ഇസ്രയേൽ ക്രൂരതയിൽ പൊലിഞ്ഞത് ഒരുകുടുംബത്തിലെ 17 ജീവനുകൾ; വെടിനിർത്തൽ ചർച്ചകൾക്കിടയിലും ആക്രമണം കടുപ്പിക്കുന്നു
ശനിയാഴ്ച ഗാസ പട്ടണമായ സവേദയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ 17 പേർ. മരിച്ചവരില്‍ എട്ട് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് ഗാസന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിനിർത്തൽ ചർച്ചകളിൽ പുരോഗതി ഉണ്ടായെന്ന റിപ്പോർട്ടുകൾക്കിടയിലും ഗാസയിലെ വിവിധ മേഖലകളിൽ പലായന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ഇസ്രയേൽ.
'അവര്‍ അവരുടെ കട്ടിലില്‍ ഉറങ്ങുകയായിരുന്നു, കുട്ടികളും കുഞ്ഞുങ്ങളുമുണ്ടായിരുന്നു, മൂന്ന് മിസൈലുകള്‍ അവരുടെ സ്ഥലം ലക്ഷ്യമാക്കിയെത്തി,' അയല്‍വാസിയായ അബു അഹമ്മദ് ഹസ്സന്‍ പറഞ്ഞു. വീടിന്റെ ഉടമ അറിയപ്പെടുന്ന വ്യാപാരിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സൈനിക പ്രവര്‍ത്തനങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തങ്ങളുടെ സൈനികര്‍ക്ക് നേരെ റോക്കറ്റുകള്‍ തൊടുത്ത പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആരോപണം. സംഭവം അവലോകനം ചെയ്യുകയാണെന്നും അവര്‍ പ്രതികരിച്ചു.
സവയ്ദയ്ക്ക് സമീപമുള്ള മഗാസി ജില്ല ഉള്‍പ്പെടെയുള്ള മധ്യ ഗാസയിലെ ചില ഭാഗങ്ങളില്‍ ആളുകള്‍ക്ക് നിയുക്ത മാനുഷിക മേഖലയിലേക്ക് മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ എക്‌സില്‍ അറബി ഭാഷയില്‍ ഇസ്രയേല്‍ സൈനിക വക്താവ് പോസ്റ്റ് ചെയ്തിരുന്നു. ഈ സ്ഥലങ്ങളില്‍ നിന്ന് തീവ്രവാദികള്‍ റോക്കറ്റ് തൊടുത്തുവിടുന്നുണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈന്യം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒഴിപ്പിക്കാന്‍ ഉത്തരവിട്ടവരുടെ കൂട്ടത്തില്‍ സവയ്ദയുടെ ഏതെങ്കിലും പ്രദേശങ്ങളുണ്ടോയെന്നും അവിടെയുള്ള ആളുകള്‍ക്ക് സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ റോയിട്ടേഴ്സിന് ഉടന്‍ കഴിഞ്ഞില്ല. ആയിരങ്ങള്‍ മഗാസിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതായി താമസക്കാര്‍ പറഞ്ഞു.
ഇസ്രയേല്‍ മാനുഷിക മേഖലയായി നിശ്ചയിച്ചിട്ടുള്ള തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന്റെ രണ്ട് ഭാഗങ്ങള്‍ അപകടകരമാണെന്നും അവിടെ നിന്ന് തീവ്രവാദികള്‍ പതിവായി റോക്കറ്റുകള്‍ തൊടുത്തുവിടുന്നുണ്ടെന്നും പറഞ്ഞ് ആളുകളെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം ശനിയാഴ്ച ഉത്തരവിട്ടു. മാനുഷിക മേഖലകള്‍ക്ക് പുറത്തുള്ള എന്‍ക്ലേവിന്റെ മറ്റ് പ്രദേശങ്ങളും ഉള്‍പ്പെടുത്തിയ ഈ ഉത്തരവുകള്‍ 170,000 കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ബാധിച്ചതായി യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ) അറിയിച്ചു.
'സോണിനെ ബാധിക്കുന്ന ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ഓര്‍ഡറുകളില്‍ ഒന്നാണിത്, ഇത് 'മാനുഷിക മേഖല' യുടെ വലുപ്പം ഏകദേശം 41 ചതുരശ്ര കിലോമീറ്ററായി അല്ലെങ്കില്‍ ഗാസ മുനമ്പിന്റെ മൊത്തം വിസ്തൃതിയുടെ 11 ശതമാനമായി ചുരുക്കുന്നു,' ഒസിഎച്ച്എ റിപ്പോര്‍ട്ട് പറഞ്ഞു. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ ഭൂരിഭാഗവും 10 മാസത്തെ ഇസ്രയേലി ആക്രമണത്താല്‍ കുടിയിറക്കപ്പെട്ടതോടെ എന്‍ക്ലേവിന്റെ ഭൂരിഭാഗവും ഒഴിഞ്ഞ അവസ്ഥയിലായി.
എന്‍ക്ലേവിന്റെ മധ്യഭാഗത്ത്, ലക്ഷക്കണക്കിന് പലസ്തീനികള്‍ അഭയം പ്രാപിക്കുന്ന ദേര്‍ അല്‍-ബാലയുടെ കിഴക്കന്‍ പ്രദേശത്തേക്ക് ശനിയാഴ്ച ഇസ്രയേലി ടാങ്കുകള്‍ കൂടുതല്‍ മുന്നേറിയതായി താമസക്കാര്‍ പറഞ്ഞു. മധ്യ, തെക്കന്‍ ഗാസയില്‍ നിന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടവരുള്‍പ്പെടെ ഡസന്‍ കണക്കിന് തീവ്രവാദികളെ വെള്ളിയാഴ്ച മുതല്‍ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രയേലിന്‌റെ അവകാശവാദം.
ഇതിനിടെ, അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വെള്ളിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും കരാര്‍ തേടി അടുത്തയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
ഇസ്രയേലിന്റെ ആക്രമണത്തില്‍ 40,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്ന് ഗാസ ആരോഗ്യ അധികാരികള്‍ പറഞ്ഞു.