ട്വിറ്ററിന് പുതിയ സിഇഒ വരുന്നു; ലിൻഡ യാക്കറിനോ ആറാഴ്ചയ്ക്കുള്ളില്‍ ചുമതയലേൽക്കുമെന്ന് റിപ്പോർട്ട്
സാമൂഹിക മാധ്യമമായ ട്വിറ്ററിന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (CEO) കണ്ടെത്തിയതായി ഇലോൺ മസ്‌ക്. കമ്പനിക്ക് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ തിരഞ്ഞെടുത്തെന്നും താന്‍ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആയി തുടരുമെന്നും മസ്‌ക് ട്വീറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പുതിയ സിഇഒയുടെ പേര് മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്സലിലെ പരസ്യ സെയില്‍സ് എക്സിക്യൂട്ടീവായ ലിന്‍ഡ യാക്കറിനോയെയാണ് കമ്പനിയെ നയിക്കാന്‍ മസ്‌ക് തിരഞ്ഞെടുത്തതെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറാഴ്ചയ്ക്കുള്ളിൽ ലിൻഡ ചുമതലയേൽക്കുമെന്നാണ് വിവരം.
''എക്‌സ്/ട്വിറ്ററിനായി ഞാന്‍ ഒരു പുതിയ സിഇഒയെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവർ ആറ് ആഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും''- മസ്‌ക് ട്വീറ്റില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ റോളിലേക്ക് താന്‍ മാറുമെന്നും മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിലേക്ക് പുതിയൊരു മേധാവിയെ കണ്ടെത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഈ ജോലി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ താന്‍ സിഇഒ സ്ഥാനം രാജിവയ്ക്കുമെന്നും മസ്‌ക് അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം മിയാമിയില്‍ നടന്ന ഒരു പരസ്യ കോണ്‍ഫറന്‍സില്‍ പരസ്യ വ്യവസായ പ്രമുഖയായ യാക്കറിനോയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വാർത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബറിൽ 44 ബില്യൻ യുഎസ് ഡോളർ മുടക്കി ട്വിറ്റർ വാങ്ങിയതിന് പിന്നാലെയാണ് മസ്‌ക് സിഇഒ സ്ഥാനത്തെത്തിയത്. ഇതിനോടകം 7,500 ജീവനക്കാരില്‍ 75 ശതമാനത്തിലധികം പേരെയും മസ്‌ക് ഒഴിവാക്കി. ട്വിറ്ററിന്റെ മുന്‍ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചവയാണ്. ബ്ലൂ,ഗോള്‍ഡന്‍ ബാഡ്ജുകള്‍ക്ക് പണം ഈടാക്കാലും ട്വിറ്റര്‍ ലേഗോ മാറ്റിയതുമടക്കമുള്ള നിരവധി പരിഷ്‌കാരങ്ങള്‍ മസ്‌ക് ട്വിറ്ററില്‍ നടപ്പിലാക്കി. മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കലിന് ശേഷം ഉള്ളടക്ക നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുകയും പകുതിയിലധികം ജീവനക്കരെ പിരിച്ചുവിടുകയും ചെയ്തതോടെ നിരവധി പരസ്യദാതാക്കളാണ് ട്വിറ്ററില്‍ നിന്ന് പിന്മാറിയത്.