അംബാനി മുടക്കിയതിന്റെ ഒമ്പതിരട്ടി നിക്ഷേപം; ആരാണ് ലഖ്‌നൗ ടീമുടമ സഞ്ജീവ് ഗോയങ്ക?

അംബാനി മുടക്കിയതിന്റെ ഒമ്പതിരട്ടി നിക്ഷേപം; ആരാണ് ലഖ്‌നൗ ടീമുടമ സഞ്ജീവ് ഗോയങ്ക?

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വാങ്ങാന്‍ മുകേഷ് അംബാനി ചെലവഴിച്ചതിന്റെ ഒന്‍പതിരട്ടി തുക (7090 കോടി രൂപ) ചെലവഴിച്ചാണ് 2021 ഒക്ടോബറില്‍ സഞ്ജീവ് ഗോയങ്ക ലഖ്നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും എലിമിനേറ്ററില്‍ തോറ്റ് പുറത്തായിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആകെ രണ്ടു സീസണുകളാണ് അവര്‍ കളിച്ചത്. രണ്ടിലും പ്ലേ ഓഫില്‍ കടന്നെങ്കിലും കിരീടനേട്ടം സ്വപ്‌നമായി അവശേഷിക്കുന്നു. കഴിഞ്ഞ സീസണിലെ എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോടായിരുന്നു തോല്‍വിയെങ്കില്‍ ഇക്കുറി മുംബൈ ഇന്ത്യന്‍സിനോടായിരുന്നുവെന്ന വ്യത്യാസം മാത്രം.

ആര്‍പിഎസ്ജി ഗ്രൂപ്പിന്റെ ഉടമകൂടിയായ സഞ്ജീവ് ഗോയങ്കയാണ്‌ ലഖ്‌നൗ ടീമിന്റെ ഉടമ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വാങ്ങാന്‍ മുകേഷ് അംബാനി ചെലവഴിച്ചതിന്റെ ഒന്‍പതിരട്ടി തുക (7090 കോടി രൂപ) ചെലവഴിച്ചാണ് 2021 ഒക്ടോബറില്‍ സഞ്ജീവ് ഗോയങ്ക ലഖ്നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. പിന്നാലെ ഗോയങ്കെയുടെ സാമ്പത്തിക വളര്‍ച്ചയും ഐപിഎല്ലിനോടുള്ള പ്രതിബദ്ധതയും പലയിടങ്ങളില്‍ ചര്‍ച്ചാ വിഷയമായി.

ബിസിനസ് രംഗത്ത് മുകേഷ് അംബാനിയെ ഒരു മാതൃകയാക്കുന്ന വ്യക്തി കൂടിയാണ് സഞ്ജീവ് ഗോയങ്ക. മുകേഷ് അംബാനിയുടെ എക്‌സിക്യൂഷന്‍ വൈദഗ്ധ്യം, അനുകമ്പ, ജനങ്ങളിലേക്ക് എത്താനുള്ള കഴിവ് എന്നിവയെ താന്‍ ആരാധിക്കുന്നുണ്ടെന്ന് സഞ്ജീവ് ഗോയങ്ക അടുത്തിടെ വ്യക്തമാക്കിയതാണ്. മുകേഷ് അംബാനിയെ പോലെ ചിന്തിക്കാന്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ കഴിയൂ എന്നതാണ് അദ്ദേഹത്തോട് ആരാധന വളര്‍ത്തിയതെന്നും ഗോയങ്ക പറഞ്ഞിരുന്നു.

ആരാണ് സഞ്ജീവ് ഗോയങ്ക?

50,000 പേര്‍ തൊഴില്‍ ചെയ്യുന്ന ആര്‍ പി എസ്ജി ഗ്രൂപ്പിന്റെ തലവനാണ് സഞ്ജീവ് ഗോയങ്ക. കാര്‍ബണ്‍ ബ്ലാക്ക്, പവര്‍, ഐടി, റീട്ടെയില്‍ ഉല്‍പ്പന്നങ്ങള്‍, മീഡിയ, എന്റര്‍ടെയ്ൻമെന്റ്, കായികം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആര്‍ പി എസ്ജി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി ഖരഗ്പൂരിന്റെ ബോര്‍ഡിലും ഗോയങ്ക അംഗമായിരുന്നു. ഇക്കണോമിക് ടൈംസിന്റെ കണക്കനുസരിച്ച് ഏകദേശം 32,000 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഏകദേശം നാല് ബില്ല്യണ്‍ ഡോളറോളം വരും കമ്പനിയുടെ ആസ്തി. സഞ്ജീവ് ഗോയങ്കക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ ഹര്‍ഷ് ഗോയങ്കയും കോടികളുടെ ബിസിനസ് സാമ്രാജ്യത്തിനുടമയാണ്.

ഗോയങ്കയുടെ വിജയ ഗാഥ

കൊല്‍ക്കത്തയില്‍ ജനിച്ച സഞ്ജീവ് ഗോയങ്ക 1981ല്‍ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്നാണ് ബികോമില്‍ ബിരുദം പൂര്‍ത്തിയാക്കുന്നത്. ഇന്റീരിയര്‍ ഡിസൈനറായ പ്രീതിയെയാണ് സഞ്ജീവ് ഗോയങ്ക വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ശാശ്വത്, അവര്‍ണ എന്നീ രണ്ട് മക്കളാണുള്ളത്.

ഡല്‍ഹിയില്‍ ഏറ്റവും വലിയ ആഡംബര ബംഗ്ലാവിലാണ് സ്ഞ്ജയ് ഗോയങ്കയും കുടുംബവും കഴിയുന്നത്. ലുട്ടിയന്‍സ് ഏരിയയിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ് സ്‌പെന്‍സേഴ്‌സും സ്‌നാക്‌സ് ബ്രാന്‍ഡായ ടൂ യമ്മും. അതുമാത്രമല്ല, ഓപ്പണ്‍ മാസികയുടെ പിന്നിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 210 കോടി ഡോളറാണ്. അതായത് 17,199 കോടി രൂപ.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in