കാഴ്ചയാണുള്ളത്. എന്നാല്‍ 14-ലേറെ മത്സരങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തിലുള്ളതിനാല്‍ റണ്‍റേറ്റ് കണക്കുകൂട്ടുന്നതിലും എളുപ്പം ബോണസ് പോയിന്റാണെന്നും അതിനാല്‍ ബോണസ് പോയിന്റ് കൊണ്ടുവരുന്ന കാര്യം ആലോചിക്കണമെന്നുമാണ് ചോപ്ര അഭിപ്രായപ്പെടുന്നത്.
അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ ഒരേ സമയം നടത്തണമെന്നതാണ് ചോപ്രയുടെ മറ്റൊരു നിര്‍ദേശം. അവസാന മത്സരങ്ങള്‍ ഒരേ സമയം നടത്തുന്നത് ആവേശകരമാകുമെന്നും ഒരു ടീമിന് ആനുകൂല്യം ലഭിക്കുന്നത് ഒഴിവാക്കാനാകുമെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.
പോയിന്റ് പട്ടികയില്‍ 15 പോയിന്റ് വീതമുള്ള ചെന്നൈയുടെയും ലഖ്‌നൗവിന്റെയും കാര്യം ചൂണ്ടിക്കാട്ടിയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്. ഇന്ന് ആദ്യ മത്സരത്തില്‍ ചെന്നൈ ഡല്‍ഹിയെയും രണ്ടാം മത്സരത്തില്‍ ലഖ്‌നൗ കൊല്‍ക്കത്തയെയും നേരിടും. ഇവിടെ ലഖ്‌നൗവിന് ആനുകൂല്യം ലഭിക്കുന്നുവെന്നാണ് ചോപ്ര പറയുന്നത്.
ചെന്നൈയുടെ റണ്‍റേറ്റ് മറികടക്കാന്‍ കൃത്യമായ കണക്കുകൂട്ടലുകളുമായി ലഖ്‌നൗവിന് ഇറങ്ങാന്‍ സാധിക്കും. മത്സരങ്ങള്‍ ഒരേസമയം നടത്തിയിരുന്നെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ലായിരുന്നുവെന്നും അടുത്ത സീസണ്‍ മുതല്‍ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ ഒരേസമയം നടത്തണമെന്നും ചോപ്ര ആവശ്യപ്പെട്ടു.