'മൂലക്കുരു ബാധിച്ചതിനാല്‍ അവധി വേണം'; തെളിവ് ചോദിച്ച മാനേജർക്ക് ചിത്രം അയച്ചുകൊടുത്ത് ജീവനക്കാരന്‍
മൂലക്കുരു ബാധിതനായ ജീവനക്കാരന് അവധി നൽകണമെങ്കിൽ തെളിവുവേണമെന്നു പറഞ്ഞ കമ്പനി മാനേജർക്കും മേധാവിക്കും തന്റെ പൃഷ്ഠഭാഗത്തിന്റെ ചിത്രം അയച്ചുകൊടുത്ത് തൊഴിലാളി. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ റെഡ്‌ഡിറ്റിലൂടെയാണ് ജീവനക്കാരൻ ഈ കാര്യം അറിയിച്ചത്.
തനിക്ക് ഹെമറോയിഡ് (മൂലക്കുരു) ഉള്ളതിനാൽ ജോലിക്കുവരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവധി നൽകണമെന്നും മാനേജരെ അറിയിച്ചപ്പോൾ രോഗമുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുവേണമെന്നായിരുന്നു മാനേജറുടെ മറുപടി.
തുടർന്ന് താൻ രോഗബാധിതനാണെന്നു തെളിയിക്കാൻ തന്റെ പൃഷ്ഠഭാഗത്തിന്റെ ചിത്രം മാനേജർക്ക് അയച്ചു നൽകുകയായിരുന്നുവെന്നാണ് ജീവനക്കാരൻ പറയുന്നത്. ഇത്തരത്തിൽ ചിത്രങ്ങൾ അയച്ചുനൽകുന്നത് ഏതെങ്കിലും കമ്പനിയുടെ നിയമങ്ങൾ അനുസരിച്ച് തെറ്റാണോയെന്ന് തനിക്ക് അറിയില്ലെന്നും ജീവനക്കാരൻ പറയുന്നു.
"ഇപ്പോൾ ചിന്തിക്കുമ്പോൾ ഞാൻ ഏതെങ്കിലും നിയമം ലംഘിച്ചോയെന്ന് അറിയില്ല. എച്ച് ആർ ഉൾപ്പെടെയുള്ള കമ്പനി അധികൃതർ ഈ വിവരം പോലീസിനെയോ മറ്റോ അറിയിച്ചാൽ ഞാൻ പ്രശ്നത്തിലാകുമോ?" എന്ന സംശയമാണ് റെഡ്‌ഡിറ്റിലൂടെ ജീവനക്കാരൻ ചോദിച്ചത്.
തെളിവ് ആവശ്യപ്പെട്ടപ്പോൾ തന്റെ അസുഖത്തെ സംബന്ധിക്കുന്ന രേഖകൾ ഹാജരാക്കുന്നതിനു പകരമാണ് ജീവനക്കാരൻ ചിത്രം അയച്ചുകൊടുത്തത്.