heli services in ladakh
(image courtesy)
heli services in ladakh (image courtesy)

ലഡാക്കിൽ ഇനി ഹെലികോപ്റ്ററിൽ കറങ്ങാം; വിനോദസഞ്ചാരികൾക്കായി സർവീസ്

പർവതനിരകളുടെ സൗന്ദര്യം ആസ്വദിച്ച് എല്ലാ ഭാ​ഗത്തും യാത്ര ചെയ്യാം
Updated on
1 min read

വിനോദസഞ്ചാരികളുടെ, പ്രത്യേകിച്ച് സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട പറുദീസയാണ് ലേ-ല‍ഡാക്ക്. ബൈക്കിലും വിമാനത്തിലുമൊക്കെ ല‍ഡാക്കിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. കടുത്ത തണുപ്പിനെ അവ​ഗണിച്ചെത്തുന്ന യാത്രക്കാർക്ക് പക്ഷേ ലഡാക്കിലെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരുക എളുപ്പമല്ല. അതിനൊരു പോംവഴിയുമായെത്തിയിരിക്കുകയാണ് ലഡാക്ക് അഡ്മിനിസ്ട്രേഷൻ. ല‍ഡാക്കിലെത്തുന്നവർക്ക് പർവതനിരകളുടെ സൗന്ദര്യം ആസ്വദിച്ച് എല്ലാ ഭാ​ഗത്തും യാത്ര ചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

വിനോദസഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും ഹെലികോപ്റ്റർ സേവനം ലഭ്യമാണ്.

വിനോദസഞ്ചാരികൾക്കായി ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിരിക്കുകയാണ് ലഡാക്കിലെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ്. ലേ, ദ്രാസ്, സൻസ്കർ, കാർ​ഗിൽ, പാഡും, ഡിബ്ലിം​ഗ്, ഡിസ്കിറ്റ്, ടുർടുക്ക്, നെയ്റക്, ശ്രീന​ഗർ, ജമ്മു തുടങ്ങിയ പ്രദേശങ്ങളിലാണ് തുടക്കത്തിൽ സർവീസ് ഉണ്ടാകുക. രണ്ട് ഹെലികോപ്റ്റർ ഉപയോ​ഗിച്ചാണ് ഇപ്പോൾ സർവീസ് നടത്തുക. അഞ്ച് സീറ്റുള്ള B-3 ഹെലികോപ്റ്ററും, ഒരു വലിയ Mi-172 ഹെലികോപ്റ്ററുമാണ് സർവീസിനായി ഉപയോ​ഗിക്കുന്നത്. സാമ്പത്തിക വികസനത്തിനായി ടൂറിസം പ്രോത്സാഹിപ്പിക്കുക, തദ്ദേശീയവാസികൾക്ക് തൊഴിൽ സൃഷ്ടിക്കുക, മെഡിക്കൽ ഇവാക്കുവേഷൻ, രക്ഷാപ്രവർത്തനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ലഡാക്ക് അഡ്മിനിസ്ട്രേഷൻ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിരിക്കുന്നത്.

tourists can avail heli services
(image courtesy)
tourists can avail heli services (image courtesy)

യാത്രക്കാരുടെ എണ്ണം, കാലാവസ്ഥ, മറ്റ് പ്രവർത്തന നിയന്ത്രണങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും ടിക്കറ്റിന്റെ ലഭ്യത. വിനോദസഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും ഹെലികോപ്റ്റർ സേവനം ലഭ്യമാണ്. സിവിൽ ഏവിയേഷൻ വിഭാ​ഗത്തിന്റെ ഉത്തരവ് പ്രകാരം പ്രദേശവാസികൾക്ക് ഹെലികോപ്റ്റർ സേവനം ലഭിക്കുന്നതിനുള്ള പ്രത്യേക നിരക്കുകൾ അഡ്മിനിസ്ട്രഷൻ തീരുമാനിച്ചിട്ടുണ്ട്.

ലഡാക്കിലെ താമസക്കാർ അല്ലാത്തവർക്കായി ലഡാക്ക് അഡ്മിനിസ്ട്രേഷൻ വെബ്സൈറ്റിൽ പ്രത്യേക ബുക്കിം​ഗ് സംവിധാനവും ലഭ്യമാണ്. ഹെലികോപ്റ്റർ സവാരി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് https://heliservice.ladakh.gov.in/about എന്ന വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.

logo
The Fourth
www.thefourthnews.in