അല്‍ ഷിഫ ആശുപത്രിക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ്; വളഞ്ഞ് ഇസ്രയേല്‍ സൈന്യം

അല്‍ ഷിഫ ആശുപത്രിക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ്; വളഞ്ഞ് ഇസ്രയേല്‍ സൈന്യം

അല്‍ ഷിഫ ആശുപത്രി ഐഡിഎഫ് സേനാംഗങ്ങള്‍ വളഞ്ഞിരിക്കുകയാണ്

ഗാസയിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഏറ്റവും വലിയ ആശുപത്രിയിയായ അല്‍ ഷിഫയ്ക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീന്‍ ആരോഗ്യമന്ത്രി മയ് അല്‍ കൈല പറഞ്ഞു. 'ഇതൊരു നിരോധിച്ച ആയുധമാണ്. ആശുപത്രിക്ക് നേരെ ഈ ബോംബ് പ്രയോഗിക്കാന്‍ ആരാണ് അവകാശം നല്‍കിയത്?'- കൈല ചോദിച്ചു.

അല്‍ ഷിഫ ആശുപത്രി ഐഡിഎഫ് സേനാംഗങ്ങള്‍ വളഞ്ഞിരിക്കുകയാണ്. മെഡിക്കല്‍ കോംപ്ലക്‌സിനെ ഇസ്രയേല്‍ സേന പൂര്‍ണമായി ഒറ്റപ്പെടുത്തിയെന്നും ആളുകളെ ലക്ഷ്യംവയ്ക്കുകയാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഷിഫയെ ലക്ഷ്യംവച്ചുള്ള ഇസ്രയേല്‍ ആക്രമണത്തിന് എതിരെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും രംഗത്തെത്തി. ആശുപത്രിയിലെ രോഗികളെക്കുറിച്ചും ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ചും തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്ന് സംഘടന പറഞ്ഞു.

അല്‍ ഷിഫ ആശുപത്രിക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ്; വളഞ്ഞ് ഇസ്രയേല്‍ സൈന്യം
ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രയേൽ- ഹമാസ് ചർച്ചകൾ: സാധാരണക്കാര്‍ക്കും വിദേശികള്‍ക്കും മുൻഗണന

'കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അല്‍ ഷിഫ ആശുപത്രിക്ക് നേരേയുള്ള ആക്രമണം നാടകീയമായി വര്‍ധിച്ചിരിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ആശുപത്രിയിലെ ഞങ്ങളുടെ ജീവനക്കാര്‍ ഒരു ദുരന്ത സാഹര്യം റിപ്പോര്‍ട്ട് ചെയ്തു.'-സംഘടന അറിയിച്ചു.

എന്താണ് വൈറ്റ് ഫോസ്ഫറസ് ബോംബ്?

നേരത്തെയും ഗാസയിലെ ജനവാസ മേഖലയില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പട്ട ആയുധമാണിത്.

വെളുത്തുള്ളിയുടെ മണമുള്ള, മെഴുക് പോലുള്ള രാസപദാര്‍ഥമാണ് ഫോസ്ഫറസ്. പെട്ടെന്ന് കത്തുന്ന രാസവസ്തുവാണിത്. വായുവുമായി കൂടിക്കലരുമ്പോള്‍ ഫോസ്ഫറസ് വളരെ അധികം തിളക്കത്തിലും വേഗത്തിലും കത്തുന്നു. ഈ രാസപ്രവര്‍ത്തനം പെട്ടെന്നുള്ള ചൂടും വെളിച്ചവും പുകയും ഉണ്ടാക്കുന്നത് കാരണം യുദ്ധസമയത്ത് പുകമറ സൃഷ്ടിക്കാന്‍ സേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഗുരുതരമായി പൊള്ളലേല്‍ക്കാന്‍ കാരണമാകുന്നത് കൂടിയാണ് വൈറ്റ് ഫോസ്ഫറസ്.

ഒരിക്കല്‍ കത്തിക്കഴിഞ്ഞാല്‍ വൈറ്റ് ഫോസ്ഫറസ് ചര്‍മത്തിലും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് കോശങ്ങളിലേക്കും എല്ലുകളിലേക്കും ആഴത്തില്‍ തുളച്ചുകയറുന്ന തരത്തിലുള്ള പൊള്ളലിന് കാരണമാകുന്നു. ഇതുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് ശ്വാസതടസം, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും മരണത്തിലേക്ക് നയിക്കാനും ഇടയാകും.

അല്‍ ഷിഫ ആശുപത്രിക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ്; വളഞ്ഞ് ഇസ്രയേല്‍ സൈന്യം
ഹമാസിന്റെ തുരങ്കങ്ങളിലേക്കുള്ള വഴി കണ്ടെത്താനാകാതെ ഇസ്രയേൽ : വെല്ലുവിളികൾ എന്തൊക്കെ?

ന്യായീകരണമില്ലെന്ന് മാക്രോണ്‍

ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഏറുകയാണ്. സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും കൊല്ലുന്ന നടപടിയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഗാസയില്‍ താത്ക്കാലിക മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, ഇമ്മാനുവല്‍ മാക്രോണും ആക്രമണത്തിന് എതിരെ രംഗത്തെത്തിയത്.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുമ്പോഴും ബോംബാക്രമണത്തിന് ന്യായീകരണമില്ല. പ്രാഥമികമായി താത്ക്കാലിക മാനുഷിക വെടിനിര്‍ത്തല്‍ അല്ലാതെ മറ്റൊരു പരിഹാരവുമില്ല. ഭീകരവാദികളുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരെ സംരക്ഷിക്കാന്‍ വെടിനിര്‍ത്തല്‍ സഹായിക്കും'- മാക്രോണ്‍ പറഞ്ഞു.

സാധാരണക്കാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെടുന്നു. അതിനാല്‍, ഞങ്ങള്‍ ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെടുകയാണ്'- ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, മാക്രോണിന്റെ പ്രതികരണത്തിന് എതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ലോക നേതാക്കള്‍ ഹമാസിനെയാണ് വിമര്‍ശിക്കേണ്ടതെന്നും ഇസ്രയേലിനെ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഗാസയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഹമാസ്, നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്ത് എവിടെവേണമെങ്കിലും അത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in