അഭയകേന്ദ്രങ്ങള്‍ക്ക് നേരേ ആക്രമണം തുടരുന്നു; ഖാന്‍ യൂനിസ് ഒഴിയണമെന്ന് ഇസ്രയേല്‍, പലായന ഉത്തരവുകള്‍ വിപുലീകരിച്ചു
പലസ്തീനിലെ സുരക്ഷിതമേഖലകളും അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളുകളും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രണം തുടരുന്നതിനിടെ പലായനം ഉത്തരവുകള്‍ വിപുലീകരിച്ച് ഇസ്രയേല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ഒറ്റ രാത്രികൊണ്ട് ഒഴിപ്പിക്കല്‍ നടപടികള്‍ ഇസ്രയേല്‍ വിപുലീകരിച്ചിരിക്കുകയാണ്. ഇത് പതിനായിരിക്കണക്കിന് പലസ്തീനികളെയും കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെയും സ്ഥിതി അരക്ഷിതാവസ്ഥയിലാക്കി.
ഇന്നലെ രാവിലെ കിഴക്കന്‍ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ദരാജ് ഏരിയയിലെ അല്‍-താബിന്‍ സ്‌കൂളിനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മുമ്പ് പലസ്തീന്‍ പോരാളികളുമായി യുദ്ധം ചെയ്തിരുന്ന പ്രദേശങ്ങളിലേക്ക് തങ്ങളുടെ സൈന്യം തിരിച്ചെത്തിയതിനാല്‍ ഇസ്രയേല്‍ കൂട്ടപലായനത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2.3 ദശലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും പത്ത് മാസത്തെ യുദ്ധം കാരണം പല പ്രാവശ്യം പലായനം ചെയ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ സൗകര്യങ്ങളില്ലാത്ത വൃത്തിഹീനമായ കൂടാര ക്യാമ്പുകളിലും ശനിയാഴ്ച ആക്രണം നടന്ന സ്‌കൂള്‍ പോലുള്ളവയിലും തിങ്ങി പാര്‍ക്കുന്നുണ്ട്. ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഒരിക്കലും സുരക്ഷിതരല്ലെന്ന് പലസ്തീനികള്‍ പറയുന്നു.
റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി സൈന്യം പറഞ്ഞ ഇസ്രയേല്‍ പ്രഖ്യാപിച്ച മാനുഷിക മേഖലയുടെ ഭാഗം ഉള്‍പ്പെടെയുള്ള ഖാന്‍ യൂനിസിലെ പ്രദേശങ്ങള്‍ക്ക് ഏറ്റവും പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ബാധകമാണ്. ഹമാസും മറ്റ് തീവ്രവാദികളും സിവിലിയന്‍മാര്‍ക്കിടയില്‍ ഒളിച്ചിരിക്കുകയാണെന്നും പാര്‍പ്പിട പ്രദേശങ്ങളില്‍നിന്ന് ആക്രമണം നടത്തുന്നതായും ഇസ്രയേല്‍ ആരോപിക്കുന്നു.
ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസിന് ഈ വര്‍ഷം ആദ്യം വ്യോമ-കര ആക്രമണത്തിനിടെ വ്യാപക നഷ്ടമുണ്ടായിരുന്നു. നേരത്തേയുള്ള ഒഴിപ്പിക്കല്‍ ഉത്തരവിനെത്തുടര്‍ന്ന് പതിനായിരങ്ങള്‍ കഴിഞ്ഞ ആഴ്ച വീണ്ടും പലായനം ചെയ്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ തങ്ങളുടെ സാധനങ്ങള്‍ കൈകളില്‍ ചുമന്ന് ഇന്ന് പുലര്‍ച്ചെ വീടുകളും അഭയകേന്ദ്രങ്ങളും ഉപേക്ഷിച്ച് പിടികൊടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അഭയകേന്ദ്രങ്ങള്‍ തേടുകയാണ്.
'നിങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങള്‍ പുതുതായി സൃഷ്ടിച്ച മാനുഷിക മേഖലയിലേക്ക് ഉടന്‍ മാറണം, നിങ്ങള്‍ താമസിക്കുന്ന പ്രദേശം അപകടകരമായ പോരാട്ട മേഖലയായി കണക്കാക്കപ്പെടുന്നു' - എക്‌സിലെ പോസ്റ്റിലും താമസക്കാരുടെ ഫോണുകളിലേക്ക് വന്ന ഓഡിയോ ടെക്‌സ്റ്റ് സന്ദേശങ്ങളിലും പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസിന്‌റെ മുപ്പതോളം സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം പറയുന്നു. മിലിട്ടറി സ്ട്രക്‌ചേഴ്‌സ്, ആന്‌റി ടാങ്ക് മിസൈല്‍ ലോഞ്ച് പോസ്റ്റ്, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.