ലെബനനിലേക്ക് 40 മിസൈല്‍ തൊടുത്ത് ഇസ്രയേല്‍; 320 റോക്കറ്റുകള്‍കൊണ്ട് ഹിസ്ബുള്ളയുടെ തിരിച്ചടി, സംഘർഷം രൂക്ഷം
ഇസ്രയേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഹിസ്‌ബുള്ള. ഇസ്രയേലിലേക്ക് 320 കത്യുഷ റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്‌ബുള്ള അറിയിച്ചു. ലെബനനില്‍ നിന്നായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. തങ്ങളുടെ സൈനിക കമാൻഡർ ഫുഅദ് ശുക്കറിനെ വധിച്ചതിനുള്ള മറുപടിയാണെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുള്ള വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു തിരിച്ചടി.
ഹിസ്ബുള്ളയുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ അടുത്ത 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഇസ്രയേലിന്റെ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഗാലന്റ് അമേരിക്കൻ പ്രതിരോധമന്ത്രി ലോയ്‌ഡ് ഓസ്റ്റിനുമായും സംസാരിച്ചു.
ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരായ ഭീഷണി ഒഴിവാക്കുന്നതിനായി ലെബനനില്‍ കൃത്യമായ ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. ബെയ്‌റൂട്ടിലെ വികസനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇസ്രയേല്‍ ജനതയെ ഏത് വിധേനയും സംരക്ഷിക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്, ഗാലന്റിന്റെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു.
ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ കരുത്താർജിച്ച പശ്ചാത്തലത്തില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ സമിതി വക്താവ് സീൻ സാവെറ്റ് അറിയിച്ചു.
വൈകുന്നേരം മുഴുവനും ദേശീയ സുരക്ഷാ ടീമുമായി അദ്ദേഹം ആശയവിനിമയം നടത്തി. പ്രസിഡന്റിന്റെ നിർദേശപ്രകാരം ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇസ്രയേലുമായി ബന്ധപ്പെടുന്നുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തില്‍ ഇസ്രയേലിന് പൂർണമായ പിന്തുണ ഞങ്ങള്‍ നല്‍കും, സാവെറ്റ് വ്യക്തമാക്കി.
നിലവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതലയോഗം ചേരുകയാണെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യോഗം നടക്കുന്ന സ്ഥലം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്താൻ തയാറെടുക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതിന് മറുപടിയായി 40 ഉപരിതല മിസൈലുകളാണ് ഇസ്രയേല്‍ തൊടുത്തിരിക്കുന്നത്. ഇസ്രയേലിലെ ജനങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് ഹിസ്ബുള്ള ആക്രമണം ലോഞ്ച് ചെയ്യാൻ തീരുമാനിച്ച സ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമിച്ചതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.